കിഷന്‍ മുതല്‍ ദ്രാവിഡ് വരെ, കൊളംബോയില്‍ അരങ്ങേറ്റക്കാരുടെ ദിനം; ലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ വിജയം 7 വിക്കറ്റിന്

By Web TeamFirst Published Jul 18, 2021, 10:23 PM IST
Highlights

 വിജയം പൂര്‍ത്തിയായപ്പോള്‍ സീനിയര്‍ ടീമിനൊപ്പം ആദ്യമായി പരിശീലകസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ദ്രാവിഡിനും ഇരട്ടി സന്തോഷം. ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നില്‍.

കൊളംബൊ: അരങ്ങേറിയവര്‍ക്കെല്ലാം മറക്കാന്‍ കഴിയാത്തതായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം. മുന്നില്‍ നിന്ന് നയിച്ച ശിഖര്‍ ധവാന്‍ (പുറത്താവാതെ 86) ക്യാപ്റ്റനായുളള അരങ്ങേറ്റം അവിസ്മരണീയമാക്കി. വെടിക്കെട്ട് ഇന്നിങ്‌സ് പുറത്തെടുത്ത ഇഷാന്‍ കിഷന് (59) ഇതിനേക്കാള്‍ മനോഹരമായ അരങ്ങേറ്റം സ്വപ്‌നങ്ങളില്‍ മാത്രം. ആദ്യമായി ഏകദിന ജേഴ്‌സിയണിഞ്ഞ സൂര്യകുമാര്‍ യാദവ് (പുറത്താവാതെ 31) ഏല്‍പ്പിച്ച ജോലി ഭംഗിയാക്കിയപ്പോള്‍ ഇന്ത്യയുടെ വിജയം ഏഴ് വിക്കറ്റിന്. വിജയം പൂര്‍ത്തിയായപ്പോള്‍ സീനിയര്‍ ടീമിനൊപ്പം ആദ്യമായി പരിശീലകസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ദ്രാവിഡിനും ഇരട്ടി സന്തോഷം. ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നില്‍.

263 റണ്‍സായിരുന്നു ആതിഥേയര്‍ ഇന്ത്യക്ക് നല്‍കിയ വിജയലക്ഷ്യം. പൃഥ്വി ഷാ (24 പന്തില്‍ 43) മോഹിപ്പിക്കുന്നത തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ പൃഥ്വിയുടെ കൂറ്റനടികള്‍ തുടക്കം മികച്ചതാക്കി. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഫോറടിച്ചാണ് പൃഥ്വി തുടങ്ങിയത്. പിന്നാലെ എട്ട് ഫോറുകള്‍ കൂടി പൃഥ്വിയുടെ ബാറ്റില്‍ നിന്ന് പിറന്നു. എന്നാല്‍ ആറാം ഓവറില്‍ സ്‌കോര്‍ബോര്‍ഡ് 58ല്‍ നില്‍ക്കെ പൃത്വി മടങ്ങി. ധനഞ്ജയുടെ പന്തില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയ്ക്ക് ക്യാച്ച് നല്‍കി. 

മൂന്നാമനായി എത്തിയ അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്‍, ഷാ നിര്‍ത്തിയടത്ത്് നിന്ന് തുടങ്ങി. നേരിട്ട ആദ്യ പന്ത് കിഷന്‍ സിക്‌സ് നേടി. പിന്നീട് എട്ട് ഫോറുകളും മറ്റൊരു കൂറ്റന്‍ സി്കസും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. യുവതാരങ്ങള്‍ തുടക്കം നല്‍കി മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ക്ഷമയോടെ എല്ലാം നോക്കികണ്ടു. ഇടയ്ക്ക് മനീഷ് പാണ്ഡെ (26) മടങ്ങിയെങ്കിലും ജയം പൂര്‍ത്തിയാവും വരെ ധവാന്‍ ക്രീസിലുണ്ടായിരുന്നു. 94 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്ന സെന്‍സിബിള്‍ ഇന്നിങ്‌സായിരുന്നു അത്. സൂര്യകുമാര്‍ 20 പന്തില്‍ 30 റണ്‍സുമായി ക്യാപ്റ്റനൊപ്പം പുറത്താവാതെ നിന്നു. അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 

നേരത്തെ, ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ ചാമിക കരുണാരത്‌നെ (പുറത്താവാതെ 43), ദസുന്‍ ഷനക (39), ചരിത് അസലങ്ക (38), അവിഷ്‌ക ഫെര്‍ണാണ്ടോ (32) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ദീപക് ചാഹര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിനോദ് ഭാനുക (27)- ഫെര്‍ണാണ്ടോ സഖ്യം ഭേദപ്പെട്ട തുടക്കമാണ് ലങ്കയ്ക്ക നല്‍കിയത്. ഒമ്പത് ഓവറില്‍ 49 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ അവര്‍ക്കായി. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ആദ്യ സ്‌പെല്ലില്‍ വിക്കറ്റെടുക്കാന്‍ പരാജയപ്പെട്ടപ്പോള്‍ ചാഹലാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ചാഹല്‍ ടോസ് ചെയ്തിട്ട പന്തില്‍ ഫെര്‍ണാണ്ടോ കവറില്‍ മനീഷ് പാണ്ഡെയ്ക്ക് ക്യാച്ച് നല്‍കി. 

മൂന്നാമനായി ക്രീസിലെത്തിയ ഭാനുക രാജപക്‌സ (24), മിനോദിനൊപ്പം പിടിച്ചുനിന്നു. ഒരു ഘട്ടത്തില്‍ ഒന്നിന് 85 എന്ന നിലയിലായിരുന്നു ലങ്ക. എന്നാല്‍ കുല്‍ദീപ് ഒരോവറില്‍ രണ്ട് പേരെയും മടക്കിയയച്ചു. മിനോദ് പൃഥി ഷായ്ക്ക് ക്യാച്ച് നല്‍കിയിപ്പോള്‍ രാജപക്‌സ ശിഖര്‍ ധവാന്റെ കയ്യിലൊതുങ്ങി. നാലാമന്‍ ധനഞ്ജയ സിഡില്‍വ (14) ക്രുനാലിന്റെ പന്തില്‍ ഭുവനേശ്വറിന് ക്യാച്ച് നല്‍കുകയായിരുന്നു. നാലിന് 117 എന്ന നിലയിലേക്ക് വീണ ലങ്കയെ അസലങ്ക- ഷനക സഖ്യമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 

ഇരുവരും പുറത്തായ ശേഷം ദുഷ്മന്ത ചമീരയെ (13) കൂട്ടുപിടിച്ച് കരുണാരത്‌നെ നടത്തിയ ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ 260 കടത്തിയത്. ഇതിനിടെ വാനിഡു ഹസരങ്ക (8), ഇസുരു ഉഡാന (8) എന്നിവരും പുറത്തായി. പാണ്ഡ്യ സഹോദരന്മാര്‍ ഓരോ വിക്കറ്റ് പങ്കിട്ടെടുത്തു.

നേരത്തെ, ഇഷാന് പുറമെ സൂര്യകുമാര്‍ യാദവിനെ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഇരുവര്‍ക്കും അരങ്ങേറ്റമായിരുന്നു. പരിക്കിനെ തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല.

click me!