ക്രിക്കറ്റ് ലോകകപ്പ് കാണാന്‍ വിനോദ് റായിയും സംഘവും ലണ്ടനിലേക്ക്; ഇരട്ടത്താപ്പെന്ന് ആരോപണം

By Web TeamFirst Published Apr 11, 2019, 1:22 PM IST
Highlights

നേരത്തേ ത്രിരാഷ്ട്ര പരന്പരയിലെ മത്സരങ്ങള്‍ കാണാനായി ശ്രീലങ്കയിലേക്ക് പോകാന്‍ അനുമതി തേടി ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി നൽകിയ അപേക്ഷ വിനോദ് റായി സമിതി തള്ളിയിരുന്നു.

മുംബൈ: ബിസിസിഐയിൽ വിനോദ് റായി സമിതിയുടെ ഇരട്ടത്താപ്പിന് പുതിയ ഉദാഹരണം. ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനായി ബിസിസിഐയുടെ ചെലവില്‍ ഇംഗ്ലണ്ടിലേക്ക് പോകാന്‍, വിനോദ് റായിയും ഇടക്കാലഭരണസമിതിയിലെ മറ്റംഗങ്ങളും തീരുമാനിച്ചു. വിനോദ് റായിക്ക് പുറമേ , സമിതി അംഗങ്ങളായ ഡയാന എഡുൽജി , രവി തോഡ്ജേ , ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി എന്നിവര്‍ക്കാണ് യാത്രാനുമതി. ഇവര്‍ പങ്കെടുത്ത യോഗം തന്നെയാണ് അനുമതി നല്‍കിയത്.

നേരത്തേ ത്രിരാഷ്ട്ര പരന്പരയിലെ മത്സരങ്ങള്‍ കാണാനായി ശ്രീലങ്കയിലേക്ക് പോകാന്‍ അനുമതി തേടി ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി നൽകിയ അപേക്ഷ വിനോദ് റായി സമിതി തള്ളിയിരുന്നു. ഭാരവാഹികള്‍ മത്സരം കാണുന്നതുകൊണ്ട് പ്രയോജനമില്ലെന്നായിരുന്നു അന്ന് സമിതിയുടെ നിലപാട്.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ കാണാന്‍ അമിതാഭ് ചൗധരി അനുമതി തേടിയപ്പോഴും വിനോദ് റായ് സമിതി ഇതേ നിലപാടാണ് സ്വീകരിച്ചത്. സ്വന്തം ചെലവില്‍ പോകാമെന്നായിരുന്നു വിനോദ് റായ് സമിതി അന്ന് അമിതാഭ് ചൗധരിയോട് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അമിതാഭ് ചൗധരി ഭൂട്ടാന്‍ സന്ദര്‍ശിച്ചപ്പോഴും വിനോദ് റായ് സമിതി അദ്ദേഹത്തോട് വിദശീകരണം തേടിയിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടക്കാലഭരണസിമിതി യോഗത്തിലാണ് സമിതി അംഗങ്ങള്‍ക്ക് ബിസിസിഐ ചെലവില്‍ ലോകകപ്പ് കാണാന്‍ അനുമതി നല്‍കിയത്. നേരത്തെ വിരുദ്ധ നിലപാടെടുത്ത സമിതി സ്വന്തംകാര്യം വന്നപ്പോള്‍ നിലപാട് മാറ്റിയത് ക്രിക്കറ്റ് ലോകത്ത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

click me!