താരപ്പട്ടിക നോക്കൂ... ഇവരല്ലാതെ മറ്റാര് ടി20 ലോകകപ്പ് ഫേവറേറ്റുകളെന്ന് സമി

By Web TeamFirst Published Aug 23, 2021, 12:25 PM IST
Highlights

ടി20 ലോകകപ്പിലെ മികച്ച താരം ആരാകും എന്ന് പ്രവചിച്ചും ഡാരന്‍ സമി. വെസ്റ്റ് ഇന്‍ഡീസിനെ രണ്ട് ലോകകപ്പ് കിരീടങ്ങളിലേക്ക് നയിച്ച നായകനാണ് സമി.

ദുബായ്: യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പ് പൂരത്തിന് തിരികൊളുത്താന്‍ രണ്ട് മാസത്തില്‍ താഴെ സമയം മാത്രമാണ് അവശേഷിക്കുന്നത്. ലോകകപ്പിലെ ഫേവറേറ്റുകളെ ചൊല്ലി ഇതിനകം ചര്‍ച്ച സജീവമായിക്കഴിഞ്ഞു. ഇതിനൊപ്പം ചേര്‍ന്നിരിക്കുകയാണ് രണ്ട് തവണ വെസ്റ്റ് ഇന്‍ഡീസിനെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകന്‍ ഡാരന്‍ സമി. നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന് തന്നെയാണ് സമിയുടെ പിന്തുണ. 

'വെസ്റ്റ് ഇന്‍ഡീസാണ് ടി20 ലോകകപ്പിലെ ഫേവറേറ്റുകള്‍. ഞാന്‍ കരീബിയന്‍ ടീമിനോട് ചായ്‌വ് കാട്ടുന്നതായി ആളുകള്‍ പറഞ്ഞേക്കാം. എന്നാല്‍ അവസാന മൂന്ന് ടൂര്‍ണമെന്‍റുകള്‍ നോക്കൂ. രണ്ട് കപ്പുകളുയര്‍ത്തി. ഞങ്ങളുടെ താരങ്ങളുടെ കഴിവില്‍ നോക്കൂ. ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് തിരിച്ചെത്തിയിരിക്കുന്നു. യുണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ല്‍, ആന്ദ്രേ റസല്‍, ജേസന്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലന്‍, എവിന്‍ ലൂയിസ്...നിങ്ങളെ കടന്നാക്രമിക്കാന്‍ കഴിയുന്നവരുടെ ഒരു നീണ്ട പട്ടിക തന്നെ ഞാന്‍ തരാം'. 

ആരാവും ടൂര്‍ണമെന്‍റിന്‍റെ താരം

'ബാറ്റിംഗ് ഓര്‍ഡറില്‍ ആദ്യ മൂന്നില്‍ ബാറ്റ് ചെയ്യുന്ന ആരെങ്കിലുമാകും ടി20 ലോകകപ്പിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാവുക. വിരാട് കോലിയെ പോലൊരു താരത്തെ കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നു. എന്നാല്‍ കൂടുതല്‍ റണ്‍സ് നേടി എന്നതുകൊണ്ട് ടൂര്‍ണമെന്‍റ് വിജയിക്കണമെന്നില്ല. ആരാണ് ടൂര്‍ണമെന്‍റിന്‍റെ താരമാവുക എന്നതിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. നിര്‍ണായക സമയത്ത് ബാറ്റും പന്തും കൊണ്ട് തിളങ്ങാന്‍ കഴിയുന്ന ആന്ദ്രേ റസലിനെ പോലൊരാളാകും ലോകകപ്പിന്‍റെ താരം' എന്നും സമി കൂട്ടിച്ചേര്‍ത്തു. 

വെസ്റ്റ് ഇന്‍ഡീസിനെ പിന്തുണച്ച് സ്വാനും

'ഇന്ത്യയിലായിരുന്നു ടൂര്‍ണമെന്‍റ് നടക്കുന്നതെങ്കില്‍ കോലിപ്പടയെ തന്നെ ഫേവറേറ്റുകളായി തെരഞ്ഞെടുക്കുമായിരുന്നു. എന്നാല്‍ വേദി ഗള്‍ഫ് നാടുകളിലേക്ക് മാറ്റിയതോടെ വെസ്റ്റ് ഇന്‍ഡീസ് ഫേവറേറ്റുകളായി. ബാറ്റിംഗ് നിരയിലെ കരുത്തും ചിട്ടയായ ബൗളിംഗുമാണ് ഇതിന് കാരണം' എന്നും ഇംഗ്ലീഷ് മുന്‍ സ്‌പിന്നര്‍ ഗ്രെയിം സ്വാന്‍ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. 

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. 2012ലും 2016ലും കരീബിയന്‍ ടീമിനെ കിരീടത്തിലേക്ക് ഡാരന്‍ സമി നയിച്ചിരുന്നു. രണ്ട് കിരീടത്തിലും പങ്കാളികളായ ക്രിസ് ഗെയ്‌ല്‍, ഡ്വെയ്‌ന്‍ ബ്രാവോ, ആന്ദ്രേ റസല്‍, കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവര്‍ ഇക്കുറിയും ഇറങ്ങും. മാത്രമല്ല, ഇവരില്‍ മിക്കവരും ലോകകപ്പിന് മുമ്പ് ഐപിഎല്ലില്‍ കളിച്ച് യുഎഇയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യും. വെസ്റ്റ് ഇന്‍ഡീസിനൊപ്പം ടീം ഇന്ത്യയും ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഫേവറേറ്റുകളായി പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. 

ടി20 പൂരം ഒക്‌ടോബര്‍ 17 മുതല്‍

ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു. ഒക്‌ടോബര്‍ 17 മുതലാണ് ടി20 ലോകകപ്പ് നടക്കുന്നത്. വൈരികളായ പാകിസ്ഥാനെതിരെ ഒക്‌ടോബര്‍ 24നാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. നവംബര്‍ 14ന് ദുബൈയില്‍ ഫൈനല്‍ നടക്കും. 

നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍. ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്‌ഗാനിസ്ഥാൻ ടീമുകൾ ഗ്രൂപ്പ് രണ്ടിലും. ഒക്‌ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്‌ക്കുക. ശ്രീലങ്കയും ബംഗ്ലാദേശും അടക്കമുള്ള ടീമുകൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നുണ്ട്. 

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്‌ടര്‍ ആര്? ഫൈനലിസ്റ്റുകളേയും പ്രവചിച്ച് ദിനേശ് കാര്‍ത്തിക്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!