
സെയ്‌ന്‍റ് കിറ്റ്‌സ്: കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ഫീല്‍ഡിംഗ് മികവിനെ കുറിച്ച് ആരാധകര്‍ക്ക് ചെറിയൊരു സംശയം പോലും കാണില്ല. പൊള്ളാര്‍ഡിന്‍റെ പൊളി ക്യാച്ചുകളും സേവുകളും ആരാധകര്‍ എണ്ണിയാലൊടുങ്ങാത്തത്ര തവണ കണ്ടിരിക്കുന്നു. പ്രത്യേകിച്ച് ബൗണ്ടറിലൈനില്‍ ഒറ്റകൈയന്‍ ക്യാച്ച് എടുക്കുന്നതില്‍ പ്രത്യേക സ്‌കില്‍ തന്നെയുള്ള കീറോണ്‍ പൊള്ളാര്‍ഡ് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഫീല്‍ഡിംഗ് മികവ് കൊണ്ട് ഒരിക്കല്‍ക്കൂടി അമ്പരപ്പിച്ചിരിക്കുകയാണ്.
സെയ്‌ന്‍റ് ലൂസിയ കിംഗ്‌സ് ഇന്നിംഗ്‌സില്‍ ജെയ്‌ഡന്‍ സീല്‍സ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തില്‍ അല്‍സാരി ജോസഫിനെ പുറത്താക്കാനാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായ കീറോണ്‍ പൊള്ളാര്‍ഡ് ഈ ക്യാച്ചെടുത്തത്. സീല്‍സ് ഷോര്‍ട്ട് പിച്ച് പന്തെറിഞ്ഞപ്പോള്‍ ലോംഗ് ഓണിന് മുകളിലൂടെ പറത്തായിരുന്നു അല്‍സാരിയുടെ ശ്രമം. എന്നാല്‍ ഉയര്‍ന്നുചാടി ഒറ്റകൈ കൊണ്ട് പന്ത് കൈക്കലാക്കിയ പൊള്ളാര്‍ഡ് ബൗണ്ടറിലൈനില്‍ കാല്‍ പതിയാതെ പന്ത് വായുവിലേക്ക് എറിഞ്ഞ് ബൗണ്ടറിക്ക് പുറത്ത് ചാടി ഞൊടിയിടയില്‍ ഉള്ളില്‍ക്കയറി ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. പൊള്ളാര്‍ഡിന്‍റെ സാഹസികതയ്‌ക്കും ഏകാഗ്രതയ്‌ക്കും ഉദാഹരണമായി ഈ ക്യാച്ച്. 6 പന്തില്‍ 9 റണ്‍സാണ് അല്‍സാരിക്ക് നേടാനായത്.
മത്സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് മൂന്ന് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത സെയ്‌ന്‍റ് ലൂസിയ കിംഗ്‌സ് 20 ഓവറില്‍ 9 വിക്കറ്റിന് 143 റണ്‍സ് നേടിയപ്പോള്‍ റോഷന്‍ പ്രിമസായിരുന്നു(38 റണ്‍സ്) ടോപ് സ്‌കോറര്‍. മാര്‍ക്ക് ഡിയാല്‍ 35 റണ്‍സ് നേടി. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനായി അക്കീല്‍ ഹൊസൈന്‍ നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ നാല് പന്തും മൂന്ന് വിക്കറ്റും കയ്യിലിരിക്കേ ട്രിന്‍ബാഗോ വിജയത്തിലെത്തി. 58 റണ്‍സുമായി ടൈന്‍ വെബ്‌സ്റ്റര്‍ ടോപ്പറായപ്പോള്‍ 34 റണ്‍സുമായി ടിം സൈഫേര്‍ട്ട് നിര്‍ണായമായി. പൊള്ളാര്‍ഡ് 17 റണ്‍സ് നേടി. അല്‍സാരി ജോസഫ് നാല് വിക്കറ്റ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!