ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം, സഞ്ജു സാംസൺ തന്റെ ഭാര്യ ചാരുലതയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു വൈകാരിക കുറിപ്പ് പങ്കുവെച്ചു.

അഹമ്മദാബാദ്: ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ തനിക്ക് പിന്നില്‍ കരുത്തായി നിന്ന വ്യക്തിയെ കുറിച്ച് സംസാരിച്ച് സഞ്ജു സാംസണ്‍. സോഷ്യല്‍ മീഡിയയിലാണ് സഞ്ജു തന്റെ ഭാര്യ ചാരുലതയെ കുറിച്ച് ഏറെ വികാരാധീനനായി സംസാരിച്ചത്. ലോകകപ്പിലെ താരമായിരുന്നു സഞ്ജു. അഞ്ച് ഇന്നിംഗ്സുകള്‍ മാത്രം കളിച്ച സഞ്ജു 80.25 ശരാശരിയില്‍ 321 റണ്‍സാണ് നേടിയത്. 199.37 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ സഞ്ജു 24 സിക്സും നേടി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരവും സഞ്ജു തന്നെ.

അതിന് പിന്നാലെയാണ സഞ്ജു സോഷ്യല്‍ മീഡിയ പോസ്റ്റുമായി എത്തിയത്. സഞ്ജു കുറിച്ചിട്ടതിങ്ങനെ... 'നിന്നെ കണ്ടുമുട്ടിയ ആ ദിവസം മുതല്‍ എന്റെ ജീവിതത്തിലെ ഈ നിമിഷം വരെ... എന്റെ കൂടെ നിന്നതിനും, ഞാന്‍ ആരാണെന്ന് മനസ്സിലാക്കി എന്നെ സ്‌നേഹിച്ചതിനും, പുറംലോകത്തിന് ഞാന്‍ എങ്ങനെയുള്ളവനായാലും എന്നോട് എന്നും സത്യസന്ധത പുലര്‍ത്തിയതിനും നിനക്ക് ഒത്തിരി നന്ദി.. എന്റെ നല്ല വശങ്ങളും മോശം വശങ്ങളും ഒരുപോലെ കണ്ടിട്ടും നീ എനിക്കൊപ്പം ഉറച്ചുനിന്നു. ക്രിക്കറ്റ് എന്റെ ജീവിതത്തില്‍ എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കിയതിനും, അതിനെ നിന്റേത് കൂടിയാക്കി മാറ്റിയതിനും നന്ദി. ഈ നിമിഷത്തിനായി ഞാന്‍ ആഗ്രഹിച്ചതും സ്വപ്നം കണ്ടതും അതേ തീവ്രതയോടെയും ആവേശത്തോടെയും നീയും ആഗ്രഹിച്ചു. എന്റെ പ്രിയപ്പെട്ട പെണ്ടാട്ടിക്ക് ഒരുപാട് നന്ദി... സഞ്ജു കുറിച്ചിട്ടു.

View post on Instagram

ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്. അതിന് മുമ്പ് സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സ് നേടിയ സഞ്ജു സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തു. നിര്‍ണായ മത്സരങ്ങളിലെ പ്രകടനാണ് സഞ്ജുവിനെ മികച്ച താരമാക്കിയത്. ഒരു ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമായും സഞ്ജു മാറി.

ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു 24 സിക്സുകളാണ് നേടിയത്. ഇത്രയും സിക്സുകള്‍ ഒരു ലോകകപ്പിലും ഒരു താരവും നേടിയിട്ടില്ല. ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍ രണ്ടാം സ്ഥാനത്താണ്. 20 സിക്സുകളാണ് അലന്‍ നേടിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോണ്‍ ഹെറ്റ്മെയര്‍ (19), പാകിസ്ഥാന്റെ സാഹിബ്സാദ ഫര്‍ഹാന്‍ (18), ഇഷാന്‍ കിഷന്‍ (18) എന്നിവര്‍ പിന്നിലുണ്ട്.

YouTube video player