ദീപക് ഹൂഡയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നഷ്ടമാവും, ഷമിയും കളിക്കില്ല; യുവതാരം ടീമിലേക്ക്

By Web TeamFirst Published Sep 26, 2022, 8:54 PM IST
Highlights

ആദ്യ ടി20ക്കായി ഷമി തിരുവനന്തപുരത്തേക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരെ പകരക്കാരനായി ഇടംപിടിച്ച ഉമേഷ് യാദവിനെ ഒഴിവാക്കിയിട്ടുമില്ല. ഉമേഷ് ടീമിനൊപ്പം തുടരുമെന്നാണ് അറിയുന്നത്.

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നഷ്ടമാവും. പുറംവേദനയെ തുടര്‍ന്ന് താരത്തെ ടീമില്‍ നിന്നൊഴിവാക്കി. കൊവിഡ് മുക്തനാവാത്ത മുഹമ്മദ് ഷമിക്കും പരമ്പര നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇരുവര്‍ക്കും പകരക്കാരെ സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഹൂഡയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ടീമിലെത്തിയേക്കും. ഷമിക്ക് പകരമായി ഉമ്രാന്‍ മാലിക്കിനെ സ്റ്റാന്‍ഡ് ബൈ പ്ലയറായി ഉള്‍പ്പെടുത്തുമെന്നും വാര്‍ത്തുകള്‍ പുറത്തുവരുന്നു.

ആദ്യ ടി20ക്കായി ഷമി തിരുവനന്തപുരത്തേക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരെ പകരക്കാരനായി ഇടംപിടിച്ച ഉമേഷ് യാദവിനെ ഒഴിവാക്കിയിട്ടുമില്ല. ഉമേഷ് ടീമിനൊപ്പം തുടരുമെന്നാണ് അറിയുന്നത്. ടി20 ലോകകപ്പിനുള്ള ടീമില്‍ ഷമി സ്റ്റാന്‍ഡ് ബൈ താരമായി ഇടം നേടിയിരുന്നു. ഓസ്‌ട്രേലിയയിലേക്കുള്ള സംഘത്തില്‍ ഷമി തുടരുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. യാത്ര തിരിക്കും മുമ്പ് ഷമി പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് സെലക്റ്റര്‍മാരുടെ പ്രതീക്ഷ. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഒരിക്കല്‍ പോലും താരം ഇന്ത്യന്‍ ജേഴ്‌സിയില്‍ ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതോടെ താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ സ്റ്റാന്‍ഡ് ബൈ താരമായിട്ട് മാത്രമാണ് ടീമിലെടുത്തത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പര നടക്കുന്നതിനിടെയാണ് ഹൂഡയ്ക്ക് പരിക്കേല്‍ക്കുന്നത്. പുറംവേദനയെ തുടര്‍ന്ന് അദ്ദേഹത്തിന് ഓസീസിനെതിരായ മൂന്നാം ടി20 കളിക്കാനാവില്ലെന്ന വാര്‍ത്തകളുണ്ടായിരുന്നു. താരത്തെ വിദഗ്ധ പരിശോധനയ്ക്കായി ബാംഗ്ലൂര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്കയക്കും. ഹൂഡയും ഇന്ത്യന്‍ ടീമിനൊപ്പം തിരുവനന്തപുരത്തെത്തിയിരുന്നില്ല. എന്നാല്‍ ലോകകപ്പ് ടീമില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്ന് ഉറപ്പായിട്ടില്ല. ഒക്ടോബര്‍ ആറിനാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിക്കുന്നത്. ടീമില്‍ മാറ്റം വരുത്താന്‍ ഇനിയും സമയം ബാക്കിയുണ്ട്. ഒക്ടോബര്‍ 16 മുതല്‍ 23 വരെയാണ് ലോകകപ്പ്. 


ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയി, ദീപക് ചാഹര്‍.
 

click me!