ഹാര്‍ദ്ദിക്കിന്‍റേത് മോശം ക്യാപ്റ്റൻസി; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവും, പ്രവചനവുമായി മുന്‍ ഇന്ത്യൻ താരം
മുംബൈ കളിക്കാരെല്ലാം മുമ്പ് നായകനായ രോഹിത് ശര്‍മക്ക് പിന്നില്‍ ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദ്ദിക്കിനെ പലരും ക്യാപ്റ്റനായി അംഗീകരിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും മനോജ് തിവാരി.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് ഇത്തവണ പ്ലേ ഓഫിലെത്താതെ പുറത്താവുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് ഒമ്പത് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു. .
രാജസ്ഥാനെതിരെ ഹാര്‍ദ്ദിക് പാണ്ഡ്യയുടേത് മോശം ക്യാപ്റ്റന്‍സി ആയിരുന്നുവെന്നും മനോജ് തിവാരി ക്രിക് ബസിനോട് പറഞ്ഞു. രാജസ്ഥാന്‍ ഓപ്പണറായ യശസ്വി ജയ്സ്വാള്‍ അത്ര മികച്ച ഫോമിലായിരുന്നില്ല, ജോസ് ബട്‌ലറാകട്ടെ സെഞ്ചുറിയടിച്ചശേഷം മികച്ച ഫോമിലും. ഈ സാഹചര്യത്തില്‍ ന്യൂ ബോള്‍ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളറാണ്. എന്നാല്‍ രാജസ്ഥാനെതിരെ ന്യൂബോള്‍ എറിയാനെത്തിയത് ഹാര്‍ദ്ദിക് ആണ്. രണ്ട് ബൗണ്ടറി വഴങ്ങിയ ഹാര്‍ദ്ദിക് പന്തിന്‍റെ തിളക്കം കളയുകയും ഇതുവഴി പിന്നീട് പന്തെറിയുന്നവര്‍ക്ക് സ്വിംഗ് ലഭിക്കാനുള്ള സാധ്യത കുറക്കുകയും ചെയ്തുവെന്നും മനോജ് തിവാരി വ്യക്തമാക്കി.
ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാത്ത മുംബൈ പ്ലേ ഓഫിലെത്താന്‍ ഒരു സാധ്യതയുമില്ലെന്നും തിവാരി പറഞ്ഞു. ഇതുപോലെയാണ് ഹാര്‍ദ്ദിക് മുംബൈയെ നയിക്കുന്നതെങ്കില്‍ അവര്‍ ഇത്തവണ പ്ലേ ഓഫിലെത്തില്ല. മുംബൈ കളിക്കാരെല്ലാം മുമ്പ് നായകനായ രോഹിത് ശര്‍മക്ക് പിന്നില്‍ ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദ്ദിക്കിനെ പലരും ക്യാപ്റ്റനായി അംഗീകരിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും മനോജ് തിവാരി വ്യക്തമാക്കി.
ഐപിഎല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സടിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് യശസ്വി ജയ്‌സ്വാളിന്‍റെ സെഞ്ചുറി കരുത്തില്‍ 18.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തിയിരുന്നു. യശസ്വി 60 പന്തില്‍ 104 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 28 പന്തില്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. 35 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക