മാധ്യമങ്ങൾക്ക് സൂപ്പർ സ്റ്റാറുകളെ സൃഷ്ടിക്കാനായിരിക്കും താൽപര്യം, എന്നാൽ ഒരു സൂപ്പർ ടീമിനെ ഉണ്ടാക്കുക എന്നതാണ് എന്‍റെ ലക്ഷ്യം

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനെന്ന നിലയിൽ തന്‍റെ ഉത്തരവാദിത്തം വിമർശകർക്ക് മറുപടി നൽകലല്ല, മറിച്ച് ഡ്രസ്സിംഗ് റൂമിലെ 30 പേരോടും സത്യസന്ധതയോടെ ഇടപെടുകയാണെന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. മാധ്യമങ്ങൾക്ക് സൂപ്പർ സ്റ്റാറുകളെ സൃഷ്ടിക്കാനായിരിക്കും താൽപര്യം, എന്നാൽ ഒരു സൂപ്പർ ടീമിനെ ഉണ്ടാക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. കഴിഞ്ഞ ഒന്നര വർഷമായി ടീമിലെ ഒരാൾ പോലും സ്വന്തം വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആ ഒരു മാറ്റമാണ് ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ചതെന്നും ഗംഭീര്‍ പറഞ്ഞു. എഎൻഐ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ലോകകപ്പ് വിജയത്തിന് ശേഷമുള്ള തന്‍റെ നിലപാടുകളും ടീമിനുള്ളിലെ മാറ്റങ്ങളും ഗംഭീർ വ്യക്തമാക്കിയത്.

സഞ്ജുവിനെ പിന്തുണക്കാന്‍ കാരണം

മലയാളി താരം സഞ്ജു സാംസണെ ലോകകപ്പിലുടനീളം പിന്തുണച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ ഗംഭീർ തുറന്നുപറഞ്ഞു. സഞ്ജുവിന് ടീമിനായി ഒരുപാട് കാര്യങ്ങൾ നൽകാൻ കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അവന്‍റെ പ്രതിഭയില്‍ ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ലായിരുന്നു. ലോകകപ്പിന് തൊട്ടു മുമ്പ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ അവന്‍ ഫോം ഔട്ടായി. ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറി നേടിയൊരു താരം ഒരു പരമ്പരയില്‍ നിറം മങ്ങുന്നതൊന്നും വലിയ പ്രശ്നമല്ല. അതുകൊണ്ടാണ് ലോകകപ്പിന്‍റെ തുടക്കത്തില്‍ അവനൊരു ബ്രേക്ക് കൊടുത്തത്. അതിനുശേഷം അവന്‍ ശക്തമായി തിരിച്ചുവന്നു. ടൂർണമെന്‍റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ടീം അര്‍പ്പിച്ച വിശ്വാസം സഞ്ജു കാത്തുസൂക്ഷിച്ചുവെന്നും ഗംഭീർ പറഞ്ഞു.

സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ട

സൂപ്പര്‍ സ്റ്റാറുകളുടെ ടീമിനെ സൃഷ്ടിക്കാനല്ല, സൂപ്പര്‍ ടീമിനെ ഉണ്ടാക്കുകയാണ് പരിശീലകനെന്ന നിലയില്‍ തന്‍റെ ഉത്തരവാദിത്തമെന്ന് ഗംഭീര്‍ പറ‍ഞ്ഞു. ഫൈനലില്‍ അര്‍ഷ്ദീപ് സിംഗ് കിവീസ് താരം ഡാരില്‍ മിച്ചലിനെതിരെ പന്ത് വലിച്ചെറിഞ്ഞ സംഭവത്തെയും ഗംഭീര്‍ ന്യായീകരിച്ചു. രാജ്യത്തിനായി കളിക്കുമ്പോള്‍ കളിക്കാർ ആക്രമണോത്സുകത കാണിക്കുന്നതിനെ കുറ്റം പറയാനാവില്ല, അര്‍ഷ്ദീപ് ചെയ്തതില്‍ ഒരു തെറ്റുമില്ല.ഒരു ബൗളറും തന്നെ സിക്സറുകള്‍ പറത്തുന്നത് കാണാന്‍ ആഗ്രഹിക്കില്ല. അവന്‍ പന്ത് എറിഞ്ഞശേഷം പിന്നീട് ക്ഷമ ചോദിച്ചെങ്കിലും അത് ചോദിച്ചില്ലെങ്കില്‍ പോലും കുഴപ്പമില്ലെന്നാണ് എന്‍റെ അഭിപ്രായം. കളിക്കാരെ വേട്ടയാടുന്ന സോഷ്യൽ മീഡിയ രീതി വിഷലിപ്തമാണെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.

ക്ഷേത്ര ദര്‍ശനം, വിമര്‍ശനത്തിന് മറുപടി

വിജയാഘോഷത്തിന്‍റെ ഭാഗമായി ഹനുമാൻ ക്ഷേത്രത്തിൽ പോയതിനെ വിമർശിക്കുന്നത് കളിക്കാരെ തരംതാഴ്ത്തുന്നതിന് തുല്യമാണ്. കഠിനാധ്വാനം ചെയ്ത് നേടിയ വിജയത്തിന്റെ മാറ്റ് കുറയ്ക്കാൻ ഇത്തരം പ്രസ്താവനകൾ മാത്രമേ ഉപകരിക്കൂവെന്നും കീര്‍ത്തി ആസാദിന്‍റെ വിമര്‍ശനത്തിന് മറുപടിയായി ഗംഭീര്‍ പറഞ്ഞു.

ജയ് ഷായുടെ പിന്തുണ

ബിസിസിഐ മുൻ സെക്രട്ടറിയും നിലവിലെ ഐസിസി ചെയർമാനുമായ ജയ് ഷായെ ഗംഭീർ പ്രശംസിച്ചു. ടീം തോൽവികളിൽ ഉലഞ്ഞപ്പോൾ തന്നെ വിളിച്ച് ധൈര്യം പകർന്ന ഏക വ്യക്തി ജയ് ഷാ ആയിരുന്നുവെന്ന് ഗംഭീർ വെളിപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റിനോട് അദ്ദേഹം കാണിക്കുന്ന അഭിനിവേശം സമാനതകളില്ലാത്തതാണെന്നും ഗംഭീര്‍ കൂട്ടിച്ചേർത്തു. ഭാവിയിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ എത്തിക്കുക എന്നതാണ് തന്‍റെ അടുത്ത ലക്ഷ്യമെന്നും ഗംഭീർ പറഞ്ഞു. ഇന്ത്യ പരീശലകനാവാന്‍ തന്നെ ക്ഷണിച്ചത് ജയ് ഷാ നേരിട്ടായിരുന്നുവെന്നും പരിശീലകനെന്ന നിലയില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്നിട്ടും തന്നെ ഇത്രയും വലിയ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ തീരുമാനിച്ചത് അത്ഭുതപ്പെടുത്തിയെന്നും ഗംഭീര്‍ പറഞ്ഞു. ഭാവിയില്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് നിലവിലെ ഉത്തരവാദിത്തം കനത്ത വെല്ലുവിളിയാണെന്നും ഇത്തരം വെല്ലുവിളികള്‍ താന്‍ എപ്പോഴും ഏറ്റെടുക്കാറുണ്ടെന്നുമായിരുന്നു ഗംഭീറിന്‍റെ മറുപടി.
YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക