ഇത് വാര്‍ണര്‍ സ്റ്റൈല്‍; ടി20യില്‍ ചരിത്രനേട്ടങ്ങളുമായി ബാറ്റിംഗ് പൂരം

By Web TeamFirst Published Nov 2, 2019, 4:49 PM IST
Highlights

മൂന്ന് മത്സരങ്ങളിലും അമ്പതിലധികം സ്‌കോര്‍ നേടിയ വാര്‍ണര്‍ നിര്‍ണായക നേട്ടങ്ങളിലാണെത്തിയത്

സിഡ്‌നി: ശ്രീലങ്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ബാറ്റിംഗ് വിളയാട്ടമായിരുന്നു. ആഷസിലെ കോട്ടം പരമ്പരയില്‍ തീര്‍ത്ത വാര്‍ണര്‍ ഏവരെയും ഞെട്ടിച്ചു. മൂന്ന് മത്സരങ്ങളിലും വാര്‍ണറെ പുറത്താക്കാന്‍ ലസിത് മലിംഗ നേതൃത്വം നല്‍കിയ ലങ്കന്‍ ബൗളര്‍മാര്‍ക്കായില്ല. 100*, 60*, 57* എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ വാര്‍ണറുടെ സ്‌കോര്‍. 

മൂന്ന് മത്സരങ്ങളിലും അമ്പതിലധികം സ്‌കോര്‍ നേടിയ വാര്‍ണര്‍ നിര്‍ണായക നേട്ടങ്ങളിലാണെത്തിയത്. ഒരു ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി അര്‍ധ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന നേട്ടത്തില്‍ വാര്‍ണര്‍ എത്തി. ഇതില്‍ ഒതുങ്ങുന്നില്ല അവസാന മത്സരത്തില്‍ വാര്‍ണര്‍ എത്തിപ്പിടിച്ച നേട്ടങ്ങള്‍. 

മത്സരത്തില്‍ 37ല്‍ നില്‍ക്കേ ടി20യില്‍ 9000 റണ്‍സ് തികയ്‌ക്കുന്ന അഞ്ചാമത്തെ താരമെന്ന നേട്ടത്തിലെത്തി വാര്‍ണര്‍. ക്രിസ് ഗെയ്‌ല്‍(13051), ബ്രണ്ടന്‍ മക്കല്ലം(9922), കീറോണ്‍ പൊള്ളാര്‍ഡ്(9780), ഷൊയ്‌ബ് മാലിക്ക്(9120) എന്നിവരാണ് മുന്‍പ് ഈ നാഴികക്കല്ല് പിന്നിട്ടത്. വാര്‍ണറുടെ ആകെ റണ്‍ സമ്പാദ്യം 9020 റണ്‍സിലെത്തിയിട്ടുണ്ട്. 

നാല്‍പ്പത്തിയെട്ടില്‍ നില്‍ക്കേ അന്താരാഷ്‌ട്ര ടി20യില്‍ 2000 റണ്‍സ് തികയ്‌ക്കുന്ന ആറാമത്തെ താരമെന്ന നേട്ടത്തിലുമെത്തി വാര്‍ണര്‍. വിരാട് കോലി(2450), രോഹിത് ശര്‍മ്മ(2443), മാര്‍ട്ടിന്‍ ഗപ്‌റ്റില്‍(2285), ഷൊയ്‌ബ് മാലിക്ക്(2263), ബ്രണ്ടന്‍ മക്കല്ലം(2140), ഡേവിഡ് വാര്‍ണര്‍(2009) എന്നിങ്ങനെയാണ് സ്‌കോര്‍. 

click me!