
43-ാം വയസിലും ഐപിഎല്ലില്‍ ഏറ്റവും താരമൂല്യവും ആരാധകക്കൂട്ടവുമുള്ള താരങ്ങളില്‍ മുൻപന്തിയിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണി. ചെന്നൈയുടെ തുടര്‍ തോല്‍വികള്‍, ബാറ്റിംഗ് നിരയിലെ തന്റെ സ്ഥാനം, നായകപദവി വീണ്ടും കൈവന്നത് തുടങ്ങി ഐപിഎല്‍ ചർച്ചകളിലും സജീവമാണ് ധോണി. ഇതിനെല്ലാം അപ്പുറം ആരാധകർക്ക് ഓർമിക്കാൻ ഒരുപിടി നിമിഷങ്ങള്‍ സമ്മാനിക്കാനും ധോണി മറക്കാറില്ല.
എയര്‍പോർട്ടില്‍ തനിക്ക് മുന്നിലെത്തിയെ ആരാധികയോടുള്ള ധോണിയുടെ പെരുമാറ്റമാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കിയിരിക്കുന്നത്. വീല്‍ചെയറിലായിരുന്നു ആരാധിക ധോണിയെ കാത്തിരിക്കുകയായിരുന്നു. കനത്ത സുരക്ഷയില്‍ നിരവധി ഉദ്യോഗസ്ഥരാല്‍ ചുറ്റപ്പെട്ടായിരുന്നു ധോണിയുടെ യാത്ര.
എന്നാല്‍ ഫോട്ടോ എടുക്കുന്നതിനായി താന്റെ ഫോണ്‍ നീട്ടിയ ആരാധികയെ ധോണി നിരാശപ്പെടുത്തിയില്ല. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ആരാധികയ്ക്ക് അടുത്തേക്ക് ധോണി എത്തി. ശേഷം അവരുടെ ഫോണ്‍ വാങ്ങി സെല്‍ഫിയുമെടുത്താണ് ധോണി മടങ്ങിയത്. ഇതിനോടകം തന്നെ വീഡിയോ വൈറലാണ്. ഇത്രയും സമ്മർദങ്ങള്‍ക്കിടയിലും ധോണി ആരാധകര്‍ക്കൊപ്പം സന്തോഷപൂര്‍വ്വം സമയം ചിലവിടുന്നുവെന്നാണ് സോഷ്യല്‍ ലോകം പറയുന്നത്.
കൈമുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു റുതുരാജ് ഗെയ്ക്വാദിന് സീസണ്‍ നഷ്ടമായതും ധോണിക്ക് നായകന്റെ കുപ്പായം ഒരിക്കല്‍ക്കൂടി അണിയേണ്ടി വന്നതും. നായകനായി ധോണി എത്തിയ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോടെ വൻ തോല്‍വിയായിരുന്നു ചെന്നൈ വഴങ്ങിയത്. സ്വന്തം മൈതാനത്ത് ഐപിഎല്‍ ചരിത്രത്തിലെ തന്നെ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറിന് പുറത്തായി.
103 റണ്‍സായിരുന്നു ചെന്നൈ കൊല്‍ക്കത്തയ്ക്കെതിരെ നേടിയത്. മറുപടി ബാറ്റിംഗില്‍ 10.1 ഓവറില്‍ കൊല്‍ക്കത്ത വിജയിക്കുകയും ചെയ്തു. എന്നാല്‍, ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ആധികാരിക ജയത്തോടെ ചെന്നൈ തിരിച്ചെത്തി. ധോണിയുടെ മികച്ച ബാറ്റിംഗായിരുന്നു ചെന്നൈക്ക് ജയം ഒരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!