ഐപിഎല്‍: ശ്രേയസ് അയ്യര്‍ക്ക് പകരം സര്‍പ്രൈസ് നായകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത, സുനില്‍ നരെയ്നെ പരിഗണിച്ചില്ല
2018 മുതല്‍ കൊല്‍ക്കത്ത ടീമിലെ അവിഭാജ്യ ഘടകമാണ് നിതീഷ് റാണ. മുഖ്യ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിന് കീഴില്‍ നിതീഷിന് ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങാനാവുമെന്ന് കൊല്‍ക്കത്ത വാര്‍ത്താക്കുറിപ്പില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പകരം നായകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മധ്യനിരയിലെ വിശ്വസ്തനായ നീതീഷ് റാണയാണ് ശ്രേയസിന് പകരം ഇത്തവണ കൊല്‍ക്കത്തയെ നയിക്കുക. ശ്രേയസിന് ഐപിഎല്‍ പൂര്‍ണമായും നഷ്ടമാകില്ലെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കൊല്‍ക്കത്ത.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റിനിടെയാണ് ശ്രേയസിന് പുറംവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ശ്രേയസ് ബാറ്റിംഗിനിറങ്ങിയിരുന്നില്ല. പിന്നീട് വിശദ പരിശോധനകള്‍ക്ക് വിധേയനായ ശ്രേയസിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനാകുകയാണെങ്കില്‍ ശ്രേയസിന് ഐപിഎല്‍ പൂര്‍ണമായും നഷ്ടമാവും.
2018 മുതല്‍ കൊല്‍ക്കത്ത ടീമിലെ അവിഭാജ്യ ഘടകമാണ് നിതീഷ് റാണ. മുഖ്യ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിന് കീഴില്‍ നിതീഷിന് ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങാനാവുമെന്ന് കൊല്‍ക്കത്ത വാര്‍ത്താക്കുറിപ്പില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹി ടീമിനെ 12 ടി20 മത്സരങ്ങളില്‍ നയിച്ച് പരിചയമുണ്ടെങ്കിലും ഐപിഎല്ലില്‍ നിതീഷ് റാണ ആദ്യമായാണ് ക്യാപ്റ്റനാവുന്നത്. സയ്യിദ് മുഷ്താഖ് അലിയില്‍ എട്ട് ജയങ്ങള്‍ റാണക്ക് സ്വന്തമാക്കാനായിരുന്നു.
കൊല്‍ക്കത്തക്കായി 74 മത്സരങ്ങള്‍ കളിച്ച റാണ 135.61 പ്രഹരശേഷിയില്‍ 1744 റണ്‍സ് നേടിയിട്ടുണ്ട്. നേരത്തെ ഷര്‍ദ്ദുല്‍ ഠാക്കൂറിനെയോ സുനില്‍ നരെയ്നെയോ കൊല്‍ക്കത്ത നായകനായി പരിഗണിക്കുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഷര്‍ദ്ദുലിന് സാധ്യത കുറവായിരുന്നെങ്കിലും 2012 മുതല്‍ കൊല്‍ക്കത്ത താരമായിരുന്ന സുനില്‍ നരെയ്നെ ക്യാപ്റ്റനാക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആരാധകരെ പോലും അമ്പരപ്പിച്ചാണ് നിതീഷ് റാണയെ കൊല്‍ക്കത്ത നായകനായി തെരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച് 31ന് തുടങ്ങുന്ന ഐപിഎല്ലില്‍ ഏപ്രില്‍ ഒന്നിന് പഞ്ചാബ് കിംഗ്സിനെതിരെ ആണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.