
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ഗ്ലാമര്‍ കുറഞ്ഞ നായകന്‍മാരിലൊരാളായിരുന്നു ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റ്‌നര്‍. പക്ഷേ, സെമിയില്‍ ബാവുമയുടേയും ഹെന്റിച്ച് ക്ലാസന്റേയും വിക്കറ്റെടുത്ത ക്യാപ്റ്റന്‍ സാന്റനര്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. സാന്റ്‌നറെന്ന ന്യൂസീലന്‍ഡ് ക്യാപ്റ്റന്റെ ഇന്‍സ്റ്റഗ്രാം ബയോ നോക്കുന്ന ക്രിക്കറ്റ് ആരാധകര്‍ ഒന്ന് ഞെട്ടും. അതിലിങ്ങനെയാണ് സാന്റ്‌നര്‍ കുറിച്ചിരിക്കുന്നത്. 'ഫുള്‍ ടൈം ഗോള്‍ഫര്‍, പാര്‍ട് ടൈം ക്രിക്കറ്റര്‍.' സംഗതി ശരിയാണ്. ക്രിക്കറ്റിനൊപ്പം ഗോള്‍ഫും പ്രിയപ്പെട്ടതാണ് സാന്റ്‌നര്‍ക്ക്.
ബയോയില്‍ മാത്രമാണ് സാന്റ്‌നര്‍ പാര്‍ട് ടൈം ക്രിക്കറ്റര്‍. പ്രകടനത്തില്‍ ഫുള്‍ ഫോമിലാണ് താരം. പകരക്കാരന്‍ നായകനായി വന്ന് ടീമിനെ ചാംപ്യന്‍സ് ട്രോഫി കിരീടത്തിനടുത്തേക്ക് എത്തിച്ചിരിക്കുകയാണ് മിച്ചല്‍ സാന്റ്‌നറെന്ന മുപ്പത്തിമൂന്നുകാരന്‍. കെയിന്‍ വില്യംസണെന്ന ജനപ്രിയ നായകനില്‍ നിന്ന് കിരീടങ്ങള്‍ പ്രതീക്ഷിച്ച് നിരാശരായ ആരാധകര്‍ പുതിയ ക്യാപ്റ്റനായ സാന്റനറില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരെ എന്നും ഫോമാവാറുള്ള താരമാണ് സാന്റനര്‍. 2016 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു താരം.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് എറ്റുമുട്ടിയത് നേട്ടമെന്ന് വിശ്വസിക്കുന്ന നായകനില്‍ ആരാധകരും പ്രതീക്ഷയര്‍പിക്കുന്നു ഗോള്‍ഫ് താരത്തിന്റെ കൃത്യതയും ക്ഷമയും കൂടി ചേരുന്നതോടെ സാന്റ്‌നറെന്ന പാര്‍ട് ടൈം ക്രിക്കറ്റര്‍ എതിരാളികള്‍ക്ക് ഫുള്‍ ടൈം ഭീഷണിയാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ് ഇത്തവണ സാന്റ്‌നര്‍. മികച്ച സ്പിന്നര്‍മാരുടെ അഭാവം പ്രശ്‌നമാകുന്ന ടീമിന് കരുത്താണ് സാന്റ്‌നറുടെ വരവ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിരുന്നുവെന്നും അതേ പ്രകടനം ആവര്‍ത്തിക്കാനാണ് ന്യൂസിലന്‍ഡ് ഫൈനലിലും ശ്രമിക്കുകയെന്നും സാന്റ്‌നര്‍ ദക്ഷിണാഫ്രിക്കക്കെതിരായ സെമി ഫൈനല്‍ വിജയത്തിനുശേഷം പറഞ്ഞിരുന്നു.