കൊവിഡ്19: ഐപിഎല്ലില്‍ താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Mar 6, 2020, 10:13 AM IST
Highlights

ഐപിഎൽ നീട്ടിവയ്‌ക്കില്ലെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശം പാലിച്ച് സുരക്ഷിതമായി ലീഗ് നടത്തുമെന്നും ബിസിസിഐ പ്രസി‍ഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു

മുംബൈ: ഐപിഎല്ലിനിടെ ആരാധകരുമായി ഹസ്‌തദാനം ചെയ്യുന്നതിൽ നിന്ന് കളിക്കാരെ വിലക്കാന്‍ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൊവിഡ്19 വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ആലോചന. ഐപിഎൽ നീട്ടിവയ്‌ക്കില്ലെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശം പാലിച്ച് സുരക്ഷിതമായി ലീഗ് നടത്തുമെന്നും ബിസിസിഐ പ്രസി‍ഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം. 

ശ്രീലങ്കന്‍ പര്യടനത്തില്‍ എതിരാളികളുമായി ഹസ്‌തദാനത്തിന് പകരം മുഷ്ടി ചുരുട്ടി സൗഹൃദം പ്രകടപ്പിക്കുകയാകും ഇംഗ്ലണ്ട് ടീം ചെയ്യുകയെന്ന് നായകന്‍ ജോ റൂട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഐപിഎല്‍ സംബന്ധിച്ച സൂചന ബിസിസിഐ നേതൃത്വം നൽകിയത്.

മറ്റുള്ളവര്‍ നൽകുന്ന ക്യാമറയിൽ ചിത്രങ്ങള്‍ എടുക്കുന്നതിനും താരങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായേക്കും. ആരാധകര്‍ നൽകുന്ന മാര്‍ക്കര്‍ ഉപയോഗിച്ച് ഓട്ടോഗ്രാഫ് നൽകരുതെന്ന് അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ താരങ്ങള്‍ക്ക് നിര്‍ദേശം നൽകിയിരുന്നു. ഈ മാസം 29നാണ് ഐപിഎൽ സീസൺ തുടങ്ങുന്നത്.

ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും ഐപിഎല്ലിന് ആശങ്കകളില്ലെന്ന് ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കൊവിഡ് ആശങ്കയെ കുറിച്ച് ബിസിസിഐ ചര്‍ച്ച ചെയ്യുന്നില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. അടുത്ത വ്യാഴാഴ്‌ച തുടങ്ങേണ്ട ഏകദിന പരമ്പരയ്‌ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം മുന്‍കൂട്ടി തീരുമാനിച്ച ദിവസംതന്നെ എത്തിച്ചേരുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. 

Read more: കൊവിഡ്19 ഐപിഎല്ലിന് ഭീഷണിയാകുമോ; മറുപടിയുമായി ബിസിസിഐ

click me!