ഐപിഎല്ലില്‍ നിന്ന് സൂപ്പർ താരങ്ങളോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടേക്കും: റിപ്പോർട്ട്

By Web TeamFirst Published Mar 18, 2020, 3:03 PM IST
Highlights

ഐപിഎല്ലിന് വെല്ലുവിളിയേറുന്നു; ബിസിസിഐക്ക് ഇരട്ട പ്രഹരം നല്‍കുന്ന റിപ്പോർട്ട് പുറത്ത്. 

സിഡ്‍നി: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താരങ്ങളോട് ക്രിക്കറ്റ് ഓസ്‍ട്രേലിയ ആവശ്യപ്പെട്ടേക്കും എന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച സൂചന ഒരു ഓസ്ട്രേലിയന്‍ പ്രാദേശിക മാധ്യമമാണ് പുറത്തുവിട്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ ഐപിഎല്ലില്‍ നിന്ന് പിന്‍വാങ്ങാന്‍ താരങ്ങളോട് ഔദ്യോഗികമായി ക്രിക്കറ്റ് ഓസ്‍ട്രേലിയ ആവശ്യപ്പെട്ടിട്ടില്ല. ഓരോ താരങ്ങളും വ്യക്തിപരമായാണ് ഐപിഎല്ലുമായി കരാറിലെത്തിയത് എന്നും കളിക്കണോ വേണ്ടയോ എന്ന് താരങ്ങള്‍ക്ക് തീരുമാനിക്കാം എന്നും ക്രിക്കറ്റ് ഓസ്‍ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് കെവിന്‍ റോബർട്ട്‍സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരങ്ങള്‍ക്ക് ആവശ്യമായ നിർദേശങ്ങള്‍ നല്‍കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

ഐപിഎല്ലിലും ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗിലും താരങ്ങള്‍ പങ്കെടുക്കുന്ന കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയ പുനപരിശോധിക്കുന്നു എന്നാണ് പ്രദേശിക മാധ്യമത്തിന്‍റെ റിപ്പോർട്ട്. ഐപിഎല്ലില്‍ 17 ഓസ്‍ട്രേലിയന്‍ താരങ്ങളാണ് വിവിധ ഫ്രാഞ്ചൈസികളുമായി കരാറിലുള്ളത്. പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്‍മിത്ത്, ഡേവിഡ് വാർണർ, ഗ്ലെന്‍ മാക്സ്‍വെല്‍ തുടങ്ങിയ സൂപ്പർ താരങ്ങളോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടതായി റിപ്പോർട്ടില്‍ പറയുന്നു. 

കൊവിഡ്-19 ഭീതിയെ തുടർന്ന് ഇന്ത്യന്‍ പ്രീമിയർ ലീഗ് ഏപ്രില്‍ 15 വരെ മാറ്റിവച്ചിരിക്കുകയാണ്. മാർച്ച് 29നായിരുന്നു സീസണ്‍ തുടങ്ങേണ്ടിയിരുന്നത്. ഐപിഎല്‍ വെട്ടിച്ചുരുക്കുന്ന കാര്യം ബിസിസിഐയുടെ പരിഗണനയിലാണ്. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഒഴിവാക്കുകയായിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!