
ദില്ലി: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ റിഷഭ് പന്തിന്‍റെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നിര്‍ണായക ടോസ് നേടിയ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ചെറിയ ബൗണ്ടറികള്‍ ഉള്ളതിനാല്‍ ദില്ലി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും വലിയ സ്കോറുകള്‍ പിറന്നിരുന്നു. മൂന്ന് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചതെങ്കിലും പിച്ചില്‍ വലിയ മാറ്റം വരാത്തതിനാല്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയാണെന്ന് ടോസിനുശേഷം രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പറഞ്ഞു.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാനും ഡല്‍ഹിയും ഇറങ്ങുന്നത്. രാജസ്ഥാന്‍ ടീമില്‍ പരിക്കു മൂലം ധ്രുവ് ജുറെലും ഷിമ്രോണ്‍ ഹെറ്റ്മെയറും ഇന്ന് കളിക്കുന്നില്ല. പകരം ശുബം ദുബെയും ഡൊണോവന്‍ ഫെരേരയും രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ഡല്‍ഹി ടീമില്‍ ഇഷാന്ത് ശര്‍മയും ഗുല്‍ബാദിന്‍ നെയ്ബും പ്ലേയിംഗ് ഇലവനിലെത്തി.
249 റണ്‍സാണ് അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഈ സീസണിലെ ശരാശരി സ്കോര്‍. സീസണില്‍ നടന്ന മൂന്ന് കളികളില്‍ അഞ്ച് ഇന്നിംഗ്സിലും സ്കോര്‍ 200 കടന്നിരുന്നു. വശങ്ങളിലെ ബൗണ്ടറിയുടെ നീളം 59 മീറ്ററും 67 മീറ്ററും മാത്രമാണെന്നത് ബാറ്റര്‍മാര്‍ക്ക് അനുകൂലമാണ്. സ്ട്രൈറ്റ് ബൗണ്ടറികളുടെ നീളം 74 മീറ്ററാണ്. പിച്ചില്‍ നേരിയ പച്ചപ്പുണ്ടെങ്കിലും വലിയ സ്കോര്‍ പിറക്കുന്ന മത്സരമായിരിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ടി20 ലോകകപ്പ് ടീമില്‍ ഇടംനേടിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് ഇന്ന് നിര്‍ണായകമാണ്. ലോകകപ്പ് പ്ലേയിംഗ് ഇലവനിലെ വിക്കറ്റ് കീപ്പറാവാന്‍ മത്സരിക്കുന്ന റിഷഭ് പന്തിന്‍റെയും സഞ്ജുവിന്‍റെയും പ്രകടനവും ഇന്ന് ശ്രദ്ധാകേന്ദ്രമാകും.
രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ(w/c), റിയാൻ പരാഗ്, ഡോണോവൻ ഫെരേര, റോവ്മാൻ പവൽ, ശുഭം ദുബെ, രവിചന്ദ്രൻ അശ്വിൻ, ട്രെൻ്റ് ബോൾട്ട്, അവേഷ് ഖാൻ, സന്ദീപ് ശർമ്മ, യുസ്‌വേന്ദ്ര ചാഹൽ.
ഡൽഹി ക്യാപിറ്റൽസ് പ്ലേയിംഗ് ഇലവൻ: ജേക്ക് ഫ്രേസർ-മക്ഗുർക്ക്, അഭിഷേക് പോറെൽ, ഷായ് ഹോപ്പ്, ഋഷഭ് പന്ത് (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഗുൽബാദിൻ നായിബ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുകേഷ് കുമാർ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!