സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിനുള്ള മുംബൈ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. ശ്രേയസ് അയ്യരുടെ അഭാവത്തിലാണ് അഞ്ചു മാസത്തിന് ശേഷം തിരിച്ചെത്തുന്ന സൂര്യകുമാറിനെ നായകനായി തെരഞ്ഞെടുത്തത്.
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിനുള്ള മുംബൈ ടീമിനെ ഇന്ത്യൻ ടി20 ടീം മുന്‍ ക്യാപ്റ്റനായ സൂര്യകുമാർ യാദവ് നയിക്കും. അഞ്ചു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂര്യകുമാർ വീണ്ടും മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. നവംബർ 14-നാണ് ടൂർണമെന്റിന് തുടക്കമാകുന്നത്. ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ഹൈദരാബാദ്, ഒഡിഷ, ഉത്തരാഖണ്ഡ്, വിദർഭ എന്നിവരടങ്ങുന്ന എലൈറ്റ് ഗ്രൂപ്പ് ഡിയിലാണ് മുംബൈ ഉൾപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ ടീമിനൊപ്പമുള്ള ശ്രേയസ് അയ്യരുടെ അഭാവത്തിലാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സൂര്യകുമാർ യാദവിനെ മുംബൈ വീണ്ടും നായകസ്ഥാനത്തേക്ക് പരിഗണിച്ചത്. സൂര്യകുമാറിന്റെ അന്താരാഷ്ട്ര തലത്തിലെ പരിചയസമ്പത്തും ആക്രമണോത്സുക ബാറ്റിങ് ശൈലിയും ടീമിന് വലിയ കരുത്താകുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഓൾ റൗണ്ടർ ശിവം ദുബെയും കൈയിലെ പരിക്കിൽ നിന്ന് മോചിതനായി ഷാർദുൽ താക്കൂറും മുംബൈ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. മുംബൈയെ നയിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും നഗരത്തിന്റെ കായിക പാരമ്പര്യം നിലനിർത്താൻ ടീം ഒത്തൊരുമയോടെ പോരാടുമെന്നും സൂര്യകുമാർ പറഞ്ഞു. സർഫറാസ് ഖാനും സഹോദരൻ മുഷീർ ഖാനും മുംബൈ ടീമിലിടം നേടിയിട്ടുണ്ട്. നവംബർ 14-ന് കൊൽക്കത്തയിൽ ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അംഗ്രിഷ് രഘുവംശി, ദിവ്യാൻഷ് സക്സേന, സുവേദ് പാർക്കർ, മുഷീർ ഖാൻ, സർഫറാസ് ഖാൻ, സായിരാജ് പാട്ടീൽ, ശിവം ദുബെ, അഥർവ അങ്കോലേക്കർ, ഷംസ് മുലാനി, മാക്സ്വെൽ സ്വാമിനാഥൻ, തുഷാർ ദേശ്പാണ്ഡെ, ഷാർദുൽ താക്കൂർ, മോഹിത് അവസ്തി, സിൽവസ്റ്റർ ഡിസൂസ, ഹാർദിക് ടമോെറെ (വിക്കറ്റ് കീപ്പർ).











