'സഞ്ജു സാംസണാണ് ഇപ്പോള്‍ ടീമിലെ ദുര്‍ബല കണ്ണി'; ടി20 ലോകകപ്പിച്ച് മുമ്പ് ഓര്‍മിപ്പിച്ച് ഹര്‍ഷ ഭോഗ്‌ലെ

Published : Jan 26, 2026, 12:48 PM IST
Sanju Samson

Synopsis

മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട സഞ്ജു ടീമിലെ ദുര്‍ബല കണ്ണിയാണെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പിന് മുമ്പ് സഞ്ജുവിന്റെ കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുവാഹത്തി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ജയത്തോടെ ലോകകപ്പിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് ടി20കള്‍ ഇനിയും ശേഷിക്കെയാണ് ഇന്ത്യ പരമ്പര തൂക്കിയത്. ഗുവാഹത്തിയില്‍ നടന്ന മൂന്നാം ടി20യില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ബര്‍സപര സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഭിഷേക് ശര്‍മ (20 പന്തില്‍ 68), സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 57) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഇന്ത്യ പരമ്പര നേടിയെങ്കിലും ദുര്‍ബലമായ ചില കണ്ണികള്‍ ഇപ്പോഴും ടീമിലുണ്ട്. അതിലൊന്ന് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തന്നെയാണ്. മൂന്ന് മത്സരങ്ങളിലും ഫോമിലേക്ക് എത്താന്‍ മലയാളി താരത്തിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ 10 റണ്‍സെടുത്ത് പുറത്തായ സഞ്ജു രണ്ടാം ടി20യില്‍ ആറ് റണ്‍സിനും മടങ്ങി. അവസാന ടി20 മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു താരം. എന്നാല്‍ മറുവശത്ത് അഭിഷേകും ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമൊക്കെ തകര്‍ത്തടിക്കുന്നു.

ഇതിനിടെ ടീമിലെ ദുര്‍ബല കണ്ണിയെ കുറിച്ച് സംസാരിക്കുകയാണ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. അദ്ദേഹത്തിന്റെ വാക്കുകള്‍... 'ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന് ഇനി ഒരൊറ്റ കാര്യത്തില്‍ മാത്രമേ വ്യക്തത വരാനുള്ളൂ. അത് സഞ്ജു സാംസണിന്റെ കാര്യമാണ്. അദ്ദേഹത്തില്‍ നിന്ന് മികച്ചൊരു ഇന്നിംഗ്സ് വരേണ്ടതുണ്ട്. സ്പിന്നര്‍ കുല്‍ദീപ് യാദവ് നിന്ന് അല്പം കൂടി മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇതൊഴിച്ചാല്‍ ഈ ടീം പൂര്‍ണ്ണ സജ്ജമാണ്.'' ഭോഗ്‌ലെ എക്‌സില്‍ കുറിച്ചിട്ടു.

വിമര്‍ശനങ്ങളുടെ നടുക്കാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ടി20യില്‍ മൂന്ന് സെഞ്ചുറികള്‍ അവകാശപ്പെടാനുണ്ടായിട്ടും ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയിട്ടും സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുന്നില്ല. ഇന്ത്യക്ക് വേണ്ടി ഇതുവരെ 55 മത്സരങ്ങള്‍ (47 ഇന്നിംഗ്‌സ്) കളിച്ച സഞ്ജു 1048 റണ്‍സാണ് നേടിയത്. 710 പന്തുകള്‍ നേരിട്ടു. 111 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 24.37. മൂന്ന് വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും സഞ്ജു നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു, എന്താണ് നിങ്ങള്‍ ചെയ്തത്! ഇന്നലെ തെറിച്ചത് ലോകകപ്പ് ടീമിലെ സ്ഥാനമോ?
സഞ്ജു ഏറ്റവും മോശം ന്യൂസിലന്‍ഡിനെതിരെ; വിവിധ ടീമുകള്‍ക്കെതിരെ പ്രകടനം ശരാശരിക്കും താഴെ, കണക്കുകളിതാ