കൊവിഡ് 19: ഐപിഎല്‍ മാറ്റിവെക്കില്ലെന്ന് ജയേഷ് ജോര്‍ജ്

By Web TeamFirst Published Mar 9, 2020, 6:29 PM IST
Highlights

കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് ഫുട്ബോളിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളടക്കം മാറ്റിവെച്ചിരുന്നു. എന്നാല്‍ ഓരോ മത്സരത്തിനും 50000-ത്തോളം പേര്‍ എത്തുന്ന ഐപിഎല്ലുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് ബിസിസിഐയുടെ തീരുമാനം

മലപ്പുറം:കൊവിഡ് 19 ഭീതിയുണ്ടെങ്കിലും ഐപിഎല്‍ മാറ്റില്ലെന്നാവര്‍ത്തിച്ച് ബിസിസിഐ. സര്‍ക്കാര്‍ മാനദണ്ഡം പാലിച്ച്, മത്സരം നടത്തുമെന്ന് ബിസിസിഐ ജോയന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മതിയായ മുന്‍കരുതലുകളെടുക്കാന്‍ ടീമുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല രാജ്യത്തുനിന്ന് വരുന്ന കളിക്കാരുള്ളതിനാല്‍ ടീമുകളോട് ആവശ്യമായ മുന്‍കരുതലുകളെല്ലാം എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് ഫുട്ബോളിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളടക്കം മാറ്റിവെച്ചിരുന്നു. എന്നാല്‍ ഓരോ മത്സരത്തിനും 50000-ത്തോളം പേര്‍ എത്തുന്ന ഐപിഎല്ലുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് ബിസിസിഐയുടെ തീരുമാനം. കാരണം മാര്‍ച്ച്, എപ്രില്‍, മെയ് മാസങ്ങളിലായി ഐപിഎല്‍ നടത്താനായില്ലെങ്കില്‍ വിദേശ താരങ്ങളെ ഐപിഎല്ലിന് ലഭ്യമല്ലാത്ത സാഹചര്യമുണ്ടാവും. പിന്നാലെ ടി20 ലോകകപ്പ് കൂടി വരുന്നുണ്ട്.

ഐപിഎല്‍ നീട്ടിവെച്ചാല്‍ ഈ വര്‍ഷം ഐപിഎല്‍ നടത്താനാവുമോ എന്ന് തന്നെ ഉറപ്പില്ല. ഇത് ബിസിസിഐക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇതെല്ലാം കണക്കിലെടുത്താണ് ഐപിഎല്ലുമായി മുന്നോട്ട് പോവാന്‍ ബിസിസിഐ തിരുമാനിച്ചത്. മുന്‍ കരുതലുകളെടുത്ത് ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ബിസിസിഐ ഇപ്പോഴത്തെ നിലപാട്. സ്റ്റേഡിയത്തിലേക്ക് വരുന്ന കാണികളെ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് ബിസിസിഐ പറയുന്നുണ്ടെങ്കിലും അത് എത്രമാത്രം പ്രായോഗികമാണെന്ന് വ്യക്തമല്ല.

click me!