ഗാംഗുലിയും ഡിവില്ലിയേഴ്‌സും പിറകിലായി; റെക്കോഡുകളുടെ പെരുമഴ തീര്‍ത്ത് ധവാന്‍

By Web TeamFirst Published Jul 19, 2021, 12:31 AM IST
Highlights

23 റണ്‍സ് കൂടി നേടിയതോടെ ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സെന്ന നേട്ടം ധവാന് സ്വന്തമായി. ലോക ക്രിക്കറ്റില്‍ വേഗത്തില്‍ 6000 പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമനാണ് ധവാന്‍.

കൊളംബോ: ശ്രീലങ്കക്കെതിരെ ആദ്യ ഏകദിനത്തല്‍ പുറത്താവാതെ 86 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ കരിയറില്‍ റെക്കോഡുകളുടെ പെരുമഴ. ഇന്ത്യയുടെ പ്രായം കൂടിയ ഏകദിന നായകനെന്ന നേട്ടം 35കാരനായ ധവാന്‍ സ്വന്തമാക്കിയിരുന്നു. പിന്നാലെ ബാറ്റിംഗിലും താരത്തെ തേടി സുപ്രധാന നേട്ടങ്ങളെത്തി. 

23 റണ്‍സ് കൂടി നേടിയതോടെ ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സെന്ന നേട്ടം ധവാന് സ്വന്തമായി. ലോക ക്രിക്കറ്റില്‍ വേഗത്തില്‍ 6000 പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമനാണ് ധവാന്‍. 140 ഇന്നിങ്‌സില്‍ നിന്നാണ് ധവാന്‍ ഇത്രയും റണ്‍സെടുത്തത്. ഇക്കാര്യത്തില്‍ ഹാഷിം അംല (123)യാണ് ഒന്നാമന്‍. വിരാട് കോലി (136), കെയ്ന്‍ വില്യംസണ്‍ (139) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. വിവ് റിച്ചാര്‍ഡ്‌സ് (141), ജോ റൂട്ട് (141), സൗരവ് ഗാംഗുലി (147), എബി ഡിവില്ലിയേഴ്‌സ് (147) എന്നിവര്‍ ധവാന് പിറകിലാണ്.

ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ധവാന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(18,426), വിരാട് കോലി(12,169), സൗരവ് ഗാംഗുലി(11,363), രാഹുല്‍ ദ്രാവിഡ് (10,889),എം എസ് ധോണി(10,773), മുഹമ്മദ് അസറുദ്ദീന്‍ (9,378), രോഹിത് ശര്‍മ (9,205),യുവരാജ് സിംഗ്(8,701), വീരേന്ദര്‍ സെവാഗ്(8,273) എന്നിവരാണ് ധവാന് മുമ്പ് 6000 ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്നാകെ 10000 റണ്‍സും ധവാന്‍ നേടി. വേഗത്തില്‍ 10000 ക്ലബിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ധവാന്‍. 

17 റണ്‍സ് നേടിയെേതാടെ ശ്രീലങ്കക്കെതിരെ ഏകദിനത്തില്‍ 1000 റണ്‍സെന്ന നേട്ടവും ധവാന് സ്വന്തമായി. ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ധവാന്‍. ശ്രീലങ്കയ്‌ക്കെതിരെ വേഗത്തില്‍ 1000 ഏകദിന റണ്‍സ് നേടിയതും ധവാന്‍ തന്നെ.

click me!