ഇന്ത്യന്‍ ക്രിക്കറ്റിന്റെ വര മാറ്റിയ തല; 15 വര്‍ഷം നീണ്ട മഹേന്ദ്രജാലം

By Web TeamFirst Published Aug 16, 2020, 12:53 AM IST
Highlights

സവാഗ്, യുവരാജ്, ഗംഭീര്‍ തുടങ്ങിയവരെല്ലാം അന്ന് ടീമിലുണ്ടായിരുന്നിട്ടും സച്ചിനാണ് നീണ്ട മുടിക്കാരനായ ധോണിയെ സ്റ്റിയറിംഗ് ഏല്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്നത്. അന്ന് നടന്നത് കൊടിയേറ്റം മാത്രമാണെന്ന് സച്ചിന്‍ പോലും കരുതിയിട്ടുണ്ടാവില്ല.
 

2007ലെ ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ചില്ലറ ആഘാതമൊന്നുമായിരുന്നില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വീരേന്ദ്ര സെവാഗ്, യുവരാജ് സിംഗ് തുടങ്ങിയ വമ്പന്‍മാരെല്ലാം അണിനിരന്നിട്ടും ബംഗ്ലാദേശിനെതിരെ തോറ്റ് തലകുനിച്ച് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങി. 

അതേ വര്‍ഷമാണ് ഐസിസി ട്വന്റി20 ലോകകപ്പ് അവതരിപ്പിക്കുന്നത്. കുട്ടികളുടെ കളിയായാണ് സീനിയര്‍ താരങ്ങള്‍ ട്വന്റി20യെ കണ്ടത്. അതുകൊണ്ടുതന്നെ സച്ചിനും ഗാംഗുലിയും ദ്രാവിഡുമെല്ലാം വിട്ടുനിന്നു. മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍ ആര് ടീമിനെ നയിക്കുമെന്ന ചോദ്യമുയര്‍ന്നു. സെവാഗ്, യുവരാജ്, ഗംഭീര്‍ തുടങ്ങിയവരെല്ലാം അന്ന് ടീമിലുണ്ടായിരുന്നിട്ടും സച്ചിനാണ് നീണ്ട മുടിക്കാരനായ ധോണിയെ സ്റ്റിയറിംഗ് ഏല്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്നത്. അന്ന് നടന്നത് കൊടിയേറ്റം മാത്രമാണെന്ന് സച്ചിന്‍ പോലും കരുതിയിട്ടുണ്ടാവില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ യഥാര്‍ത്ഥ ഉത്സവമായിരുന്നു ആ നീളന്‍ മുടിക്കാരന്റെ നായകത്വത്തില്‍ പിന്നീട് നടന്നത്.

ആവേശകരമായ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് കന്നി ട്വന്റി20 കിരീടം നേടിയ ധോണി, പിന്നീട് ഏകദിന ലോകകപ്പം ചാമ്പ്യന്‍സ് ട്രോഫിയും ടെസ്റ്റില്‍ ഒന്നാം നമ്പര്‍ പദിവും സ്വന്തമാക്കി ക്യാപ്റ്റനെന്ന നിലയില്‍ താനാരാണെന്ന് ക്രിക്കറ്റ് ലോകത്തിന് തെളിയിച്ചു കൊടുത്തു. പിന്നീട് എംഎസ്ഡിയെന്ന മൂന്നക്ഷരത്തിലും മഹിയെന്ന പേരിലും മിസ്റ്റര്‍ കൂള്‍ എന്ന വിശേഷണത്തിലും അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അമരക്കാരനായി. 

2004ല്‍ അരങ്ങേറ്റം, 2005ല്‍ വഴിത്തിരിവ്

ബംഗ്ലാദേശിനെതിരെ 2004 ഡിസംബര്‍ 23ന് ചിറ്റഗോങ്ങിലായിരുന്നു ധോണിയുടെ ഏകദിന അരങ്ങേറ്റം. ആദ്യ പന്തില്‍ റണ്ണൗട്ടായി മടങ്ങി. പിന്നീട് മൂന്ന് ഇന്നിംഗ്‌സിലും 12,7,3 എന്നീ സ്‌കോറുകളില്‍ പുറത്തായി. എന്നാല്‍, സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റന്റെ ദീര്‍ഘവീക്ഷണം ധോണിയെന്ന താരത്തെ കണ്ടെത്തി. പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ പതിവ് തെറ്റിച്ച് രണ്ടാമനായി ക്രീസിലെത്തിയ ധോണി തന്റെ വിധി മാറ്റിയെഴുതി. 123 പന്തില്‍ 148 റണ്‍സോടെ തകര്‍ത്താടിയ റാഞ്ചിക്കാരന്‍ തൊട്ടടുത്ത മത്സരത്തിലും സെഞ്ച്വറി നേടി. 

