ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ നിന്ന് അക്‌സർ പട്ടേലിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സമ്മതിച്ചു. 

അഹമ്മദാബാദ്: 2026ലെ ഐ.സി.സി ടി20 ലോകകപ്പിനിടെ നിര്‍ണ്ണായക മത്സരത്തില്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ ഒഴിവാക്കിയത് തന്റെ പിഴവാണെന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് സമ്മതിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ അക്‌സറിനെ മാറ്റിനിര്‍ത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും ഇതിന് താരത്തോട് വ്യക്തിപരമായി ക്ഷമ ചോദിച്ചതായും സൂര്യകുമാര്‍ വെളിപ്പെടുത്തി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആ മത്സരത്തില്‍ ഇന്ത്യ 76 റണ്‍സിന് പരാജയപ്പെട്ടിരുന്നു.

ടൂര്‍ണമെന്റില്‍ ഇന്ത്യ വഴങ്ങിയ ഏക തോല്‍വിയും ഇതായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്താനായിരുന്നു അക്‌സറിനെ അന്ന് ഒഴിവാക്കിയത്. അതിനെ കുറിച്ച് സൂര്യകുമാര്‍ പറഞ്ഞതിങ്ങനെ... ‘’ഒഴിവാക്കിയതില്‍ അക്സറിന് ദേഷ്യമുണ്ടായിരുന്നു. അതില്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ സാധിക്കില്ല. കാരണം അത്രത്തോളം പരിചയസമ്പത്തുള്ള താരമാണ്. ഞാന്‍ അവനോട് ക്ഷമ ചോദിച്ചു. അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്ന് ഞാന്‍ സമ്മതിച്ചു. ടീമിന് വേണ്ടിയെടുത്ത തീരുമാനമാണെങ്കിലും അതൊരു കഠിനമായ സംഭാഷണമായിരുന്നു. എന്നാല്‍ അക്‌സര്‍ അത് പക്വതയോടെ ഉള്‍ക്കൊണ്ടു.'' സൂര്യകുമാര്‍ പറഞ്ഞു.

അക്‌സറിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

തോല്‍വിക്ക് പിന്നാലെ സിംബാബ്വെയ്ക്കെതിരായ അടുത്ത മത്സരത്തില്‍ തന്നെ അക്‌സറിനെ ഇന്ത്യ തിരിച്ചുവിളിച്ചു. അവിടെനിന്ന് കിരീടം നിലനിര്‍ത്തുന്നതിലേക്ക് ഇന്ത്യ നടത്തിയ കുതിപ്പില്‍ അക്‌സര്‍ നിര്‍ണായക പങ്കുവഹിച്ചു. ടൂര്‍ണമെന്റിലുടനീളം 8 മത്സരങ്ങളില്‍ നിന്നായി 11 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. 8.20 എന്ന മികച്ച ഇക്കണോമി റേറ്റിലായിരുന്നു പ്രകടനം. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 27 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ കിരീടവിജയം ഉറപ്പാക്കി.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ രണ്ട് അവിശ്വസനീയമായ ക്യാച്ചുകളിലൂടെ കളി ഇന്ത്യയുടെ പക്ഷത്തേക്ക് തിരിച്ചതും ഹാര്‍ദിക്ക് ആയിരുന്നു. മധ്യനിരയില്‍ റണ്‍സ് വേഗത്തില്‍ ഉയര്‍ത്തേണ്ട ഘട്ടങ്ങളിലെല്ലാം വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. സ്വന്തം മണ്ണില്‍ ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഈ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി.

YouTube video player