
ജയ്പൂര്‍: കൂച്ച് ബെഹാർ ട്രോഫിയുടെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ രാജസ്ഥാൻ ഏഴ് വിക്കറ്റിന് 457 റൺസെന്ന നിലയിൽ. രാജസ്ഥാന് ഇപ്പോൾ 309 റൺസിന്‍റെ ലീഡുണ്ട്. കേരളത്തിന്‍റെ ആദ്യ ഇന്നിങ്സ് 148 റൺസിന് അവസാനിച്ചിരുന്നു. ജയ്പ്പൂരിലെ സവായ് മാൻ സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ട് വിക്കറ്റിന് 71 റൺസെന്ന നിലയിൽ വ്യാഴാഴ്ച കളി തുടങ്ങിയ രാജസ്ഥാന് തുടരെ രണ്ട് വിക്കറ്റുകൾ നഷ്ടമായത് കേരളത്തിന് പ്രതീക്ഷ നൽകി.
എബിന്‍ ലാലാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. എന്നാൽ തുടർന്നുള്ള കൂട്ടുകെട്ടുകൾ രാജസ്ഥാനെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. ആകാശ് മുണ്ടലും അനസും ചേർന്നുള്ള കൂട്ടുകെട്ടിൽ 90 റൺസ് പിറന്നു. ആകാശ് മുണ്ടൽ 77 റൺസെടുത്ത് പുറത്തായി. എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന അനസിന്‍റെ പ്രകടനമാണ് രാജസ്ഥാൻ ബാറ്റിങ് നിരയിൽ നിർണ്ണായകമായത്. 198 റൺസെടുത്ത അനസ് റണ്ണൌട്ടാവുകയായിരുന്നു.
64 റൺസെടുത്ത ജതിനും രാജസ്ഥാൻ ബാറ്റിങ് നിരയിൽ തിളങ്ങി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 169 റൺസ് കൂട്ടിച്ചേർത്തു. കളി നിർത്തുമ്പോൾ 31 റൺസോടെ ആഭാസ് ശ്രീമാലിയും 10 റൺസോടെ ഗുലാബ് സിങ്ങുമാണ് ക്രീസിൽ. നാല് വിക്കറ്റ് വീഴ്ത്തിയ എബിന്‍ ലാലാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. അഭിരാം രണ്ട് വിക്കറ്റും തോമസ് മാത്യുവും കാർത്തിക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!