
മുംബൈ: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ വിമര്‍ശനം അവസാനിക്കുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നുതന്നെ വലിയ വിമര്‍ശനമാണ് ഹര്‍മന് നേരെ ഉയരുന്നത്. ഹര്‍മന്‍പ്രീതിനെ രൂക്ഷമായി കടന്നാക്രമിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഡയാന എഡുല്‍ജി രംഗത്തെത്തി. മത്സര ശേഷം സമ്മാനദാനവേളയില്‍ ഹര്‍മന്‍റെ ഭാഗത്ത് നിന്നുണ്ടായ ഒരു നടപടിയേയും അംഗീകരിക്കാനാവില്ല എന്ന് ഡയാന പറഞ്ഞു. കഴിഞ്ഞ ദിവസം അഞ്ജും ചോപ്രയും ഹര്‍മനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രതിഷേധിക്കേണ്ടത് ഇങ്ങനെയല്ല
ഡയാന എഡുല്‍ജിയുടെ വാക്കുകള്‍ ഇങ്ങനെ...'അംപയര്‍മാരുടെ മോശം തീരുമാനങ്ങള്‍ക്കെതിരെ താരങ്ങള്‍ പ്രതികരിക്കുന്നത് അത്ര നല്ലതല്ല, ഇത് പുതിയ കാര്യവുമല്ല. ചിലപ്പോഴൊക്കെ വൈകാരികത നിയന്ത്രിക്കാന്‍ പ്രയാസമാണ്. അംപയര്‍മാര്‍ക്കെതിരെ പ്രതികരിക്കുന്ന ആദ്യ താരമല്ല ഹര്‍മന്‍പ്രീത്. ഹര്‍മന് തക്കതായ ശിക്ഷയാണ് ഐസിസി വിധിച്ചിട്ടുള്ളത്. അംപയര്‍മാര്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. വനിതാ ക്രിക്കറ്റില്‍ മാത്രമല്ല, പുരുഷ ക്രിക്കറ്റിലും അംപയര്‍മാര്‍ക്ക് പിഴവുകള്‍ പറ്റിയിട്ടുണ്ട്'.
എല്ലാ സീമകളും ലംഘിച്ചു
'മത്സര ശേഷം നടന്ന കാര്യങ്ങള്‍ അനാവശ്യമായിരുന്നു. കാരണം ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ്. സഹതാരങ്ങള്‍ക്ക് മാതൃകയാവേണ്ടയാളാണ്. ജൂനിയര്‍ താരങ്ങള്‍ എപ്പോഴും സീനിയര്‍ താരങ്ങളെ ശ്രദ്ധിക്കും. ഇത് ടീം കള്‍ച്ചറിനെ ബാധിക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ ഹര്‍മന്‍റെ പ്രവര്‍ത്തി അംഗീകരിക്കാനാവില്ല. ഹര്‍മന്‍പ്രീത് എല്ലാ സീമകളും ലംഘിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബംഗ്ലാദേശ് ടീമിനൊപ്പം ഫോട്ടോ എടുക്കാന്‍ അംപയര്‍മാരെ ഹര്‍മന്‍ ക്ഷണിച്ചത് മോശമാണ്. അംപയര്‍മാര്‍ ഒരു ടീമിന്‍റേയും ഭാഗമല്ല. റണ്‍സ് കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ കൂടിയാവും ഹര്‍മന്‍ ഇത്രത്തോളം നിയന്ത്രണം വിട്ടത്. എന്നാല്‍ മത്സരത്തിലും അതിന് ശേഷവും ഹര്‍മന്‍ എല്ലാ സീമകളും ലംഘിച്ചു' എന്നും എഡുല്‍ജി ഇന്ത്യന്‍ എക്‌സ്‌പ്രസിലെ കോളത്തില്‍ എഴുതി.
ധാക്കയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍
മൂന്നാം ഏകദിനത്തില്‍ സ്‌പിന്നര്‍ നഹിദ അക്തറിന്‍റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതോടെയായിരുന്നു ഹര്‍മന്‍പ്രീതിന്‍റെ പ്രതിഷേധം. ഉടനടി സ്റ്റംപ് തട്ടിത്തെറിപ്പിച്ച് തന്‍റെ പ്രതിഷേധം അറിയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡ്രസിംഗ് റൂമിലേക്ക് പോകുംവഴി അംപയര്‍ തന്‍വീര്‍ അഹമ്മദുമായി തര്‍ക്കിച്ചു. അംപയറിംഗ് പരിതാപകരമാണ് എന്ന് സമ്മാനദാനവേളയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തുറന്നടിച്ചു. ഇതിന് ശേഷവും ഹര്‍മന് ദേഷ്യമടക്കാനായില്ല. 'ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അംപയര്‍മാരെ കൂടി വിളിക്കൂ, അവരാണ് നിങ്ങള്‍ക്ക് ട്രോഫി നേടിത്തരാന്‍ സഹായിച്ചത്' എന്നായിരുന്നു ബംഗ്ലാ വനിതാ ടീമിനെ ചൂണ്ടി ഹര്‍മന്‍റെ പ്രതികരണം. ഇതും വലിയ വിവാദമായി.
Read more: ഹര്‍മന്‍പ്രീത് കൗര്‍ വാക്കുകള്‍ ശ്രദ്ധിക്കണം, വളരെ മോശമായിപ്പോയി; തുറന്നുപറഞ്ഞ് അഞ്ജും ചോപ്ര
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം