ചെപ്പോക്കില്‍ ചെന്നൈ വീണു, ഹൈദരാബാദ് പ്ലേ ഓഫില്‍, ഗുജറാത്തിനും പ്ലേ ഓഫ് ടിക്കറ്റ്, സിഎസ്‌കെ പുറത്തേക്ക്

Published : May 18, 2026, 11:46 PM IST
 Ishan Kishan-Heinrich Klaasen

Synopsis

ഹൈദരാബാദ് ജയിച്ചതോടെ 16 പോയിന്‍റുള്ള ഗുജറാത്തും ആര്‍സിബിക്കൊപ്പം പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. തോല്‍വിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകലിന്‍റെ വക്കിലാണ്.

ചെന്നൈ: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോല്‍വി. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദാരാബാദ് 16 പോയിന്‍റുമായി പ്ലേ ഓഫിലെത്തി. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് തുടക്കത്തില‍ പതറിയെങ്കിലും ഇഷാന്‍ കിഷന്‍റെ അര്‍ധസെഞ്ചുറിയുടെയും(47 പന്തില്‍ 70), ഹെന്‍റിച്ച് ക്ലാസന്‍റെ വെടിക്കെട്ടിന്‍റെയും(26 പന്തില്‍ 47) കരുത്തില്‍ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 

ഹൈദരാബാദ് ജയിച്ചതോടെ 16 പോയിന്‍റുള്ള ഗുജറാത്തും ആര്‍സിബിക്കൊപ്പം പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. തോല്‍വിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകലിന്‍റെ വക്കിലാണ്. അവസാന മത്സരത്തില്‍ ഗുജറാത്തിനെ തോൽപിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാല്‍ മാത്രമെ ചെന്നൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. സ്കോര്‍ ചെന്നൈ 20 ഓവറില്‍ 180-7, ഹൈദരാബാദ് 19 ഓവറില്‍ 181-5.

181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ആശിച്ച തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ ട്രാവിസ് ഹെഡിനെ(6) മടക്കിയ മുകേഷ് ചൗധരി ഹൈദരാബാദിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. അഭിഷേക് ശര്‍മയെയും ഇഷാന്‍ കിഷനെയും തകര്‍ത്തടിക്കാന്‍ അനുവദിക്കാതിരുന്ന ചെന്നൈ ബൗളര്‍മാര്‍ പവര്‍ പ്ലേയില്‍ ഹൈദരാബാദിനെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സിലൊതുക്കി. പവര്‍ പ്ലേയില്‍ 14 പന്ത് നേരിട്ട അഭിഷേകിന് 18 റണ്‍സ് മാത്രമാണ് നേടാനായത്. ഇഷാന്‍ കിഷനാകട്ടെ 16 പന്തില്‍ 20 റൺസ് മാത്രമാണ് നേടിയത്. പവര്‍ പ്ലേക്ക് പിന്നാലെ നൂര്‍ അഹമ്മദിനെ സിക്സ് പറത്തിയ അഭിഷേക് കത്തിക്കയറുമെന്ന് കരുതിയെങ്കിലും എട്ടാം ഓവറില്‍ അക്കീല്‍ ഹൊസൈന്‍ മടക്കിയതോടെ ഹൈദരാബാദ് പതറി. 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് ഹൈദരാബാദ് സ്കോര്‍ ചെയ്തത്.

 

എന്നാല്‍ നാലാം നമ്പറിലിറങ്ങിയ ഹെന്‍റി ക്ലാസന്‍ സ്പിന്നർമാര്‍ക്കെതിരെ സ്വീപ്പും റിവേഴ്സ് സ്വീപ്പുമായി കളം നിറഞ്ഞതോടെ ചെന്നൈയുടെ പിടി അയഞ്ഞു. ഇതോടെ ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് പേസര്‍മാരെ പന്തെറിയാന്‍ വിളിച്ചെങ്കിലും തകര്‍ത്തടിച്ച ഇഷാന്‍ കിഷന്‍ ഹൈദരാബാദിനെ നയിച്ചു. അന്‍ഷുല്‍ കാംബോജ് എറിഞ്ഞ പതിമൂന്നാം ഓവറില്‍ 16 റണ്‍സടിച്ച കിഷന്‍ ഹൈദരാബാദിന്‍റെ സമ്മർദമകറ്റി.

