വീണ്ടും ദക്ഷിണാഫ്രിക്കയെ നയിക്കാന്‍ പറഞ്ഞു; ഡിവില്ലിയേഴ്‌സിന്റെ മറുപടി ഇങ്ങനെയായിരുന്നു

By Web TeamFirst Published Apr 29, 2020, 4:36 PM IST
Highlights

ഒരിക്കല്‍ ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു, വീണ്ടും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന്. ഇപ്പോള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ട് എന്ന പരിപാടിയില്‍ മറ്റൊരു കാര്യം കൂടി വ്യക്തമാക്കിയിരിക്കുയാണ് ഡിവില്ലേയഴ്‌സ്.
 

മുംബൈ: എബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരിച്ചുവരുമെന്ന് വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട് ഒരുപാട് ദിവങ്ങളായി. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിരുന്നില്ല. ഒരിക്കല്‍ ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു, വീണ്ടും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന്. ഇപ്പോള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ട് എന്ന പരിപാടിയില്‍ മറ്റൊരു കാര്യം കൂടി വ്യക്തമാക്കിയിരിക്കുയാണ് ഡിവില്ലേയഴ്‌സ്.

വീണ്ടും ദക്ഷിണാഫ്രിക്കയെ നയിക്കാന്‍ തയ്യാറാണോ എന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് എന്നോട് ചോദിച്ചിരുന്നതായി ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തി. അതിന് ഡിവില്ലിയേഴ്‌സിന്റെ മറുപടി ഇങ്ങനെയായിരുന്നു. ''ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവര്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു വീണ്ടും ടീമിനെ നയിക്കാന്‍ കഴിയുമോ എന്ന്. എന്നാല്‍ എന്റെ പ്രകടനം കൊണ്ട് ഞാന്‍ ടീമിലേക്ക് മടങ്ങിവരാന്‍ പ്രാപ്തനാണോ എന്ന് പരിശോധിച്ച ശേഷം തിരിച്ചുവരവിനെ കുറിച്ച് ചിന്തിക്കുയുള്ളുവെന്ന് ഞാനവര്‍ക്ക് മറുപടി നല്‍കി. 

ഞാന്‍ മികച്ച ഫോമിലേക്ക് തിരിച്ചെത്തുക എന്നുള്ളത് എനിക്ക് നിര്‍ബന്ധമാണ്. മറ്റുള്ള താരത്തേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കില്‍ മാത്രമെ എനിക്ക് ഇനിയൊരു തിരിച്ചുവരവ് ഞാന്‍ അര്‍ഹിക്കുന്നുള്ളൂ. ഞാാന്‍ ഒരുപാട് കാലം ടീമന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ടുതന്നെ തിരിച്ചുവരവിന് മാനസികമായി തയ്യാറെടുക്കേണ്ടതുണ്ട്.'' താരം പറഞ്ഞു.

നേരത്തെ, ടി20 ലോകകപ്പിനുള്ള ടീമില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജൂണ്‍ ഒന്നിന് മുമ്പ് സെലക്ഷന് തയാറാവണമെന്ന് ഡിവില്ലിയേഴ്‌സ്, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍ എന്നിവരെ ബൗച്ചര്‍ അറിയിച്ചിരുന്നു. 2018 മെയിലാണ് ഡിവില്ലേയഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനുള്ള ടീമില്‍ തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ബോര്‍ഡ് ഡിവില്ലിയേഴ്‌സിനെ ഉള്‍പ്പെടുത്താന്‍ തയാറായില്ല. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്.

click me!