ലോകകപ്പിന് അവനുണ്ടാകും; ടീമില്‍ സ്ഥാനമുറപ്പിച്ച താരത്തിന്‍റെ പേരുമായി ശ്രീകാന്ത്, എന്നാലത് സൂര്യകുമാറല്ല

Published : Aug 06, 2022, 07:34 PM ISTUpdated : Aug 06, 2022, 07:37 PM IST
 ലോകകപ്പിന് അവനുണ്ടാകും; ടീമില്‍ സ്ഥാനമുറപ്പിച്ച താരത്തിന്‍റെ പേരുമായി ശ്രീകാന്ത്, എന്നാലത് സൂര്യകുമാറല്ല

Synopsis

ഒരു താരം എന്തായാലും ലോകകപ്പ് സ്‌ക്വാഡില്‍ കാണുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ നായകനും മുഖ്യ സെലക്‌ടരുമായിരുന്ന കൃഷ്‌ണ‌മചാരി ശ്രീകാന്ത്

ഫ്ലോറിഡ: ടി20 ലോകകപ്പില്‍(T20 World Cup 2022) ആരൊക്കെ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കും എന്ന ആകാംക്ഷ മുറുകുകയാണ്. വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ കളിക്കുന്ന സമാന സ്‌ക്വാഡാവും ലോകകപ്പിനും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ തന്നെ ലോകകപ്പില്‍ കളിക്കുന്ന താരങ്ങളുടെ ഏകദേശ രൂപം വരും ദിവസങ്ങളില്‍ തന്നെ അറിയാം. ഇതിനിടെ ഒരു താരം എന്തായാലും ലോകകപ്പ് സ്‌ക്വാഡില്‍ കാണുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ നായകനും മുഖ്യ സെലക്‌ടരുമായിരുന്ന കൃഷ്‌ണ‌മചാരി ശ്രീകാന്ത്(Kris Srikkanth). 

'ടി20 ലോകകപ്പിനായി സജീവമായി പേര് മുന്നോട്ടുവെക്കുന്ന താരമാണ് ദീപക് ഹൂഡ. മുന്‍ സെലക്‌‌ഷന്‍ കമ്മിറ്റി തലവന്‍ എന്ന നിലയ്‌ക്കാണ് ഞാനിത് പറയുന്നത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിലെ അവസാന 15 അംഗ ടീമില്‍ എന്തായാലും ഹൂഡ കാണും. മെല്‍ബണില്‍ ഹൂഡയ്‌ക്ക് തിളങ്ങാനാകുമോ? തീര്‍ച്ചയായും. ധൈര്യമാണ് ഹൂഡയെ ഇഷ്‌ടപ്പെടാനുള്ള കാരണം. സ്വാതന്ത്ര്യത്തോടെ കളിക്കുന്നവരെ ഞാന്‍ ഇഷ്‌ടപ്പെടുന്നു. അദ്ദേഹമൊരു മികച്ച ബൗളര്‍ കൂടിയാണ്. കൂര്‍മ്മബുദ്ധിശാലിയായ ബൗളര്‍. അതിനാല്‍ തന്നെ ലോകകപ്പിനായി ശക്തമായി മത്സരരംഗത്തുണ്ടാകും ദീപക് ഹൂഡ' എന്നും കെ ശ്രീകാന്ത് ഫാന്‍കോഡിനോട് പറഞ്ഞു. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഓഗസ്റ്റ് എട്ടാം തിയതിക്കുള്ളില്‍ പ്രഖ്യാപിക്കും. ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍. അതിനാല്‍ തന്നെ ലോകകപ്പിനുള്ള ഏകദേശ ഇന്ത്യന്‍ ടീമിനെ ഇതിലൂടെയറിയാം. ഏഷ്യാ കപ്പിലൂടെയാവും വിരാട് കോലി ടീമിലേക്ക് തിരിച്ചെത്തുക. ഇതോടെ ശ്രേയസ് അയ്യര്‍ അല്ലെങ്കില്‍ ഹൂഡ എന്നിവരില്‍ ഒരാള്‍ മാത്രമെ ടീമിലെത്തൂ. നിലവിലെ ഫോമില്ലായ്‌മ ശ്രേയസിന് വെല്ലുവിളിയാണ്. എന്നാല്‍ ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടുന്നത് ഹൂഡയ്‌ക്ക് ശ്രേയസുമായുള്ള മത്സരത്തില്‍ മേല്‍ക്കോയ്‌മ നല്‍കുന്നു. 

നിലവില്‍ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ടീമിനൊപ്പമുണ്ട് ദീപക് ഹൂഡയും ശ്രേയസ് അയ്യരും. പരമ്പരയിലെ നാലാം ടി20 ഇന്ന് ഫ്ലോറിഡയില്‍ നടക്കും. പരമ്പരയില്‍ 2-1ന് ഇന്ത്യ നിലവില്‍ മുന്നിട്ടുനില്‍ക്കുകയാണ്. 

 

PREV
click me!

Recommended Stories

ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം
'ആ അധ്യായം ഇവിടെ അവസാനിക്കുന്നു'; പലാഷ് മുച്ചാലുമായുള്ള വിവാഹം, മൗനം വെടിഞ്ഞ് സ്മൃതി മന്ദാന