തല ക്രീസൊഴിയുമ്പോള്‍ ബാക്കിയാകുന്ന റൊക്കോര്‍ഡുകള്‍

By Web TeamFirst Published Aug 15, 2020, 10:09 PM IST
Highlights

അപ്രതീക്ഷിതമായി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോഴും ഒട്ടനവധി റെക്കോര്‍ഡുകള്‍ കൂടെ സ്വന്തം പേരില്‍ ചേര്‍ത്താണ് ധോണി വിടവാങ്ങുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട റെക്കോര്‍ഡുകള്‍ ഇതാ...

ദില്ലി: പതിനാറ് വര്‍ഷങ്ങള്‍ നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായ എം എസ് ധോണി അവസാനം കുറിച്ചിരിക്കുന്നത്. ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ച ധോണി പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും അരങ്ങൊഴിയുമ്പോള്‍ രണ്ട് ലോകകപ്പ് രാജ്യത്തിന് സമ്മാനിച്ച ഒരു ക്യാപ്റ്റനാണ് മടങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജഴ്‌സിയില്‍ ഇനിയും ആരാധകര്‍ക്ക് ധോണിയെ കാണാമെങ്കിലും നീലപ്പടയുടെ എല്ലാമെല്ലമായ ക്യാപ്റ്റന്‍ കൂളിനെ  ഇനി കാണാന്‍ സാധിക്കുന്നില്ലെന്ന സങ്കടം ആരാധകര്‍ക്ക് ഉണ്ടാകുമെന്നുറപ്പ്.

കാലങ്ങള്‍ എത്ര കഴിഞ്ഞാലും ഹെലികോപ്ടര്‍ ഷോട്ടും ഏത് പ്രതിസന്ധി ഘട്ടത്തിലും ടീമിനെ പതറാതെ നേരിടുന്ന ധോണി മാജിക്കും നമുക്ക് മറക്കാനാകുമോ? അപ്രതീക്ഷിതമായി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോഴും ഒട്ടനവധി റെക്കോര്‍ഡുകള്‍ കൂടെ സ്വന്തം പേരില്‍ ചേര്‍ത്താണ് അദ്ദേഹം വിടവാങ്ങുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട റെക്കോര്‍ഡുകള്‍ ഇതാ...

മൂന്ന് ഐസിസി ക്രിക്കറ്റ് കിരീടങ്ങള്‍


രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക ഇനമായി ക്രിക്കറ്റിനെ മാറ്റിയ 1983 ലോകകപ്പിന് ശേഷം ഇന്ത്യക്ക് ഒരു വിശ്വ കിരീടം നേടാന്‍ 2007 വരെ കാത്തിരിക്കേണ്ടി വന്നു. പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറന്നിറങ്ങിയ ധോണിയുടെ യുവനിര കിരീടവും കൊത്തിപ്പറന്നാണ് തിരികെ ഇന്ത്യയിലേക്ക് എത്തിയത്. സ്വന്തം നാട്ടില്‍ നടന്ന 2011 ഏകദിന ലോകകപ്പിലും ധോണിയുടെ നായകമികവില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. 2013 ചാമ്പ്യന്‍സ് ട്രോഫിയിലും ധോണി മാജിക്ക് ആവര്‍ത്തിച്ചപ്പോള്‍ മൂന്ന് ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കുന്ന ഏക ക്യാപ്റ്റനായി ധോണി മാറി.

അവിശ്വസനീയം ഈ നായകമികവ്


ലോകം ആരാധിച്ച നായകന്മാര്‍ ഒരുപാട് പിറന്ന് വീണ ക്രിക്കറ്റ് പിച്ചില്‍ ധോണിയുടെ ഈ റൊക്കോര്‍ഡ് അദ്ദേഹത്തിന്റെ മികവിനെ അടയാളപ്പെടുന്നതാണ്. ഇന്ത്യയെ 332 രാജ്യാന്തര മത്സരങ്ങളിലാണ് ക്യാപ്റ്റന്‍ കൂള്‍ മുന്നില്‍ നിന്ന് നയിച്ചത്. കങ്കാരുക്കളുടെ ഇതിഹാസ നായകനായ റിക്കി പോണ്ടിംഗ് പോലും ഇതിലും താഴെ മാത്രമേ ഉള്ളൂ എന്ന് പറയുമ്പോഴാണ് ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്തായിരുന്നു എന്ന വസ്തുത വ്യക്തമാകൂ. 200 ഏകദിന മത്സരങ്ങള്‍, 60 ടെസ്റ്റുകള്‍, 72 ട്വന്റി 20 മത്സരങ്ങള്‍ ധോണി ഇന്ത്യയുടെ നായകനായി.

