8 വര്‍ഷത്തിനുശേഷമുള്ള ബിസിസിഐ കരാര്‍, ലോകകപ്പ് ടീമിലെത്താമെന്ന ശുഭപ്രതീക്ഷയില്‍ സഞ്ജു

By Web TeamFirst Published Mar 27, 2023, 6:49 PM IST
Highlights

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം കളിച്ച സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായതോടെ സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമായിരുന്നു.

മുംബൈ: കഴിഞ്ഞ ദിവസം ബിസിസിഐ അടുത്ത ഒരു വര്‍ഷത്തേക്കുള്ള കളിക്കാരുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മലയാളികള്‍ക്കും സന്തോഷിക്കാന്‍ വകയുണ്ടായിരുന്നു. കാരണം, നീണ്ട എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി താരം സഞ്ജു സാംസണും ബിസിസിഐ വാര്‍ഷിക കരാര്‍ നല്‍കിയിരിക്കുന്നു. 2015ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറി പലതവണ ടീമില്‍ വന്നും പോയും ഇരുന്നെങ്കിലും ബിസിസിഐ ആദ്യമായാണ് സ‍ഞ്ജുവിനെ വാര്‍ഷിക കരാര്‍ നല്‍കുന്നത്.

ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് വാര്‍ഷിക കരാര്‍ ലഭിച്ചത് സഞ്ജുവിനൊപ്പം മലയാളികള്‍ക്കും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള സാധ്യത കൂട്ടാന്‍ പുതിയ കരാറിലൂടെ സഞ്ജുവിന് കഴിയുമെന്നാണ് കരുതുന്നത്. സഞ്ജുവിനെക്കാള്‍ കൂടുതല്‍ അവസരം ലഭിക്കുന്ന ഇഷാന്‍ കിഷനും സഞ്ജുവിനൊപ്പം സി ഗ്രേഡ് കരാറാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്.

BCCI Central Contract update:

Promoted:
Jadeja: A to A+.
Axar: B to A.
Hardik: C to A.
Surya, Gill: C to B.

C contract:
Ishan, Hooda, Kuldeep, Samson, Arshdeep and KS.

Demoted:
KL: A to B.
Shardul: B to C.

Dropped:
Bhuvi, Rahane, Ishant, Vihari, Saha, Chahar and Mayank.

— Mufaddal Vohra (@mufaddal_vohra)

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം കളിച്ച സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായതോടെ സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമായിരുന്നു. ശ്രേയസ് അയ്യര്‍ക്ക് പരിക്കുമൂലം കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവസാനം കളിച്ച 10 ഏകദിനങ്ങളില്‍ 66 ബാറ്റിംഗ് ശരാശരിയുള്ള സഞ്ജുവാണ് പെര്‍ഫെക്ട് ചോയ്സെന്ന് മുന്‍ താരങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഐപിഎല്‍: ശ്രേയസ് അയ്യര്‍ക്ക് പകരം സര്‍പ്രൈസ് നായകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത, സുനില്‍ നരെയ്നെ പരിഗണിച്ചില്ല

എന്നാല്‍ കളിക്കാര്‍ക്ക് അടിക്കടി പരിക്കേല്‍ക്കുന്ന സാഹചര്യം മുന്നില്‍ക്കണ്ടാണ് സ‍ഞ്ജുവിനെ ബിസിസിഐ ഇപ്പോള്‍ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയത് എന്നതാണ് വസ്തുത. ശ്രേയസ് അയ്യരുടെ പരിക്കും റിഷഭ് പന്ത് എന്ന് തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്തതതും ഇഷാന്‍ കിഷന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും ഏകദിനങ്ങളിലെ മങ്ങിയ ഫോമും  സഞ്ജുവിനെ കൂടി കരാറില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐയെ നിര്‍ബന്ധിതരാക്കുകയായിരുന്നു.

ശ്രേയസും റിഷഭ് പന്തും ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇതിന് സമയപരിധി നിശ്ചയിക്കാനാവാത്തതിനാല്‍ സഞ്ജുവിനെപ്പോലൊരു താരത്തെ കൂടി കരാറില്‍ ഉള്‍പ്പെടുത്തി പകരക്കാരുടെ നിരയെ സജ്ജമാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. എന്തായാലും ഐപിഎല്ലിന് മുമ്പ് ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടത് സഞ്ജുവിന് ലഭിക്കുന്ന അധിക ഊര്‍ജ്ജം ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന് ഗുണകരമാകുമെന്നാണ് കരുതുന്നത്.

click me!