എനിക്കും സമ്മര്‍ദ്ദമുണ്ടാവാറുണ്ട്; വെളിപ്പെടുത്തലുമായി ധോണി

By Web TeamFirst Published May 7, 2020, 5:36 PM IST
Highlights

ക്രീസിലെത്തിയാല്‍ ആദ്യത്തെ അഞ്ചോ പത്തോ പന്തുകളില്‍ എനിക്ക് സമ്മര്‍ദ്ദം അനുഭവപ്പെടാറുണ്ടെന്നും ധോണി പറഞ്ഞു. ''ഇത് എന്റെ മാത്രം കാര്യമല്ല, പലരുടെയും അവസ്ഥ ഇതുതന്നെയാണ്.

റാഞ്ചി: സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാത്ത താരം എന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ വിശേഷിപ്പിക്കാറ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ക്യാപ്റ്റന്‍ കൂളെന്നും വിളിച്ചിരുന്നു. എന്നാല്‍ ഞാനും സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പെടാറുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാമ് ധോണി. മുന്‍ താരം എസ് ബദരീനാഥും ശരവണ കുമാറും തുടക്കമിട്ട എംഫോര്‍ എന്ന ആശയത്തിന് വേണ്ടി സംസാരിക്കുകയായിരുന്നു ധോണി. മാനസിക സമ്മര്‍ദ്ദങ്ങളെ എങ്ങനെ അതിജീവിക്കണമെന്ന് പരിശീലിക്കുകയാണ് എംഫോര്‍. താരങ്ങള്‍, കോച്ചുമാര്‍, രക്ഷിതാക്കള്‍, റഫറിമാര്‍ എന്നിവര്‍ക്കായി എങ്ങനെ മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാമെന്നതിനെക്കുറിച്ച് പരിശീലനം നല്‍കുകയാണ് എംഫോറിന്റെ ലക്ഷ്യം.

ഇതാദ്യമായാണ് മറ്റേതൊരു താരത്തെയും പോലെ എനിക്കും സമ്മര്‍ദ്ദമുണ്ടാകാറുണ്ടെന്ന് പറയുന്നത്. ''മാനസികപരമായ വിഷയങ്ങളിലേക്കു വരുമ്പോള്‍ അത് വീക്ക്നെസാണെന്ന് അംഗീകരിക്കാന്‍ ഇന്ത്യയില്‍ പലരും ഇപ്പോഴും തയ്യാറാകാറില്ല. മാനസികാരോഗ്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ പോലും താല്‍പര്യമില്ല. മാനസിക പ്രശ്‌നങ്ങളെ മാനസിക രോഗമാക്കി ചിത്രീകരിക്കുന്ന സമൂഹമാണ് നമുക്ക് മുന്നിലുള്ളത്.'' എംഫോര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ധോണി പറഞ്ഞു.

ക്രീസിലെത്തിയാല്‍ ആദ്യത്തെ അഞ്ചോ പത്തോ പന്തുകളില്‍ എനിക്ക് സമ്മര്‍ദ്ദം അനുഭവപ്പെടാറുണ്ടെന്നും ധോണി പറഞ്ഞു. ''ഇത് എന്റെ മാത്രം കാര്യമല്ല, പലരുടെയും അവസ്ഥ ഇതുതന്നെയാണ്. എന്നാല്‍ ആരും തുറന്ന് പറയാറില്ലെന്ന് മാത്രം.  സമ്മര്‍ദ്ദം തന്നെയും പിടികൂടാറുണ്ട്. ചിലപ്പോള്‍ ഭയവും തോന്നാറുണ്ട്. ചെറിയൊരു പ്രശ്നം മാത്രമാണിത്. എന്നാല്‍ പരിശീലകനുമായി ഇക്കാര്യം തുറന്നുപറയാന്‍ പലര്‍ക്കും മടിയാണ്.'' ധോണി കൂട്ടിച്ചേര്‍ത്തു.

സ്പോര്‍ട്സ് മനശാസ്ത്ര വിദഗ്ധര്‍ താരങ്ങളെ ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങളെ മറികടക്കാന്‍ സഹായിക്കും. അതുകൊണ്ടാണ് മെന്റല്‍ കണ്ടീഷനിങ് കോച്ചിന്റെ പ്രാധാന്യം വര്‍ധിക്കുന്നതെന്നും മുന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

click me!