
ബംഗലൂരു: കൊവിഡ് 19 ആശങ്ക പടരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ മാറ്റിവെക്കില്ലെന്ന് ബിസിസിഐ ആവര്‍ത്തിക്കുമ്പോഴും വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തിരിച്ചടിയാവുന്ന തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍. ബംഗലൂരുവിലും കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഐപിഎല്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് പുറമെ ബംഗലൂരുവില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാവില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ നിലപാടെടുത്തിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമമായ ദിഗ്‌വിജയ് 24/7 ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുന്നത് അടക്കമുള്ള സാധ്യതകള്‍ ബിസിസിഐ പരിഗണിക്കാനിരിക്കെയാണ് ബംഗലൂരുവില്‍ മത്സരങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടുമായി സര്‍ക്കാര്‍ രംഗത്തുവന്നത്.
ഐപിഎല്‍ മാറ്റിവെക്കുന്നത് ബിസിസിഐയെ സംബന്ധിച്ചിടത്തോളം കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കും. മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിനായി സ്റ്റാര്‍ സ്പോര്‍ട്സ് അഞ്ച് വര്‍ഷത്തേക്ക് 16000 കോടി രൂപയാണ് ബിസിസിഐക്ക് നല്‍കിയിട്ടുള്ളത്. മാത്രമല്ല, മത്സരങ്ങള്‍ മാറ്റിവെക്കുന്നത് പരസ്യവരുമാനത്തെയും ഗണ്യമായി ബാധിക്കും. ഇതിനാലാണ് മത്സരങ്ങളുമായി മുന്നോട്ടുപോകാന്‍ ബിസിസിഐ തീരുമാനിച്ചത്.
നേരത്തെ ഐപിഎല്‍ മാറ്റിവെക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയും ആവശ്യപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ സമാന നിലപാടെടുത്താല്‍ ഐപിഎല്‍ നടത്തിപ്പ് തന്നെ ഭീഷണിയിലാവും. മാര്‍ച്ച് 29ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്-മുംബൈ ഇന്ത്യന്‍ മത്സരത്തോടെയാണ് പതിമൂന്നാമത് ഐപിഎല്‍ സീസണ് തുടക്കമാവുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!