
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022)ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (CSK) കനത്ത തിരിച്ചടി. നടുവിന് പരിക്കേറ്റ പേസര്‍ ദീപക് ചാഹറിന് (Deepak Chahar) സീസണ്‍ നഷ്‌ടമാകുമെന്ന് ഉറപ്പായി. ഇക്കാര്യം ബിസിസിഐ (BCCI) സ്ഥിരീകരിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ (KKR) പരിക്കേറ്റ പേസര്‍ റാസിഖ് സലാമിന് (Rasikh Salam) സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും. ഇതിനകം രണ്ട് മത്സരങ്ങള്‍ കളിച്ച റാസിഖിന് പകരം പേസര്‍ ഹര്‍ഷിത് റാണയുമായി (Harshit Rana) കെകെആര്‍ കരാറിലെത്തിയെന്നും ബിസിസിഐ അറിയിച്ചു.
വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കിടെ പരിക്കേറ്റ ചാഹർ ഒരു മാസത്തിലേറെയായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികില്‍സയിലും പരിശീലനത്തിലുമാണ്. 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മെഗാ താരലേലത്തിൽ 29കാരനായ ചാഹറിനെ സ്വന്തമാക്കുകയായിരുന്നു. 2018ലാണ് ദീപക് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമായത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പം നേടി. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്‌സിയില്‍ താരം പേരിലാക്കിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി ദീപക് ചാഹര്‍ 32 വിക്കറ്റ് പേരിലാക്കി.
ദീപക് ചാഹറിന്‍റെ അസാന്നിധ്യമാണ് സീസണില്‍ ചെന്നൈയുടെ തിരിച്ചടികള്‍ക്ക് കാരണമെന്ന് മുന്‍താരം ഹര്‍ഭജന്‍ സിംഗ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 'രണ്ട് പ്രധാന പ്രശ്‌നങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുള്ളത്. ആദ്യ ആറ് ഓവറുകളില്‍ തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്താന്‍ കഴിവുള്ള ദീപക് ചാഹറിനെ പോലൊരു ബൗളറില്ല. പവര്‍പ്ലേയ്‌ക്ക് ശേഷം 7-15 ഓവറുകളില്‍ വിക്കറ്റ് വേട്ടക്കാരായ സ്‌പിന്നര്‍മാരുമില്ല. റുതുരാജ് ഗെയ്‌ക്‌വാദ് വേഗത്തില്‍ പുറത്താകുന്നു. അതിനാല്‍ ശക്തമായ ഓപ്പണിംഗ് സഖ്യമില്ല. അതിനാലാണ് ചെന്നൈ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റത്' എന്നുമായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഹര്‍ഭജന്‍ സിംഗിന്‍റെ വാക്കുകള്‍.
IPL 2022 : തിരിച്ചുവരവില്‍ കൊല്‍ക്കത്തയെ കടപുഴക്കുമോ ഹൈദരാബാദ്; കണക്കും സാധ്യതകളും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!