Latest Videos

ഇംഗ്ലണ്ട് പര്യടനത്തിനത്തിലെ ബയോ സെക്യുര്‍ ബബ്ബിള്‍ ലംഘനം; മൂന്ന് ലങ്കന്‍ താരങ്ങള്‍ക്ക് ഒരു വര്‍ഷം വിലക്ക്

By Web TeamFirst Published Jul 30, 2021, 9:24 PM IST
Highlights

മുന്‍ ജഡ്ജി അധ്യക്ഷനായ അച്ചടക്ക സമിതി മെന്‍ഡിസിനെയും ഗുണതിലകയെയും രണ്ടുവര്‍ഷത്തേക്കും ഡിക്‌വെല്ലയെ ഒന്നരവര്‍ഷത്തേക്കും വിലക്കാനാണ് ശുപാര്‍ശ ചെയ്തതെങ്കിലും ബോര്‍ഡ് വിലക്ക് ഒരു വര്‍ഷത്തേക്കായി ചുരുക്കുകയായിരുന്നു.

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ടീം ഹോട്ടലില്‍ നിന്ന് പുറത്തുപോവുകയും തെരുവകളില്‍ കറങ്ങി നടക്കുകയും ചെയ്ത മൂന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരുവര്‍ഷ വിലക്കും പിഴശിക്ഷയും ഏര്‍പ്പെടുത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ശ്രീലങ്കന്‍ താരങ്ങളായ ധനുഷ്ക ഗുണതിലക, വെസ് ക്യാപ്റ്റനായിരുന്ന കുശാല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്‌വെല്ല എന്നിവരെയാണ് കൊവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായുള്ള ബയോ ബബ്ബിള്‍ ലംഘനത്തിന് ഒരു വര്‍ഷത്തേക്ക് വിലക്കുകയും ഒരു കോടി ശ്രീലങ്കന്‍ രൂപ പിഴയൊടുക്കാനും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റ അച്ചടക്ക സമിതി ശിക്ഷിച്ചത്.

മുന്‍ ജഡ്ജി അധ്യക്ഷനായ അച്ചടക്ക സമിതി മെന്‍ഡിസിനെയും ഗുണതിലകയെയും രണ്ടുവര്‍ഷത്തേക്കും ഡിക്‌വെല്ലയെ ഒന്നരവര്‍ഷത്തേക്കും വിലക്കാനാണ് ശുപാര്‍ശ ചെയ്തതെങ്കിലും ബോര്‍ഡ് വിലക്ക് ഒരു വര്‍ഷത്തേക്കായി ചുരുക്കുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കിയതിന് പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ആറു മാസ വിലക്കും മൂന്നു പേര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടീം മാനേജ്മെന്‍റിന്‍റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ടീമിനെയൊന്നാകെ അപകടത്തില്‍പ്പെടുത്തുന്നവിധം പ്രവര്‍ത്തിച്ചു, ടീം അംഗങ്ങള്‍ ഹോട്ടല്‍ വിട്ടുപോകരുതെന്ന നിര്‍ദേശം ലംഘിച്ചു, രാജ്യത്തിനും ക്രിക്കറ്റ് ബോര്‍ഡിനും നാണക്കേടുണ്ടാക്കി എന്നീ കുറ്റങ്ങളാണ് കളിക്കാര്‍ക്കെതിരെ ചുമത്തിയത്. കളിക്കാര്‍ക്ക് നിര്‍ബന്ധിത കൗണ്‍സിലിംഗ് നല്‍കാനും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

ഇം​ഗ്ലണ്ട് പര്യടനത്തിനിടെ ബയോ സെക്യുർ ബബ്ബിൾ ലംഘിച്ചതിന് മൂന്ന് കളിക്കാരെയും ഉടന്‍ സസ്പെന്‍ഡ് ചെയ്യുകയും നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി ടീമിന്റെ ബയോ സെക്യുർ ബബ്ബിളിൽ നിന്ന് പുറത്തുകടന്ന് കുശാൽ മെൻഡിസും നിരോഷൻ ഡിക്‌വെല്ലയെയും ലണ്ടനിലെ മാർക്കറ്റിലൂടെ കറങ്ങി നടക്കുന്ന ചിത്രങ്ങളും വീഡിയോയും സമൂമഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗുണതിലകയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയയില്‍ ഗുണതിലകയില്ല.

കാർഡിഫിലാണ് ഇംഗ്ലണ്ട് -ശ്രീലങ്ക ടി20 പരമ്പര നടന്നത്. ഇവിടെ ലങ്കൻ താരങ്ങൾക്ക് പുറത്തുപോവാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഏകദിന പരമ്പര നടന്ന ഡർഹാമിൽ കൊവിഡ് രോ​ഗബാധിതരുടെ എണ്ണം കൂടുതലായതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. കളിക്കാർക്ക് ടീം ഹോട്ടൽ വിട്ട് പുറത്തുപോവാൻ അനുവാദമുണ്ടായിരുന്നില്ല.

click me!