'ഞാന്‍ സെവാഗോ വാര്‍ണറോ അല്ല'; സ്ട്രൈക്ക് റൈറ്റ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പൂജാര

By Web TeamFirst Published Mar 19, 2020, 10:19 PM IST
Highlights

ബംഗാളിനെതിരായ രഞ്ജി ഫൈനലില്‍ പൂജാര 66 റണ്‍സെടുക്കാനായി 237 പന്തുകള്‍ നേരിട്ടതിനെതിരെയും വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

രാജ്കോട്ട്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അമിത പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്തുവെന്ന ആരോപണത്തിന് മറുപടി നല്‍കി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ടെസ്റ്റ് ക്രിക്കറ്റില്‍ മതിയായ സമയമെടുത്ത് ബാറ്റ് ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും തനിക്ക് വീരേന്ദര്‍ സെവാഗിനെയോ ഡേവിഡ് വാര്‍ണറെയോ പോലെ ബാറ്റ് ചെയ്യാനാവില്ലെന്നും പൂജാര പറഞ്ഞു.

എന്റെ ബാറ്റിംഗ് സ്ട്രൈക്ക് റേറ്റിനെച്ചൊല്ലി മാധ്യമങ്ങളിലും പുറത്തും ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് വെച്ചാല്‍ എന്റെ ബാറ്റിംഗ് ശൈലിക്ക് ടീം മാനേജ്മെന്റിന്റെ പൂര്‍ണ പിന്തുണയുണ്ട്. ബാറ്റിംഗ് ശൈലി മാറ്റാനായി ക്യാപ്റ്റനില്‍ നിന്നോ പരിശീലകനില്‍ നിന്നോ എന്റെ മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചര്‍ച്ചവരുമ്പോള്‍
ടീം മാനേജ്മെന്റ് എന്നോട് ഇക്കാര്യം സൂചിപ്പിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ അത്തരത്തിലൊരു സംഭവമേയില്ല. എന്റെ ബാറ്റിംഗ് ശൈലിയെക്കുറിച്ച് ടീം മാനേജ്മെന്റിന് നല്ല ബോധ്യമുണ്ട്.

അടുത്തിടെ നടന്ന രഞ്ജി ഫൈനലിലും എന്റെ മെല്ലെപ്പോക്കിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ കുറേചോദ്യങ്ങളുയര്‍ന്നിരുന്നു. അത്തരം അഭിപ്രായങ്ങള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. ടീമിനെ ജയിപ്പിക്കുക എന്നതാണ് എന്റെ ജോലി. ഞാന്‍ റണ്‍സ് സ്കോര്‍ ചെയ്തിട്ടുള്ള പരമ്പരകളില്‍ എതിര്‍ ടീം ബാറ്റ്സ്മാന്‍മാരുടെ സ്ട്രൈക്ക് റേറ്റും താരതമ്യം ചെയ്ത് നോക്കു. അവരും അതുപോലെ ഒരുപാട് പന്ത് കളിച്ചിട്ടുള്ളവരാകും.

എനിക്കറിയാം സെവാഗിനെയോ വാര്‍ണറെയോ പോലെ അതിവേഗം റണ്‍സടിക്കാന്‍ കഴിയുന്ന ബാറ്റ്സ്മാനല്ല ഞാനെന്ന്. സാധാരണ ഒരു ബാറ്റ്സ്മാന്‍ എടുക്കുന്ന സമയമെ ക്രീസില്‍ ഞാനും എടുക്കുന്നുള്ളു-പൂജാര പറഞ്ഞു. ബംഗാളിനെതിരായ രഞ്ജി ഫൈനലില്‍ പൂജാര 66 റണ്‍സെടുക്കാനായി 237 പന്തുകള്‍ നേരിട്ടതിനെതിരെയും വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

click me!