വൈഡ് റിവ്യൂ ചെയ്യാന്‍ 2-3 മിനിറ്റ്! സഞ്ജുവിനെ ഔട്ട് വിളിച്ചത് ഞൊടിയിടയില്‍; അംപയറിംഗിന് കടുത്ത വിമര്‍ശനം

Published : May 08, 2024, 10:19 AM IST
വൈഡ് റിവ്യൂ ചെയ്യാന്‍ 2-3 മിനിറ്റ്! സഞ്ജുവിനെ ഔട്ട് വിളിച്ചത് ഞൊടിയിടയില്‍; അംപയറിംഗിന് കടുത്ത വിമര്‍ശനം

Synopsis

ഒരു വൈഡിന് റിവ്യൂ ചെയ്താല്‍ രണ്ട് മൂന്നും മിനിറ്റുകള്‍ എടുക്കമ്പോഴാണ് പ്രധാനപ്പെട്ട വിക്കറ്റ് നിസാരമായി, മറ്റൊരു വീക്ഷണകോണില്‍ പരിശോധിക്കാന്‍ പോലും നില്‍ക്കാതെ തേര്‍ഡ് അംപയര്‍ വിധി പറഞ്ഞത്.

ദില്ലി: ഐപിഎല്ലിന്റെ അംപയറിംഗിന്റെ നിലവാരം പലപ്പോഴായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരുന്ന സ്‌പോര്‍ട്‌സ് ലീഗുകളിലൊന്നായ ഐപിഎല്ലിലെ അംപയറിംഗ് മോശമെന്ന് പറഞ്ഞാല്‍ ഇതിലും വലിയ നാണക്കേ് വേറെയില്ല. ഇന്നലെ ഡല്‍ഹി കാപിറ്റല്‍സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തോടെ അത് കൂടുതല്‍ വെളിവായി. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വിവാദ പുറത്താകലായിരുന്നു അതിന്റെ പ്രധാന കാരണം. 

സഞ്ജു ടീമിനെ ഒറ്റയ്ക്ക് ജയിപ്പിക്കുമെന്ന് തോന്നലുണ്ടാക്കിയിരിക്കെയാണ് താരം പുറത്താകുന്നത്. 46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു പുറത്താകുന്നത്. പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്‌സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി. ഹോപ്പ് പന്ത് കയ്യിലൊതുക്കുന്ന സമയത്ത് കുഷ്യനില്‍ സ്പര്‍ശിച്ചുവെന്ന വാദവമുണ്ട്. ഇല്ലെന്ന് മറുവാദവും. എന്നാല്‍ അതൊന്ന് മറ്റൊരു ആംഗിളില്‍ പരിശോധിക്കാന്‍ തേര്‍ഡ് അംപയര്‍ തയ്യാറായിരുന്നില്ല.

മത്സരത്തിലെ നിര്‍ണായക വിക്കറ്റ് പരിശോധിക്കാന്‍ പോലും മെനക്കെടാതിരുന്നതാണ് വിവാദങ്ങള്‍ക്ക് ശേഷം തിരി കൊളുത്തിയത്. ഒരു വൈഡിന് റിവ്യൂ ചെയ്താല്‍ രണ്ട് മൂന്നും മിനിറ്റുകള്‍ എടുക്കമ്പോഴാണ് പ്രധാനപ്പെട്ട വിക്കറ്റ് നിസാരമായി, മറ്റൊരു വീക്ഷണകോണില്‍ പരിശോധിക്കാന്‍ പോലും നില്‍ക്കാതെ തേര്‍ഡ് അംപയര്‍ വിധി പറഞ്ഞത്. ഒരു 30 സെക്കന്‍ഡിനുള്ളില്‍. അവിടേയും തീരുന്നില്ല വിവാദം. പിന്നീട് രാജസ്ഥാന്‍ റോയല്‍സ് വൈഡ് റിവ്യൂ ചെയ്ത പന്തിലും ടിവി അംപയറുടെ 'അറിവില്ലായ്മ' വ്യക്തമായി. റിവ്യൂ ചെയ്യേണ്ട പന്തിന് പകരം മറ്റൊരു പന്താണ് ടിവി അംപയര്‍ പരിശോധനയ്ക്ക് എടുത്തത്. ഇതുമായി ബന്ധപ്പെട്ട് വന്ന ചില പോസ്റ്റുകള്‍ വായിക്കാം.

ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സഞ്ജുവിനെ പുറത്താകല്‍ തന്നെയാണ് മത്സരത്തില്‍ വഴിത്തിരിവായത്. തോറ്റെങ്കിലും 11 കളികളില്‍ 16 പോയന്റുമായി രാജസ്ഥാന്‍ തന്നെയാണ് പോയന്റ് പട്ടികയില്‍ രണ്ടാമത്. സ്‌കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 221-8, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 201-8.

PREV
click me!

Recommended Stories

ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം
'ആ അധ്യായം ഇവിടെ അവസാനിക്കുന്നു'; പലാഷ് മുച്ചാലുമായുള്ള വിവാഹം, മൗനം വെടിഞ്ഞ് സ്മൃതി മന്ദാന