
പുതുച്ചേരി: മലയാളി ക്രിക്കറ്റര്‍ രോഹന്‍ കുന്നുമ്മല്‍ വീണ്ടും ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ദേവ്‌ധര്‍ ട്രോഫി ഫൈനലില്‍ സൗത്ത് സോണ്‍ കിരീടം സ്വന്തമാക്കിയപ്പോള്‍ സെഞ്ചുറിയുമായി മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ രോഹന്‍ കുന്നുമ്മലാണ്. കലാശപ്പോരില്‍ ഈസ്റ്റ് സോണിനെ 45 റണ്‍സിന് സൗത്ത് സോണ്‍ പരാജയപ്പെടുത്തുകയായിരുന്നു. ഫൈനലില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ശേഷം വിരാട് കോലിയെ അനുകരിച്ച് രോഹന്‍ നടത്തിയ ആഘോഷം ശ്രദ്ധേയമായിരുന്നു. ഈ സെഞ്ചുറിയാഘോഷത്തെ കുറിച്ച് മനസുതുറന്നു മത്സര ശേഷം രോഹന്‍.
ഫൈനലില്‍ സൗത്ത് സോണിനായി മികച്ച ബാറ്റിംഗ് പുറത്തെടുത്ത മറ്റൊരു താരവും നായകനുമായ മായങ്ക് അഗര്‍വാളുമായി മത്സരത്തിന് ശേഷം നടത്തിയ അഭിമുഖത്തിലാണ് രോഹന്‍ കുന്നുമ്മല്‍ തന്‍റെ കോലി മോഡല്‍ സെലിബ്രേഷന് പിന്നിലെ കഥയുടെ കെട്ടഴിച്ചത്. 'തീര്‍ച്ചയായും വിരാട് കോലിയെ അനുകരിച്ചാണ് സെഞ്ചുറി ആഘോഷം നടത്തിയത്. ദേവ്‌ധര്‍ ട്രോഫിക്കായി എത്തിയ ആദ്യ ദിനം മുതല്‍ ഞാന്‍ സെഞ്ചുറിയെ കുറിച്ചും, സെഞ്ചുറി നേടിയാല്‍ നടത്തേണ്ട ആഘോഷത്തെ കുറിച്ചും ചിന്തിച്ചിരുന്നു. ഫൈനലില്‍ സെഞ്ചുറി നേടുകയും അതിന് അവസരമൊരുങ്ങുകയും ചെയ്തു. മുന്‍കൂട്ടിയുള്ള പദ്ധതി പ്രകാരമാണ് അങ്ങനെ ആഘോഷിച്ചത്. മായങ്ക് അഗര്‍വാള്‍ മൈതാനത്ത് പുലര്‍ത്തുന്ന അച്ചടക്കത്തിലും കഠിനാധ്വാനത്തിലും നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനായി. മായങ്കിനൊപ്പം കളിക്കുന്നത് ഇഷ്‌ടപ്പെടുന്നു, ഏറെ പ്രചോദനകരമാണ് മായങ്ക്' എന്നും രോഹന്‍ കുന്നുമ്മല്‍ പറഞ്ഞു.
ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍(107) സെഞ്ചുറി നേടിയ മത്സരത്തില്‍ ഈസ്റ്റ് സോണിനെ 45 റണ്‍സിന് തോല്‍പിച്ച് സൗത്ത് സോണ്‍ കിരീടം ചൂടുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സൗത്ത് സോണ്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് അടിച്ചെടുത്തത്. രോഹന് പുറമെ മായങ്ക് അഗര്‍വാള്‍(63), നാരായണ്‍ ജഗദീഷന്‍(54) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. നാല് സിക്‌സും 11 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു കോഴിക്കോട്ടുകാരനായ രോഹന്‍റെ ഇന്നിംഗ്‌സ്. മറുപടി ബാറ്റിംഗില്‍ ഈസ്റ്റ് സോണിന് 46.1 ഓവറില്‍ 283 റണ്‍സെടുക്കാനാണ് സാധിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഈസ്റ്റ് സോണിനായി റിയാന്‍ പരാഗ്(65 പന്തില്‍ 95) നടത്തിയ പോരാട്ടം പാഴായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!