ക്യാപ്റ്റനായി അരങ്ങേറ്റം

2007ലെ ട്വന്റി 20 ലോകകപ്പിലാണ് അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുന്നത്. സീനിയര്‍ താരങ്ങളൊന്നുമില്ലാതിരുന്ന ടൂര്‍ണമെന്റില്‍ യുവ ടീമിനെ ധോണി നയിച്ചു. നിര്‍ണായക ഘട്ടങ്ങളില്‍ അക്ഷോഭ്യനായി ബുദ്ധിപരമായ തീരുമാനങ്ങളെടുത്ത ധോണിയുടെ മികവില്‍ ഇന്ത്യ കപ്പ് നേടി. ഫൈനലില്‍ പാകിസ്ഥാന് ജയിക്കാന്‍ ആറ് പന്തില്‍ 13 റണ്‍സ് വേണമെന്നിരിക്കെ ജൊഗീന്ദര്‍ ശര്‍മയെന്ന മീഡിയം പേസര്‍ക്ക് പന്ത് നല്‍കി ധോണി ഞെട്ടിച്ചു. പാക് സൂപ്പര്‍ താരം മിസ്ബാ ഉള്‍ ഹഖിനെ ശ്രീശാന്തിന്റെ കൈകളിലെത്തിച്ചതോടെ ധോണിയുടെ ക്യാപ്റ്റന്‍സി മികവിനെ ആരാധകര്‍ വാഴ്ത്തി. 

ധോണിയുടെ ചിറകില്‍ സച്ചിന്റെ സ്വപ്‌നസാഫല്യം

2011 ലോകകപ്പ് ഇന്ത്യക്ക് വൈകാരികമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ഇതിഹാസ താരത്തിന്റെ അവസാന ലോകകപ്പ്. റെക്കോര്‍ഡ് ബുക്കിലെ എല്ലാ കള്ളികളിലും പേര് ചേര്‍ത്തിട്ടും ലോകകപ്പ് സച്ചിന് കിട്ടാക്കനിയായിരുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമായി നടന്ന ടൂര്‍ണമെന്റില്‍ സച്ചിന്റെയും യുവരാജിന്റെയും സഹീറിന്റെയും ഗംഭീറിന്റെയുമെല്ലാം മികവില്‍ ഇന്ത്യ ഫൈനലിലെത്തി. മുംബൈയിലെ വാംഖഡെയില്‍ സംഗക്കാരയെും ജയവര്‍ധനയും മലിംഗയുമെല്ലാം അണിനിരന്ന ശ്രീലങ്കയായിരുന്നു എതിരാളികള്‍. നുവാന്‍ കുലശേഖരയുടെ പന്ത് ലോംഗ് ഓണിലേക്ക് പറത്തി ധോണി വിജയറണ്‍ നേടുമ്പോള്‍ 28 വര്‍ഷത്തെ കാത്തിരിപ്പിന് അറുതിയായി. ഒപ്പം ലോകകപ്പെന്ന സച്ചിന്റെ സ്വപ്‌നവും പൂവണിഞ്ഞു. 

2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയം

ലോകകപ്പ് നേട്ടത്തിന്റെ ആവേശത്തില്‍ ഇംഗ്ലണ്ടിനെ സ്വന്തം മണ്ണില്‍ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടി. അങ്ങനെ ഐസിസിയുടെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകളിലും കപ്പുയര്‍ത്തിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡും ധോണിക്ക് സ്വന്തം. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ അപ്രമാദിത്തത്തിന് തിരിച്ചടി നല്‍കി ധോണിയുടെ കീഴില്‍ ഏറെക്കാലം ഇന്ത്യ ഒന്നാം സ്ഥാനത്ത്. 

കൊടുമുടിയില്‍ നിന്ന് തിരിച്ചിറക്കം

2014ലെ ട്വന്റി20 ലോകകപ്പില്‍ വീണ്ടും ധോണിയുടെ മാജിക്കില്‍ വിശ്വാസമര്‍പ്പിച്ച് കിരീടം സ്വപ്‌നം കണ്ട ഇന്ത്യക്ക് തിരിച്ചടി. ഫൈനലിലെത്താതെ ടീം ഇന്ത്യ പുറത്തായി. പാകിസ്ഥാനെ തോല്‍പ്പിച്ച് ശ്രീലങ്ക കിരീടം നേടി. 2015ലെ ഏകദിന ലോകകപ്പിലും തോല്‍വിവായിരുന്നു ഫലം. സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് ഇന്ത്യ വിമാനം കയറി. പിന്നീട് ടെസ്റ്റ് ടീമില്‍ നിന്ന് വിരമിച്ചു. ഏകദിനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം തുടര്‍ന്നെങ്കിലും അനിവാര്യമായ തലമുറ മാറ്റത്തില്‍ വിരാട് കോലിക്ക് ക്യാപ്റ്റന്‍ സ്ഥാനം കൈമാറി. 2019ലെ ഏകദിനത്തിലും പുറത്തായി. സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. 49ാം ഓവറിലെ മൂന്നാം പന്തില്‍ ധോണി റണ്‍ ഔട്ടായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. അതായിരുന്നു ധോണിയുടെ അവസാനത്തെ അന്താരാഷ്ട്ര ഇന്നിംഗ്‌സ്. ഒരു റണ്ണൗട്ടില്‍ തുടങ്ങി മറ്റൊരു റണ്ണൗട്ടില്‍ അവസാനിപ്പിച്ച ക്രിക്കറ്റ് കരിയര്‍. ഇതിനിടയില്‍ ഏകദിനത്തില്‍ 10000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു. ഇനി ഈ വര്‍ഷത്തെ ഐപിഎല്ലില്‍ എന്തൊക്കെ മാജിക്കാണ് ആ തലയില്‍ വിരിയുക എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


 

click me!