ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികള്‍ പാക് താരങ്ങള്‍ക്ക് പണം കൊടുക്കുന്നത് നിര്‍ത്തണം; നിലപാടിലുറച്ച് ഗവാസ്‌കര്‍

Published : Mar 22, 2026, 01:38 PM IST
Sunil Gavaskar and Abrar Ahmed

Synopsis

ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികള്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍.

മുംബൈ: ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികള്‍ പാകിസ്ഥാന്‍ താരങ്ങളെ ടീമിലെടുക്കുന്നതിനെതിരെ കടുത്ത നിലപാടുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. തന്റെ മുന്‍പത്തെ പ്രസ്താവനക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞ അദ്ദേഹം, നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി. ദ ഹണ്ട്രഡ് ടൂര്‍ണമെന്റിനായുള്ള ലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമകളായ സണ്‍ ഗ്രൂപ്പിന് കീഴിലുള്ള സണ്‍റൈസേഴ്‌സ് ലീഡ്‌സ് പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ 2.34 കോടി രൂപയ്ക്ക് സ്വന്തമാക്കിയതാണ് വിവാദങ്ങള്‍ക്ക് ആധാരം. ഇതിനെതിരെ ഗവാസ്‌കര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

പാക് താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം പരോക്ഷമായി പാകിസ്ഥാന്‍ സര്‍ക്കാരിലേക്കാണ് എത്തുന്നതെന്നും, ഈ നികുതിപ്പണം ഉപയോഗിച്ച് വാങ്ങുന്ന ആയുധങ്ങള്‍ ഇന്ത്യന്‍ സൈനികരുടെ ജീവനെടുക്കാന്‍ കാരണമാകുന്നുവെന്നും അദ്ദേഹം വാദിച്ചു. 'മറ്റൊരു രാജ്യവും കളിക്കാത്ത ഒരു ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് ജയിക്കുന്നതാണോ ഇന്ത്യന്‍ സൈനികരുടെ ജീവനേക്കാള്‍ വലുത്?' എന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിയത്.

ഗവാസ്‌കറുടെ പ്രസ്താവന ഇരട്ടത്താപ്പാണെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഐസിസി, എസിസി കമന്ററി പാനലുകളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നതും, 2025 ചാമ്പ്യന്‍സ് ട്രോഫി വേളയില്‍ ദുബായില്‍ നടന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ഷോയില്‍ അതിഥിയായി പങ്കെടുത്തതും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതിനുള്ള മറുപടിയും അദ്ദേഹം നല്‍കിയിരുന്നു. ഐസിസി, എസിസി വരുമാനം എല്ലാ രാജ്യങ്ങള്‍ക്കുമായി വിഭജിക്കപ്പെടുന്നതാണെന്നും അത് ഒരു ഇന്ത്യന്‍ സ്ഥാപനത്തില്‍ നിന്നല്ല വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ആര്‍ക്കും പ്രതിഫലം നല്‍കുന്നില്ലെന്നും അതിനാല്‍ അതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ദുബായില്‍ വസീം അക്രമും വഖാര്‍ യൂനിസിനുമൊപ്പം പങ്കെടുത്ത പരിപാടിയില്‍ താന്‍ പ്രതിഫലം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദേശ ലീഗുകളായ സിപിഎല്‍, ഐഎല്‍ടി20, എസ്എ20 എന്നിവ താന്‍ കാര്യമായി ശ്രദ്ധിക്കാറില്ലെങ്കിലും, ഇന്ത്യന്‍ ഉടമകള്‍ പാക് താരങ്ങള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ പാകിസ്ഥാന് പണം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും, മറിച്ചൊന്ന് പതിറ്റാണ്ടുകളായി നടന്നിട്ടില്ലെന്നും ഗവാസ്‌കര്‍ ഓര്‍മ്മിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സിക്‌സടിച്ചത് ഇഷ്ടമായില്ല; പരിശീലന മത്സരത്തിനിടെ കിഷനുമായി കോര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍
സഞ്ജു ഇല്ല, നയിക്കാന്‍ റിയാന്‍ പരാഗ്; പുതിയ മട്ടിലും ഭാവത്തിലും രാജസ്ഥാന്‍ റോയല്‍സ്