മിന്നല്‍ സ്റ്റംപിഗുമായി സഞ്ജു

പതിനഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ നൂര്‍ അഹമ്മദിന്‍റെ പന്തില്‍ ഹെന്‍റിച്ച് ക്ലാസനെ സഞ്ജു സാംസണ്‍ മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയതോടെ ചെന്നൈക്ക് നേരിയ പ്രതീക്ഷയായി. പതിനാറാം ഓവറില്‍ 37 പന്തില്‍ കിഷന്‍ അര്‍ധസെഞ്ചുറിയിലെത്തി. ക്ലാസന് പകരമെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി ഇഷാന് കിഷനൊപ്പം നിലയുറപ്പിച്ചതോടെ ചെന്നൈ വീണ്ടും സമ്മര്‍ദ്ദത്തിലായി. അഴസാന മൂന്നോവറില്‍ 28 റണ്‍സായിരുന്നു ഹൈദരാബദിന് ജയിത്താനായി വേണ്ടിയിരുന്നത്. പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ മുകേഷ് ചൗധരി നിതീഷ് കുമാര്‍ റെഡ്ഡിയെ(11) മടക്കി ചെന്നൈക്ക് വീണ്ടും നേരിയ പ്രതീക്ഷ നല്‍കി. എന്നാല്‍ അഞ്ചാം പന്തില്‍ ബൗണ്ടറി നേടിയ ഇഷാന്‍ അവസാന പന്ത് സിക്സിന് പറത്തി ഹൈദരാബാദിന്‍റെ അവസാന രണ്ടോവറിലെ ലക്ഷ്യം വെറും 13 റണ്‍സാക്കി കുറച്ചു. അന്‍ഷുല്‍ കാംബോജ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ഇഷാന്‍ കിഷന്‍(47 പന്തില്‍ 70) വീണെങ്കിലും സ്മരണ്‍ രവിചന്ദ്രനും(5) സലീല്‍ അറോറയും(10) ചേര്‍ന്ന് ഹൈദരാബദിനെ ജയത്തിലെത്തിച്ചു.

 

ഐപിഎല്ലിലെ പ്ലേ ഓഫ് ബെര്‍ത്ത് തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് പൊരുതാവുന്ന സ്കോര്‍. ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. 27 പന്തില്‍ 44 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. കാര്‍ത്തിക് ശര്‍മ 19 പന്തില്‍ 32 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 13 പന്തില്‍ 27 റണ്‍സടിച്ചു. ഒരു ബാറ്റര്‍ പോലും അര്‍ധസെഞ്ചുറി നേടാതിരുന്ന മത്സരത്തില്‍ ശിവം ദുബെ(23 പന്തില്‍ 26), നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്(21 പന്തില്‍ 15), ഊര്‍വില്‍ പട്ടേല്‍(8 പന്തില്‍ 13 എന്നിവര്‍ക്കും കാര്യമായ ഇംപാക്ട് ഉണ്ടാക്കാനായില്ല. ഹൈദരാബാദിനായി നായകന്‍ പാറ്റ് കമിൻസ് നാലോവോറില്‍ 28 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന്‍ രണ്ട് വിക്കറ്റെടുത്തു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തകര്‍ത്തടിക്കാനാവാതെ സൂപ്പര്‍ കിംഗ്സ്, ജീവന്‍മരണപ്പോരില്‍ ഹൈദരാബാദിനെതിരെ ചെന്നൈക്ക് പൊരുതാവുന്ന സ്കോര്‍
ആദ്യ സീസണിൽ തന്നെ 'തല'ക്ക് മുകളിൽ വളർന്ന് സഞ്ജു, ധോണിയുടെ വമ്പൻ റെക്കോർഡ് തകർത്ത് മലയാളി താരം