ഫ്ലാറ്റ് തട്ടിപ്പ്: ഗൗതം ഗംഭീറിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

By Web TeamFirst Published Sep 28, 2019, 9:01 PM IST
Highlights

രുദ്ര ബില്‍ഡ്‌വെല്‍ റിയാലിറ്റി, എച്ച് ആര്‍ ഇന്‍ഫ്രാസിറ്റി എന്നീ കമ്പനികളാണ് ഫ്ലാറ്റ് ബുക്കിംഗിന്റെ പേരില്‍ കോടികള്‍ വാങ്ങിയശേഷം ഉപഭോക്താക്കളെ വഞ്ചിച്ചത്. ഈ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറും ഡയറക്ടറുമായിരുന്നു ഗംഭീര്‍.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറീനെതിരെ ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഫ്ലാറ്റ് ഉടമകളെ വഞ്ചിച്ചതിനാണ് ഗംഭീറിനും മറ്റ് ചിലര്‍ക്കുമെതിരെ ദില്ലി പോലീസ് സിറ്റി കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. 2011ല്‍ ഗാസിയാബാദിലെ റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടില്‍ ഫ്ലാറ്റ് ബുക്ക് ചെയ്തിട്ടും ഫ്ലാറ്റ് കിട്ടാതിരുന്ന അമ്പതോളം പേരാണ് ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്.

രുദ്ര ബില്‍ഡ്‌വെല്‍ റിയാലിറ്റി, എച്ച് ആര്‍ ഇന്‍ഫ്രാസിറ്റി എന്നീ കമ്പനികളാണ് ഫ്ലാറ്റ് ബുക്കിംഗിന്റെ പേരില്‍ കോടികള്‍ വാങ്ങിയശേഷം ഉപഭോക്താക്കളെ വഞ്ചിച്ചത്. ഈ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറും ഡയറക്ടറുമായിരുന്നു ഗംഭീര്‍. കെട്ടിട നിര്‍ണാത്തിനായി അനുവദിച്ച പ്ലാന്‍ കാലാവധി 2013ല്‍ അവസാനിച്ചിട്ടും ഉപഭോക്താക്കളില്‍ നിന്ന് ബില്‍ഡര്‍മാര്‍ കോടിക്കണക്കിന് രൂപ നിക്ഷേപമായി വാങ്ങിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഫ്ലാറ്റ് നിര്‍മിക്കാനിരുന്ന സ്ഥലത്തിന്റെ നിയമപ്രശ്നങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് മറച്ചുവെച്ചുവെന്നും പോലീസ് വ്യക്തനാത്തിയിരുന്നു. അധികൃതര്‍ കെട്ടിട നിര്‍മാണത്തിനായി നല്‍കിയ അനുമതി പിന്നീട് റദ്ദാക്കുകയും ചെയ്തു. വിശ്വാസ വഞ്ചന, ചതി എന്നീ സെക്ഷനുകള്‍ ചേര്‍ത്താണ് ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നത്. നിക്ഷേപകരെ ആകര്‍ഷിക്കാനായി ബ്രാന്‍ഡ് അംബാസഡറായിരുന്ന ഗംഭീര്‍ പ്രൊജക്ടിനായി വ്യാപകമായി പ്രചാരണം നടത്തിയെന്നും നിക്ഷേപകരുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

click me!