സംഗക്കാരയ്ക്കും പീറ്റേഴ്‌സണും ശേഷം ദേവ്ദത്ത്; മലയാളി താരത്തിന്റെ കാര്യത്തില്‍ ആര്‍സിബി ഹാപ്പിയാണ്

By Web TeamFirst Published Mar 9, 2021, 1:46 PM IST
Highlights

ദേവ്ദത്ത് പടിക്കല്‍ ക്രീസിലെത്തിയാല്‍ കര്‍ണാടകത്തിന് ആശങ്കയില്ല. വിജയ് ഹസാരെയില്‍ ആറ് മത്സരങ്ങളില്‍ നാലിലും സെഞ്ചുറി നേടിയിരുന്നു താരം. അതും തുടര്‍ച്ചയായ ഇന്നിംഗ്‌സുകളില്‍.

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ മലയാളിതാരം ദേവ്ദത്ത് പടിക്കല്‍ റണ്‍വേട്ട നടത്തുമ്പോല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. ഐപിഎല്‍ പതിനാലാം സീസണ്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേയാണ് ദേവ്ദത്തിന്റെ റണ്‍വേട്ട. ദേവ്ദത്ത് പടിക്കല്‍ ക്രീസിലെത്തിയാല്‍ കര്‍ണാടകത്തിന് ആശങ്കയില്ല. വിജയ് ഹസാരെയില്‍ ആറ് മത്സരങ്ങളില്‍ നാലിലും സെഞ്ചുറി നേടിയിരുന്നു താരം. അതും തുടര്‍ച്ചയായ ഇന്നിംഗ്‌സുകളില്‍.

കേരളത്തിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ 101 റണ്‍സെടുത്ത ദേവ്ദത്ത് ഗ്രൂപ്പ് ഘട്ടത്തിലും പുറത്താവാതെ 126 റണ്‍സെടുത്തിരുന്നു. ഒഡിഷയ്‌ക്കെതിരെ 152 റണ്‍സും റെയില്‍വേസിനെതിരെ പുറത്താവാതെ 145 റണ്‍സുമെടുത്തു. മറ്റ് രണ്ട് ഇന്നിംഗ്‌സിലും അര്‍ധസെഞ്ച്വറി. ടൂര്‍ണമെന്റില്‍ 61 ബൗണ്ടറിയും 20 സിക്‌സറും പറത്തിയ ദേവ്ദത്ത് 673 റണ്‍സുമായി റണ്‍വേട്ടക്കാരിലും ഒന്നാമന്‍.

ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര, ദക്ഷിണാഫ്രിക്കന്‍താരം അല്‍വിരോ പീറ്റേഴ്‌സണ്‍ എന്നിവരാണ് ദേവ്ദത്തിന് മുന്‍പ് ഏകദിനത്തില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറി നേടിയ താരങ്ങള്‍. കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ അരങ്ങറ്റംകുറിച്ച ദേവ്ദത്ത് ബാംഗ്ലൂരിന്റെയും വിശ്വസ്ത താരമായി മാറി.

ആദ്യ ഇന്നിംഗ്‌സില്‍തന്നെ അര്‍ധസെഞ്ച്വറി നേടിയ മലയാളിതാരം 15 കളിയില്‍ അഞ്ച് അര്‍ധസെഞ്ച്വറികളോടെ നേടിയത് 473 റണ്‍സ്. വരും സീസണിലും ദേവ്ദത്ത് ഈ മികവ് തുടരുമെന്ന പ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.

click me!