വ്യാഴാഴ്ച നടന്ന കളിക്കാരുടെ ലേലത്തിൽ 2,55,000 ഡോളർ (ഏകദേശം 2.34 കോടി രൂപ) നൽകിയാണ് സൺറൈസേഴ്സ് ലീഡ്‌സ് അബ്രാറിനെ സ്വന്തമാക്കിയത്.

ലണ്ടൻ: ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്‍റ് താരലേലത്തില്‍ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ ഉടമകളായ സൺ ഗ്രൂപ്പിനും കാവ്യ മാരനും സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. ആരാധകരുടെ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് സസ്പെൻഡ് ചെയ്തു.

വ്യാഴാഴ്ച നടന്ന കളിക്കാരുടെ ലേലത്തിൽ 2,55,000 ഡോളർ (ഏകദേശം 2.34 കോടി രൂപ) നൽകിയാണ് സൺറൈസേഴ്സ് ലീഡ്‌സ് അബ്രാറിനെ സ്വന്തമാക്കിയത്. 'ദി ഹണ്ട്രഡ്' ടൂർണമെന്‍റിൽ ഒരു ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഒരു ടീം പാകിസ്ഥാൻ താരത്തെ സൈൻ ചെയ്യുന്നത് ഇതാദ്യമാണ്.

എന്നാൽ, മുൻപ് ഇന്ത്യക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആരാധകർ ടീമിനെതിരെ രംഗത്തെത്തി. രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായാണ് ടീം പ്രവർത്തിക്കുന്നതെന്നാരോപിച്ച് #BoycottSRH എന്ന ഹാഷ്‌ടാഗ് എക്സിൽ ട്രെൻഡിംഗായി.

അബ്രാറിനെ ടീമിലെടുത്ത വാർത്ത പുറത്തുവന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ സൺറൈസേഴ്സ് ലീഡ്‌സിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി. പ്ലാറ്റ്‌ഫോമിന്റെ നിയമങ്ങൾ ലംഘിച്ചുവെന്ന സന്ദേശമാണ് അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ കാണുന്നത്. അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന് പിന്നിലെ കൃത്യമായ കാരണം എക്സ് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഐപിഎല്ലിലെ സൺറൈസേഴ്സ് ഹൈദരാബാദ്, ദക്ഷിണാഫ്രിക്കൻ ലീഗിലെ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് എന്നീ ടീമുകളുടെ ഉടമകളാണ് സൺ ഗ്രൂപ്പ്. മുൻപ് ഈ ടീമുകളിലൊന്നും പാക് താരങ്ങൾ കളിച്ചിട്ടില്ല. ലേലത്തിൽ ട്രെന്‍റ് റോക്കറ്റ്സുമായി നടന്ന വാശിയേറിയ ലേലം വിളിക്കൊടുവിലാണ് ഹെഡ് കോച്ച് ഡാനിയൽ വെട്ടോറിയുടെ താൽപ്പര്യപ്രകാരം കാവ്യ മാരൻ അബ്രാറിനെ ടീമിലെത്തിച്ചത്.

അബ്രാറിന്‍റെ പ്രകടനത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ താരങ്ങളുമായി ചർച്ച ചെയ്തിരുന്നു. ടീമിന്‍റെ ആവശ്യകത മുൻനിർത്തിയാണ് താരത്തെ തിരഞ്ഞെടുത്തത്. പാക് താരങ്ങളെ ലേലത്തിൽ വിളിക്കരുതെന്ന് ഫ്രാഞ്ചൈസിയിൽ മുൻകൂട്ടി തീരുമാനമൊന്നുമുണ്ടായിരുന്നില്ലെന്ന് വെട്ടോറി പറഞ്ഞു. 2008-ന് ശേഷം ഐപിഎല്ലിൽ പാക് താരങ്ങൾക്ക് വിലക്കുണ്ട്. എന്നാൽ വിദേശ ലീഗുകളിൽ മറ്റ് ടീമുകൾ പാക് താരങ്ങളെ കളിപ്പിക്കാറുണ്ടെങ്കിലും ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീമുകൾ ഇതാദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. ബാർമിംഗ്ഹാം ഫീനിക്സ് മറ്റൊരു പാക് താരമായ ഉസ്മാൻ താരിഖിനെയും ലേലത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക