
മുള്ളൻപൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 214 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുടെ കരുത്തിൽ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. 46 പന്തില്‍ 90 റണ്‍സടിച്ച ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രം 26 പന്തില്‍ 29 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ 12 പന്തില്‍ 20 റണ്‍സുമായും ഡൊണോവന്‍ ഫെരേര 16 പന്തില്‍ 30 റണ്‍സുമായും പുറത്താകാതെ നിന്നു. അര്‍ഷ്ദീപും ബുമ്രയുമെറിഞ്ഞ അവസാന മൂന്നോവറില്‍ 49 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചു കൂട്ടിയത്. രണ്ടുപേരും ചേര്‍ന്ന് എറിഞ്ഞ എട്ടോവറില്‍ 99 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ഇരുവര്‍ക്കുമായില്ല. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപ്പണര്‍മാരായ ക്വിന്‍റണ്‍ ഡി കോക്കും റീസ ഹെന്‍ഡ്രിക്കസും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. തുടക്കത്തില്‍ താളം കണ്ടെത്താന്‍ ഹെന്‍ഡ്രിക്കസ് പാടുപെട്ടപ്പോള്‍ ആക്രമണത്തിന്‍റെ ചുമതല ഡി കോക്ക് ഏറ്റെടുത്തു. അര്‍ഷ്ദീപ് സിംഗിന്‍റെ ആദ്യ ഓവറിലെ അഞ്ചാം പന്ത് തന്നെ സിക്സിന് തൂക്കി ഡി കോക്ക് നയം വ്യക്തമാക്കി. അര്‍ഷ്ദീപിന്‍റെ മൂന്നാം ഓവറിലും ഡി കോക്ക് സിക്സും ഫോറും നേടി. ജസ്പ്രീത് ബുമ്രയെറിഞ്ഞ നാലാം ഓവറില്‍ ഹെന്‍ഡ്രിക്കസും ഡി കോക്കും സിക്സ് അടിച്ചതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി. എന്നാല്‍ അഞ്ചാം ഓവറില്‍ ആദ്യ ബൗളിംഗ് മാറ്റവുമായെത്തിയ വരുണ്‍ ചക്രവര്‍ത്തി ആദ്യ പന്തില്‍ തന്നെ ഹെന്‍ഡ്രിക്കസിനെ ബൗള്‍ഡാക്കി ദക്ഷിണാഫ്രിക്കക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. 10 പന്തില്‍ എട്ട് റണ്‍സായിരുന്നു ഹെന്‍ഡ്രിക്കസിന്‍റെ സംഭാവന.
ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നാലോവറില്‍ 38 റണ്‍സടിച്ചു. വിക്കറ്റ് വീണെങ്കിലും തകര്‍ത്തടിച്ച ഡി കോക്ക് പവര്‍ പ്ലേയില്‍ ദക്ഷിണാഫ്രിക്കയെ 53 റണ്‍സിലെത്തിച്ചു. 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡി കോക്ക് ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രത്തിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കി. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ പതിനൊന്നാം ഓവറില്‍ ആദ്യ പന്ത് സിക്സ് അടിച്ച ഡി കോക്ക് പിന്നാലെ ആറ് വൈഡ് കൂടി ലഭിച്ചതോടെ ദക്ഷിണാഫ്രിക്ക 100 കടന്നു. 18 റണ്‍സാണ് അര്‍ഷ്ദിപിന്‍റെ ഓവറിൽ ദക്ഷിണാഫ്രിക്ക നേടിയത്. വരുണ്‍ ചക്രവര്‍ത്തിയെ തുടര്‍ച്ചയായി സിക്സുകള്‍ പറത്തി ഏയ്ഡന്‍ മാര്‍ക്രം ഗിയര്‍ മാറ്റിയെങ്കിലും പിന്നാലെ മാര്‍ക്രത്തെ(26 പന്തില്‍ 29) വീഴത്തി ചക്രവര്‍ത്തി തിരിച്ചടിച്ചു. ഡെവാള്‍ഡ് ബ്രെവിസും ഡി കോക്കും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ പതിനഞ്ചാം ഓവറില്‍ 150 കടത്തി.
സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഡി കോക്കിനെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ റണ്ണൗട്ടാക്കിയ ജിതേഷ് ശര്‍മയാണ് കളി തിരിച്ചത്. 46 പന്തില്‍ 90 റണ്‍സടിച്ച ഡി ഡി കോക്ക് അഞ്ച് ഫോറും ഏഴ് സിക്സും പറത്തി. അടുത്ത ഓവറില്‍ അക്സര്‍ പട്ടേലിന്‍റെ പന്തില്‍ ബ്രെവിസിനെ(10 പന്തില്‍ 14) തിലക് വര്‍മ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കിയത് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി. 15, 16 ഓവറുകളില്‍ എട്ട് റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് നേടാനായത്. എന്നാല്‍ ജസ്പ്രീത് ബുമ്ര എറിഞ്ഞ പതിനെട്ടാം ഓവറില്‍ മൂന്ന് ഫോര്‍ അടക്കം 15 റണ്‍സടിച്ച ഡേവിഡ് മില്ലറും ഡൊണോവന്‍ ഫെരേരയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വീണ്ടും ടോപ് ഗിയറിലാക്കി. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 16 റണ്‍സ് കൂടി പിറന്നതോടെ ദക്ഷിണാഫ്രിക്ക 200 കടന്നു. ജസ്പ്രീത് ബുമ്രയെറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്സ് അടക്കം 18 റണ്‍സ് കൂടി നേടി ദക്ഷിണാഫ്രിക്ക 213ല്‍ എത്തി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് നാലോവറില്‍ 54 റണ്‍സ് വഴങ്ങിയപ്പോള്‍ ജസ്പ്രീത് ബുമ്ര നാലോവറില്‍ 45 റണ്‍സ് വിട്ടുകൊടുത്തു. നാലോവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തി മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെ ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ഇന്നും പ്ലേയിംഗ് ഇലവനില്‍ ഇടം നേടാനായില്ല. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.ആദ്യ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. കേശവ് മഹാരാജും ട്രിസ്റ്റൻ സ്റ്റബ്സും ആന്‍റിച്ച് നോര്‍ക്യയയും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ റീസ ഹെന്‍ഡ്രിക്കസും ജോര്‍ജ് ലിന്‍ഡെയും ഓട്‌നീല്‍ ബാര്‍ട്‌മാനും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!