അശ്വിന്‍റെ ക്ഷണം; പൂജാര ക്ലബ് ക്രിക്കറ്റ് കളിക്കാന്‍ ചെന്നൈയില്‍ പറന്നെത്തി!

By Web TeamFirst Published Mar 13, 2019, 2:35 PM IST
Highlights

അവധിക്കാലം വെറുതെയിരുന്ന് കളയാന്‍ പൂജാര തയ്യാറല്ല. ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍റെ ക്ലബായ എം ആര്‍ സിയില്‍ കളിക്കാന്‍ പൂജാര ചെന്നൈയിലെത്തി.  

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടാം വന്‍മതിലാണ് ചേതേശ്വര്‍ പൂജാര. എന്നാല്‍ ഒരു ഫോര്‍മാറ്റില്‍ മാത്രമാണ് താരമിപ്പോള്‍ കളിക്കുന്നത്. ടെസ്റ്റ് സ്‌പെഷലിസ്റ്റ് ബാറ്റ്സ്‌മാനായ പൂജാരയ്ക്ക് അതിനാല്‍ തന്നെ ഒഴിവുസമയം കൂടുതലുണ്ട്. എന്നാല്‍ ഈ സമയം വെറുതെയിരുന്ന് കളയാന്‍ ഇന്ത്യന്‍ താരം തയ്യാറല്ല. ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍റെ ക്ലബായ എം ആര്‍ സിയില്‍ കളിക്കാന്‍ പൂജാര ചെന്നൈയിലെത്തി.  

തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍റെ ഫസ്റ്റ് ലീഗില്‍ കളിക്കുന്ന ക്ലബാണ് എം ആര്‍ സി. ക്രോംബെസ്റ്റ് ക്ലബിനെതിരെ 162 റണ്‍സെടുത്ത് തമിഴ്‌നാട്ടിലേക്കുള്ള വരവ് പൂജാര ആഘോഷമാക്കുകയും ചെയ്തു. പരിശീലനത്തിനും ടച്ച് നിലനിര്‍ത്താനുമാണ് ക്ലബ് ക്രിക്കറ്റില്‍ കളിക്കുന്നതെന്ന് പൂജാര പറയുന്നു. ക്ലബിനായി നിര്‍ണായക മത്സരത്തില്‍ കളിക്കാന്‍ അശ്വിന്‍റെ ക്ഷണം സ്വീകരിക്കുകയായിരുന്നു താരം. 

ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരിസ് പുരസ്‌കാരം നേടി ക്രിക്കറ്റ് ലോകത്തെ വിസ്‌മയിപ്പിച്ച താരമാണ് പൂജാര. മൂന്ന് സെഞ്ചുറി നേടിയ പൂജാരയുടെ മികവില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടി. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടിയിരുന്നു പൂജാര. അടുത്തിടെ സയിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ സൗരാഷ്ട്രക്കായി സെഞ്ചുറി നേടിയതും ശ്രദ്ധേയമാണ്. 

click me!