സഞ്ജുവിന്റെ വാക്കുകളാണ് ഇന്നിംഗ്‌സില്‍ തുണയായത്! നായകന്‍ നല്‍കിയ പിന്തുണയെ കുറിച്ച് ധ്രുവ് ജുറല്‍

By Web TeamFirst Published Apr 28, 2024, 4:19 PM IST
Highlights

ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെതിരെ 34 പന്തില്‍ 52 റണ്‍സുമായി ജുറല്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. സഞ്ജുവിനൊപ്പം (33 പന്തില്‍ 71) 121 റണ്‍സാണ് ജുറല്‍ കൂട്ടിചേര്‍ത്തത്.

ലഖ്‌നൗ: ഐപിഎല്‍ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറിയാണ് കഴിഞ്ഞ ദിവസം ധ്രുവ് ജുറല്‍ സ്വന്തമാക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെതിരെ 34 പന്തില്‍ 52 റണ്‍സുമായി ജുറല്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. സഞ്ജുവിനൊപ്പം (33 പന്തില്‍ 71) 121 റണ്‍സാണ് ജുറല്‍ കൂട്ടിചേര്‍ത്തത്. വിജയത്തില്‍ നിര്‍ണായകമായതും ഈ കൂട്ടുകെട്ട് തന്നെയായിരുന്നു. ഇരുവരുടേയും കരുത്തില്‍ 197 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ മറികടക്കുകയായിരുന്നു ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. 

ഇപ്പോള്‍ ഫോമിലേക്ക് തിരിച്ചെത്താനായതിനെ കുറിച്ച് സംസാരിക്കുകയാണ് ജുറല്‍. ബാറ്റിംഗിനിടെ സഞ്ജു നല്‍കിയ ഉപദേശം ഫലിച്ചുവെന്ന് ജുറല്‍ പറഞ്ഞു. യുവതാരത്തിന്റെ വാക്കുകള്‍... ''എനിക്ക് മികച്ച തുടക്കം ലഭിച്ചു. പക്ഷേ എന്റെ ഷോട്ടുകള്‍ നേരെ ഫീല്‍ഡര്‍മാരിലേക്ക് പോയി. സഞ്ജു എന്നോട് ശാന്തനാകാന്‍ പറഞ്ഞു. ബുദ്ധിമുട്ടി ഷോട്ടുകള്‍ കളിക്കാതെ സമയമെടുക്കൂവെന്ന് സഞ്ജു പറഞ്ഞു. പിന്നീട് എനിക്ക് ഒരോവറില്‍ 20 റണ്‍സ് നേടാന്‍ സാധിച്ചു. അതാണ് എന്നെ മുന്നോട്ട് നയിച്ചതും. ഞാന്‍ എപ്പോഴും എന്റെ അച്ഛന് വേണ്ടിയാണ് കളിക്കുന്നത്. ടെസ്റ്റ് മത്സരത്തിലും അങ്ങനെ ആയിരുന്നു.'' ജുറല്‍ പറഞ്ഞു.

സഞ്ജു ഈ സൈസ് ഷോട്ട് എടുക്കാത്തതാണല്ലൊ! എന്നാല്‍ ഏതും പോവുമെന്ന് താരം; ഇന്നിംഗ്‌സിലെ ഗ്ലാമര്‍ ഷോട്ട് കാണാം 

മധ്യനിരയില്‍ കളിക്കുന്നതിനെ കുറിച്ച് ജുറല്‍ പറഞ്ഞതിങ്ങനെ... ''എനിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം മത്സരം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്. മധ്യനിരയില്‍ കളിക്കുന്നത് എപ്പോഴും അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. അവസാനം വരെ നില്‍ക്കാനും ടീമിനായി ഗെയിം പൂര്‍ത്തിയാക്കാനും ഞാന്‍ ആഗ്രഹിക്കാറുണ്ട്. നന്നായി പരിശീലനം നടത്താറുണ്ട്. ബാറ്റിംഗ് പവര്‍ പ്ലേയില്‍ സര്‍ക്കിളിന് പുറത്ത് രണ്ട് ഫീല്‍ഡര്‍മാര്‍ മാത്രമേ ഉണ്ടാവൂ. എന്നാല്‍ മധ്യ ഓവറുകളില്‍ പുറത്ത് അഞ്ച് ഫീല്‍ഡര്‍മാര്‍ ഉള്ളതിനാല്‍ വിടവുകള്‍ കണ്ടെത്തി വലിയ ഹിറ്റുകള്‍ ഷോട്ടുകള്‍ കളിക്കേണ്ടിവരും.'' ജുറല്‍ കൂട്ടിചര്‍ത്തു..

മത്സരത്തിലേക്ക് വരുമ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗ 197 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

click me!