മദ്യപിച്ച് വാഹനമോടിച്ചതിന് ഓസ്ട്രേലിയയില്‍ അറസ്റ്റിലായി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാർണർ

Published : Apr 07, 2026, 04:07 PM IST
DAVID WARNER BBL

Synopsis

ന്യൂ സൗത്ത് വെയിൽസ് പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഞായറാഴ്ച വൈകുന്നേരം 5:30-ഓടെ മരൂബ്രയിലെ മലാബാർ റോഡിൽ പോലീസ് വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു.

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായി. സിഡ്‌നിയിലെ മരൂബ്രയിൽ ഞായറാഴ്ച വൈകുന്നേരമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ താരം മടങ്ങിയെങ്കിലും മെയ് മാസത്തിൽ ഓസ്‌ട്രേലിയയിലെ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരും.

ന്യൂ സൗത്ത് വെയിൽസ് പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഞായറാഴ്ച വൈകുന്നേരം 5:30-ഓടെ മരൂബ്രയിലെ മലാബാർ റോഡിൽ പോലീസ് വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തെത്തിയപ്പോൾ വാർണർ തന്‍റെ വാൻ പെട്ടെന്ന് നിർത്തുകയും പാർക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. വാഹനപരിശോധന ഒഴിവാക്കാൻ താരം വാൻ ഒതുക്കി നിർത്താൻ ശ്രമിച്ചതാണ് പോലീസിന്‍റെ സംശയം വർദ്ധിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഹൈവേ പട്രോൾ വിഭാഗം ഉദ്യോഗസ്ഥർ വാർണറുടെ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് താരം അമിതമായി മദ്യപിച്ചതായി കണ്ടെത്തിയത്. അനുവദനീയമായ പരിധിയേക്കാൾ ഇരട്ടിയിലധികം മദ്യം താരത്തിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഉടൻ തന്നെ 39-കാരനായ വാർണറെ പോലീസ് കസ്റ്റഡിയിലെടുത്ത് മരൂബ്ര പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി വിട്ടയച്ചെങ്കിലും മെയ് മാസത്തിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2024-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വാർണർ നിലവിൽ കമന്‍റേറ്റർ വേഷത്തിലും ആഗോള ടി20 ലീഗുകളിലും സജീവമാണ്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ താരം ഓസ്‌ട്രേലിയ വിട്ടെങ്കിലും നിയമനടപടികൾ നേരിടാൻ താരം തിരിച്ചെത്തേണ്ടി വരും.

2024 ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തൊട്ടുമുൻപാണ് വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്ഥാനെതിരെയായിരുന്നു വാര്‍ണറുടെ വിടവാങ്ങൽ ടെസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി; രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം
മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരെ അമ്മാനമാടി ജയ്‌സ്വാള്‍, മികച്ച തുടക്കം നല്‍കി വൈഭവ്; രാജസ്ഥാനെതിരെ കൂറ്റന്‍ വിജയലക്ഷ്യം