
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി തികച്ചെങ്കിലും നിരാശ തുറന്ന് പറഞ്ഞ് ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്‍. ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 300 സ്കോര്‍ ചെയ്യുന്ന ബാറ്ററായി മാറാന്‍ സാധിക്കാത്തതിന്‍റെ നിരാശയാണ് മിന്നും ഇന്നിംഗ്സിന് ശേഷം ഇഷാന്‍ പങ്കുവെച്ചത്. വിക്കറ്റ് ബാറ്റിംഗിന് വളരെ അനുകൂലമായിരുന്നുവെന്ന് ഇഷാന്‍ പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നു.
തന്‍റെ പേര് ഇതിഹാസങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പറയുന്നത് വലിയ അനുഗ്രഹമായി കാണുന്നു. 15 ഓവറുകള്‍ ബാക്കിയുള്ളപ്പോഴാണ് പുറത്താകുന്നത്. 300 റണ്‍സ് നേടാന്‍ സാധിക്കുമായിരുന്നുവെന്നും ഇന്ത്യന്‍ ഇന്നിംഗ്സിന് ശേഷം ഇഷാന്‍ പ്രതികരിച്ചു. സീനിയര്‍ താരം വിരാട് കോലിക്ക് അദ്ദേഹം നന്ദി പറഞ്ഞു. സെഞ്ചുറിയുടെ പടിവാതിൽക്കൽ എത്തിയപ്പോൾ ഏകാഗ്രത നിലനിർത്താനും സിംഗിൾസിൽ കാര്യങ്ങള്‍ ഡീൽ ചെയ്യാനും കോലി ആവശ്യപ്പെട്ടു.
ഏതൊക്കെ ബൗളര്‍മാരെ പ്രഹരിക്കണമെന്ന് കോലി പറഞ്ഞു തന്നു. 95ല്‍ എത്തിയപ്പോള്‍ വലിയ ഷോട്ടിന് ശ്രമിക്കാനാണ് ആഗ്രഹിച്ചത്. പക്ഷേ, ആദ്യത്തെ സെഞ്ചുറിയാണ്... അമിതാവേശത്തിന് പോകാതെ ശ്രദ്ധയോടെ ബാറ്റ് ചെയ്യൂ എന്നാണ് വിരാട് ഭായ് പറഞ്ഞതെന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു. ഡബിള്‍ സെഞ്ചുറി തികച്ച ഇഷാന്‍ കിഷന്‍ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടെ തന്‍റെ പേരില്‍ എഴുതിചേര്‍ത്തിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡാണ് അതില്‍ ഒന്ന്.
2020നുശേഷം ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി തികക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറായ ഇഷാന്‍ കിഷന്‍ 24 വയസും 145 ദിവസവും പ്രായമുള്ളപ്പോഴാണ് ഡബിള്‍ സെഞ്ചുറിയെന്ന നേട്ടം കൈക്കലാക്കിയത്. 26 വയസും 186 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത് ശര്‍മ ഡബിള്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിള്‍ സെഞ്ചുറിയെന്ന നേട്ടവും കിഷന്‍ ഇന്ന് സ്വന്തം പേരിലാക്കി. 85 പന്തില്‍ സെഞ്ചുറിയും 126 പന്തില്‍ ഡബിള്‍ സെഞ്ചുറിയും തികച്ച കിഷന്‍ 138 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡും കിഷന്‍ മറികടന്നു. . 131 പന്തില്‍ 210 റണ്‍സാണ് കിഷന്‍ ഇന്ന് കുറിച്ചത്.
ആറാം തവണയും 400 കടന്ന് ടീം ഇന്ത്യ; തകര്‍പ്പന്‍ റെക്കോര്‍ഡിനൊപ്പം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!