'അശ്വിന്‍ ബൗളിംഗ് മജീഷ്യനും ബാറ്റിംഗ് പോരാളിയും'; ലീഡ്‌സില്‍ കളിപ്പിക്കണമെന്ന് മുന്‍താരം

By Web TeamFirst Published Aug 23, 2021, 11:42 AM IST
Highlights

ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിന് ഇന്ത്യ അവസരം നല്‍കണമെന്ന് വാദിച്ച് മുന്‍താരം ഫറൂഖ് എഞ്ചിനീയര്‍

ലീഡ്‌സ്: സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനെ ബൗളിംഗ് മജീഷ്യനും ബാറ്റിംഗ് പോരാളിയുമെന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ മുന്‍താരം ഫറൂഖ് എഞ്ചിനീയര്‍. ഇംഗ്ലണ്ടിനെതിരെ ലീഡ്‌സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ അശ്വിന് ടീം ഇന്ത്യ അവസരം നല്‍കണമെന്നും അദേഹം പറഞ്ഞു. ട്രെന്‍ഡ് ബ്രിഡ്‌ജ്, ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റുകളില്‍ അശ്വിന് ഇന്ത്യ അവസരം നല്‍കിയിരുന്നില്ല. 

'മഴ പെയ്‌ത, മൂടിക്കെട്ടിയ സാഹചര്യമായതിനാലാണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിന് അവസരം ലഭിക്കാതെ പോയത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മൂടിക്കെട്ടിയ കാലാവസ്ഥയില്‍ പേസര്‍മാര്‍ക്കാണ് മുന്‍തൂക്കം ലഭിക്കുക. അതിനാല്‍ ടീം ഇന്ത്യയുടെ തീരുമാനം ശരിയാണ്. ഹെഡിംഗ്‌ലെയില്‍ മൂന്ന് പേസര്‍മാരെയും അശ്വിനേയുമാണ് കളിപ്പിക്കേണ്ടത്. നമുക്ക് ബൗളിംഗില്‍ കൂടുതല്‍ വൈവിധ്യം ലഭിക്കും എന്നതാണ് കാരണം.  മികച്ച ഓള്‍റൗണ്ടറാണ് അശ്വിനെന്ന് മറക്കരുത്. അശ്വിന്‍ ലോകോത്തര ബൗളറാണ്. അതോടൊപ്പം മികച്ച ബാറ്റ്സ്‌മാനുമാണ്. 

അശ്വിനൊരു പോരാളിയാണ്. അദേഹത്തെ പോലുള്ള പോരാളികളെ ടീമിന് ആവശ്യമാണ്. അതിനാല്‍ അശ്വിന്‍ ടീമില്‍ വേണമെന്നാണ് ഞാന്‍ പറയുന്നത്. ആരെ ഒഴിവാക്കും എന്നറിയില്ല. ഇംഗ്ലണ്ടിനെ തോല്‍പിക്കാന്‍ കഴിവുള്ള 12-14 താരങ്ങളില്‍ നിന്ന് പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക സെലക്‌ടര്‍മാര്‍ക്ക് വെല്ലുവിളിയാണ്. എന്നാലും രവിചന്ദ്ര അശ്വിനെ അടുത്ത ടെസ്റ്റില്‍(ലീഡ്‌സില്‍) കളിപ്പിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അശ്വിനൊരു ബൗളിംഗ് മജീഷ്യനാണ്. പോരാളിയായ ബാറ്റ്സ്‌മാനാണ്. അതിനാല്‍ എന്‍റെ വോട്ട് അശ്വിനാണ്'- ഫറൂഖ് എഞ്ചിനീയര്‍ പറഞ്ഞു. 

കാലാവസ്ഥയും പരിഗണിക്കണം

എന്നാല്‍ അന്തിമ ഇലവനെ തെരഞ്ഞെടുക്കും മുമ്പ് ഹെഡിംഗ്‌ലെയിലെ കാലാവസ്ഥ കൂടി പരിഗണിക്കേണ്ടതുണ്ട് എന്ന് ഫറൂഖ് എഞ്ചിനീയര്‍ വ്യക്തമാക്കി. 'വീണ്ടും പിച്ചിന് അനുസരിച്ചിരിക്കും ടീം സെലക്ഷന്‍. മുൻകാലങ്ങളില്‍ മഴയിൽ ഇംഗ്ലണ്ട് അവരുടെ ഫാസ്റ്റ് ബൗളർമാർക്ക് അനുയോജ്യമായ പച്ച പിച്ചുകൾ തയ്യാറാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനേക്കാള്‍ മികച്ച ഓപ്പണര്‍മാരുണ്ട്. അതിനാല്‍ ഗ്രീന്‍ പിച്ചുകള്‍ ഒരുക്കാന്‍ അവര്‍ തയ്യാറായേക്കില്ല' എന്നും ഫറൂഖ് എഞ്ചിനീയര്‍ കൂട്ടിച്ചേര്‍ത്തു. 

ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ലീഡ്‌സില്‍ ബുധനാഴ്‌ച മൂന്നാം ടെസ്റ്റിന് തുടക്കമാകും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 

21 കൂട്ടം കറികളും പായസവും; ഇംഗ്ലണ്ടില്‍ ഓണസദ്യ കഴിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്‌ടര്‍ ആര്? ഫൈനലിസ്റ്റുകളേയും പ്രവചിച്ച് ദിനേശ് കാര്‍ത്തിക്

'രോഹിത് ലോകകപ്പിന്‍റെ പര്യായം'; ടി20 പൂരത്തിലും തീപ്പൊരി പ്രതീക്ഷിക്കാമെന്ന് ദിനേശ് കാര്‍ത്തിക്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!