കലാശ പോരാട്ടത്തിലെ കരുത്തന്‍


പടിക്കല്‍ കൊണ്ട് കലമുടിക്കുന്നവര്‍... അങ്ങനെ ഒരു ചീത്തപ്പേര് ഇന്ത്യന്‍ ക്രിക്കറ്റിന് ഉണ്ടായിരുന്ന ഒരു കാലമുണ്ട്. സൗരവ് ഗാംഗുലിയുടെ കരുത്തില്‍ 2003 ലോകകപ്പില്‍ ഫൈനല്‍ വരെ കുതിച്ചെത്തിയ നീലപ്പട ഓസീസിന് മുന്നില്‍ തകരുമ്പോള്‍ രാജ്യം കണ്ണീര്‍ വാര്‍ക്കുകയായിരുന്നു. എന്നാല്‍, ധോണി ഈ ചരിത്രത്തെ ആകെ മാറ്റി മറിക്കുകയായിരുന്നു.

ഏകദിന ക്രിക്കറ്റിലെ ഫൈനല്‍ പോരാട്ടങ്ങളില്‍ ഏറ്റവും വിജയം സ്വന്തമാക്കിയ നായകനാണ് ധോണി. രണ്ടോ അതില്‍ അധികമോ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റുകളില്‍ ആറെണ്ണത്തിലാണ് ഇന്ത്യ കലാശ പോരാട്ടത്തിലേക്ക് പൊരുതി എത്തിയത്. അതില്‍ നാലിലും വിജയം സ്വന്തമാക്കാന്‍ ധോണിപ്പടയ്ക്ക് സാധിച്ചു. അത്തരം ടൂര്‍ണമെന്റുകള്‍ വിജയകരമാക്കുന്ന പൂര്‍ത്തിയാക്കുന്ന നായകനാണ് ധോണി. ക്യാപ്റ്റനായി 110 ഏകദിനങ്ങളില്‍ ഇന്ത്യ വിജയ തീരത്ത് അടുപ്പിക്കാനും ധോണിക്ക് സാധിച്ചു. ഇക്കാര്യത്തില്‍ 165 വിജയങ്ങളുള്ള റിക്കി പോണ്ടിംഗ് മാത്രമാണ് ഈ റാഞ്ചിക്കാരന് മുന്നിലുള്ളത്.

നോട്ടൗട്ട് ധോണി


ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താവതെ നിന്ന താരമാണ് ധോണി. 84 ഏകദിനങ്ങളില്‍ ധോണി പുറത്താവാതെ നിന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്കാണ് രണ്ടാം സ്ഥാനത്താണ്. 72 മത്സരങ്ങളില്‍ പൊള്ളോക്ക് പുറത്താവാതെ നിന്നു. ധോണി പുറത്താവാതെ നിന്ന 84 ഏകദിനങ്ങളില്‍ 51 മത്സരങ്ങളില്‍ ഇന്ത്യ സ്‌കോര്‍ പിന്തുടരുകയായിരുന്നു. ഇതില്‍ 47ലും ഇന്ത്യ വിജയം നേടി. രണ്ട് മത്സരങ്ങള്‍ ടൈ ആയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്.

കിംഗ്  ഓഫ് സ്റ്റംപിങ്


350 മത്സരങ്ങളില്‍ ധോണി ഇന്ത്യയുടെ വിക്കറ്റ് പിന്നിലെ കരുത്തനായി നിലകൊണ്ടു. ഇത്രയും മത്സരങ്ങളില്‍ 123 സ്റ്റംപിങ്ങുകളിലാണ് ധോണി പങ്കാളിയായത്. 100 സ്റ്റംപിങ്ങുകളില്‍ പങ്കാളിയാകുന്ന ഏക വിക്കറ്റ്കീപ്പര്‍ എന്ന നേട്ടമാണ് മഹി പേരിലെഴുതിയത്. വിക്കറ്റിന് പിന്നില്‍ ഏറ്റവും കൂടുതല്‍ പുറത്താകലുകളില്‍ പങ്കാളിയാകുന്നതില്‍ ഓസീസിന്റെ ആദം ഗില്‍ക്രിസ്റ്റിനും ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചറിനും മാത്രം പിന്നിലാണ് ധോണി. 
 

click me!