ശ്രീലങ്കന്‍ പര്യടനം; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Jul 30, 2021, 7:21 PM IST
Highlights

ചാഹലിനും ഗൗതമിനും പുറമെ സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ദീപക് ചാഹര്‍, ഹര്‍ദ്ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, ഇഷാന്‍ കിഷന്‍ എന്നിവരെയും ക്രുനാലിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐസോലേഷനിലേക്ക് മാറ്റിയിരുന്നു.

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കളിച്ച രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിനും കെ ഗൗതമിനുമാണ് കൗവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രണ്ടാം ടി20ക്ക് തൊട്ടു മുമ്പ് ഓള്‍ റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ക്രുനാലുമായി അടുത്തിടപഴകിയ എട്ട് താരങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ചാഹലും ഗൗതമും.

ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് മുമ്പ് ക്രുനാലിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്രുനാലുമായി അടുത്തിടപഴകിയ എട്ട് കളിക്കാരെ ഐസോലേഷനിലേക്ക് മാറ്റിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ചാഹലും ഗൗതമും ഐസോലേഷനിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് അറിയിച്ചു.

ചാഹലിനും ഗൗതമിനും പുറമെ സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ദീപക് ചാഹര്‍, ഹര്‍ദ്ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, ഇഷാന്‍ കിഷന്‍ എന്നിവരെയും ക്രുനാലിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐസോലേഷനിലേക്ക് മാറ്റിയിരുന്നു. ഇതില്‍ സൂര്യകുമാറും പൃഥ്വി ഷായും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്.

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് മുമ്പ് എട്ടോളം താരങ്ങള്‍ ഐസോലേഷനിലായതോടെ റിസര്‍വ് താരങ്ങളെയാണ് ഇന്ത്യ കളത്തിലറക്കിയത്. ബാറ്റ്സ്മാന്‍മാരെ തികക്കാന്‍ പാടുപെട്ട ഇന്ത്യ രണ്ട് മത്സരത്തിലും അഞ്ച് ബാറ്റ്സ്മാന്‍മാരുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ഏകദിന പരമ്പര ജയിച്ച ഇന്ത്യ ടി20 പരമ്പര ഇന്ത്യ 2-1ന് തോറ്റിരുന്നു.

click me!