
ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 225 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെയും അക്സര്‍ പട്ടേലിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികുടെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. 43 പന്തില്‍ 88 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ റിഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്കോററര്‍. അക്സര്‍ പട്ടേല്‍ 43പന്തില്‍ 66 റണ്‍സെടുത്തപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ട്രൈസ്റ്റൻ സ്റ്റബ്സ് 7 പന്തില്‍ 26 റണ്‍സുമായി ഡല്‍ഹിയെ 200 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗുജറാത്തിനായി അരങ്ങേറ്റം കുറിച്ച മലയാളി പേസര്‍ സന്ദീപ് വാര്യര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.
തലയരിഞ്ഞ് സന്ദീപ്, തിരിച്ചടിച്ച് അക്സറും പന്തും
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഡല്‍ഹിക്ക് ഓപ്പണര്‍മാരായ പൃഥ്വി ഷായും ജേക് ഫ്രേസര്‍ മക്‌ഗുര്‍കും ചേര്‍ന്ന് തകര്‍പ്പൻ തുടക്കമാണ് നല്‍കിയത്. ആദ്യ മൂന്നോവറില്‍ ഇരുവരും ചേര്‍ന്ന് 34 റണ്‍സടിച്ചു. എന്നാല്‍ ആദ്യ ഓവറില്‍ 12 റണ്‍സ് വഴങ്ങിയ സന്ദീപ് വാര്യര്‍ക്ക് പവര്‍ പ്ലേയില്‍ രണ്ടാം ഓവര്‍ നല്‍കാനുള്ള ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ തീരുമാനം നിര്‍ണായകമായി. തന്‍റെ രണ്ടാം ഓവറില്‍ അപകടകാരിയായ മക്‌കുര്‍ഗിനെ(14 പന്തില്‍ 23) സ്ക്വയര്‍ ലെഗ്ഗില്‍ നൂര്‍ അഹമ്മദിന്‍റെ കൈകളിലെത്തിയ സന്ദീപ് അതേ ഓവറില്‍ പൃഥ്വി ഷായെയും(7 പന്തില്‍ 11) പുറത്താക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചു. പവര്‍ പ്ലേയില്‍ മൂന്നാം ഓവറും എറിയാനെത്തിയ സന്ദീപ് തന്‍റെ മൂന്നാം ഓവറില്‍ ഷായ് ഹോപ്പിനെ(5) റാഷിദ് ഖാന്‍റെ കൈകളിലെത്തിച്ചതോടെ ഡല്‍ഹി 44-3ലേക്ക് വീണു.
അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ റിഷഭ് പന്ത് അക്സറിനൊപ്പം തകര്‍ത്തടിച്ചതോടെ ഡല്‍ഹി തകര്‍ച്ച ഒഴിവാക്കി കരകയറി. പത്ത് ഓവറില്‍ 80-3ലെത്തിയ ഡല്‍ഹി പന്ത്രണ്ടാം ഓവറില്‍ 100 കടന്നു. റാഷിദ് ഖാനും നൂര്‍ അഹമ്മദിനും വിക്കറ്റ് വീഴ്ത്താനാവാഞ്ഞതോടെ ഗുജറാത്ത് മധ്യ ഓവറുകളില്‍ അക്സര്‍-പന്ത് കൂട്ടുകെട്ട് പൊളിക്കാനാവാതെ വലഞ്ഞു. 37 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ അക്സര്‍(43 പന്തില്‍ 66) പിന്നീട് രണ്ട് സിക്സ് കൂടി പറത്തി നൂര്‍ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഡല്‍ഹി 17 ഓവറില്‍ 157ല്‍ എത്തിയിരുന്നു. നാലാം വിക്കറ്റില്‍ 113 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് അക്സറും പന്തും വേര്‍ പിരിഞ്ഞത്. പിന്നാലെ 34 പന്തില്‍ സിക്സ് അടിച്ച് അര്‍ധസെഞ്ചുറിയിലെത്തിയ റിഷഭ് പന്ത് അവസാന ഓവറുകളില്‍ കണ്ണും പൂട്ടി അടിച്ചതോടെ ഡല്‍ഹി 224 റണ്‍സിലെത്തി. മോഹിത് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ മാത്രം പന്ത് നാല് സിക്സും ഒരു ഫോറും അടക്കം 30 റണ്‍സടിച്ചു.
ഗുജറാത്തിനായി മൂന്നോവര്‍ എറിഞ്ഞ സന്ദീപ് വാര്യര്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറ്റ് ബൗളര്‍മാരെല്ലാം തല്ല് വാങ്ങിയപ്പോഴും സ്പെഷലിസ്റ്റ് സ്പിന്നറായ സായ് കിഷോറിനെ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ പത്തൊമ്പതാം ഓവറിലാണ് ആദ്യ ഓവര്‍ ഏല്‍പ്പിച്ചത്. അസ്മത്തുള്ള ഒമര്‍സായി(നാലോവറില്‍ 33), റാഷിദ് ഖാന്‍(4 ഓവറില്‍ 35), നൂര്‍ അഹമ്മദ്(3 ഓവറില്‍ 36-1), മോഹിത് ശര്‍മ(4 ഓവറില്‍ 73)എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ സായ് കിഷോറിനെതിരെ ട്രൈസ്റ്റന്‍ സ്റ്റബ്സ് 22 റണ്‍സടിച്ച് ഡല്‍ഹിയെ 200ന് അടുത്തെത്തിച്ചു. മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 31 റണ്‍സ് കൂടി അടിച്ചതോടെ അവസാന രണ്ടോവറില്‍ മാത്രം ഡല്‍ഹി 53 റണ്‍സടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക