സി.കെ. നായിഡു ട്രോഫിയിൽ അഹ്മദ് ഇമ്രാൻ്റെ അർധ സെഞ്ച്വറിയുടെ മികവിൽ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ്. നിലവിൽ 155 റൺസിൻ്റെ ലീഡ് നേടിയിട്ടുണ്ട്.

തിരുവനന്തപുരം: സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെതിരെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിൽ. കേരളത്തിന് ഇപ്പോൾ 155 റൺസിൻ്റെ ലീഡുണ്ട്. കേരളത്തിനായി അഹ്മദ് ഇമ്രാൻ അർധ സെഞ്ച്വറി നേടി. നേരത്തെ ജമ്മു കശ്മീരിൻ്റെ ഒന്നാം ഇന്നിങ്സ് 174 റൺസിന് അവസാനിച്ചിരുന്നു.

രണ്ട് വിക്കറ്റിന് 72 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ജമ്മു കശ്മീരിനായി ക്യാപ്റ്റൻ ശിവാൻഷ് ശർമ്മയും ഉദയ് പ്രതാപും ചേർന്ന് മൂന്നാം വിക്കറ്റിൽ 62 റൺസ് കൂട്ടിച്ചേർത്തു. കശ്മീർ വലിയ ലീഡിലേക്ക് നീങ്ങുന്നുവെന്ന് തോന്നിച്ച ഘട്ടത്തിലാണ് കേരള ബൗളർമാർ ആഞ്ഞടിച്ചത്. 45 റൺസെടുത്ത ശിവാൻഷിനെ ജെ.എസ്. അനുരാജും 38 റൺസെടുത്ത ഉദയ് പ്രതാപിനെ ഷോൺ റോജറും പുറത്താക്കി. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ 174 റൺസിന് കശ്മീരിൻ്റെ ഇന്നിങ്സ് അവസാനിച്ചു. വെറും 42 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് കശ്മീരിന് അവസാന എട്ട് വിക്കറ്റുകൾ നഷ്ടമായത്. കേരളത്തിന് വേണ്ടി ജെ.എസ്. അനുരാജ് നാലും, ഷോൺ റോജർ മൂന്നും, പവൻ രാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് കൃഷ്ണനാരായണിനെയും (18), രോഹൻ നായരെയും (1) തുടക്കത്തിലേ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ വരുൺ നായനാരും അഹ്മദ് ഇമ്രാനും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. 41 റൺസെടുത്ത വരുൺ നായനാർ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ ഷോൺ റോജർ 10 റൺസുമായി മടങ്ങിയപ്പോൾ, ക്യാപ്റ്റൻ അഭിജിത് പ്രവീൺ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ 68 റൺസോടെ അഹ്മദ് ഇമ്രാനും 15 റൺസോടെ മാനവ് കൃഷ്ണയുമാണ് ക്രീസിൽ. ജമ്മു കശ്മീരിന് വേണ്ടി സ‍ർവ്വാശിഷ് സിങ് മൂന്നും വിശാൽ കുമാ‍ർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.