ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ വിക്കറ്റ് കീപ്പറായി ധോണി തന്നെ? ഫീല്‍ഡിംഗ് പരിശീലനം നടത്തി സഞ്ജു സാംസണ്‍

Published : Mar 22, 2026, 02:36 PM IST
Sanju Samson

Synopsis

ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തിയ സഞ്ജു സാംസൺ ഫീൽഡിംഗ് പരിശീലനം നടത്തുന്നത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. എം എസ് ധോണി തന്നെ വിക്കറ്റ് കീപ്പറായി തുടരുകയും സഞ്ജു ഒരു സ്പെഷ്യലിസ്റ്റ് ഫീൽഡറായി കളിക്കുകയും ചെയ്യുമെന്നാണ് അഭ്യൂഹങ്ങൾ. 

ചെന്നൈ: ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ആരാധകരെ ആകാംക്ഷയിലാഴ്ത്തുന്നതാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈയിലെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ഔട്ട്ഫീല്‍ഡില്‍ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുന്‍ ഇന്ത്യന്‍ താരം അശ്വിന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഈ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.

ഫീല്‍ഡിംഗ് കോച്ച് ജെയിംസ് ഫോസ്റ്ററുടെ കീഴില്‍ ഔട്ട്ഫീല്‍ഡില്‍ ഹൈ ക്യാച്ചുകള്‍ പരിശീലിക്കുന്ന സഞ്ജുവിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. 'ഇതൊരു സൂചനയാണോ, അതോ പതിയെ ശീലിക്കുന്നതാണോ?' എന്ന അശ്വിന്റെ കുറിപ്പ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. എം എസ് ധോണിയില്‍ നിന്ന് സഞ്ജു വിക്കറ്റ് കീപ്പിംഗ് ചുമതലകള്‍ ഏറ്റെടുക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 44-കാരനായ ധോണി തന്നെ വിക്കറ്റിന് പിന്നില്‍ തുടരാനും സഞ്ജു ഒരു സ്‌പെഷ്യലിസ്റ്റ് ഔട്ട്ഫീല്‍ഡറായി കളിക്കാനുമാണ് സാധ്യത.

മികച്ച അത്‌ലറ്റായ സഞ്ജു ഔട്ട്ഫീല്‍ഡിലും വിശ്വസ്തനായ ഫീല്‍ഡറാണെന്നത് ഈ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ടി20 ലോകകപ്പ് 2026-ലെ മിന്നും പ്രകടനത്തിന് ശേഷമാണ് സഞ്ജു ചെന്നൈ ക്യാമ്പിലെത്തുന്നത്. ഇന്ത്യ കിരീടം ചൂടിയ ടൂര്‍ണമെന്റില്‍ 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' പുരസ്‌കാരം നേടിയത് സഞ്ജുവായിരുന്നു. അവസാന മൂന്ന് നിര്‍ണ്ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായി അര്‍ദ്ധ സെഞ്ചുറികള്‍ നേടി സഞ്ജു തന്റെ കരുത്ത് തെളിയിച്ചിരുന്നു.

മാറ്റത്തിന്റെ പോരാട്ടം

11 വര്‍ഷത്തെ രാജസ്ഥാന്‍ റോയല്‍സ് ബന്ധം അവസാനിപ്പിച്ചാണ് സഞ്ജു ചെന്നൈയിലെത്തിയത്. പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ വെച്ച് തന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരെ തന്നെയാണ് സഞ്ജുവിന്റെ ചെന്നൈ ജേഴ്‌സിയിലുള്ള അരങ്ങേറ്റ മത്സരം. അന്ന് സഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഡല്‍ഹി പ്രീമിയർ ലീഗിൽ ബാറ്ററുടെ സ്ട്രെയ്റ്റ് ഡ്രൈവ് നേരെ മുഖത്തുകൊണ്ട് പരിക്കേറ്റ അമ്പയര്‍ ഐസിയുവിൽ
ബംഗ്ലാദേശിനെതിരായ ഞെട്ടിക്കുന്ന തോൽവി: രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റവുമായി ഓസ്ട്രേലിയ; മാറ്റ് റെൻഷോ ടീമിൽ