പോരാട്ടവീര്യം മറന്ന് രോഹിത്തും സംഘവും, രാഹുല്‍ ദ്രാവിഡിന്‍റെ തണുപ്പന്‍ സമീപനം ടീം ഇന്ത്യക്ക് പാരയാകുന്നോ

Published : Jun 12, 2023, 09:01 AM IST
പോരാട്ടവീര്യം മറന്ന് രോഹിത്തും സംഘവും, രാഹുല്‍ ദ്രാവിഡിന്‍റെ തണുപ്പന്‍ സമീപനം ടീം ഇന്ത്യക്ക് പാരയാകുന്നോ

Synopsis

ഇന്ത്യന്‍ പരിശീലകനാവാന്‍ താല്‍പര്യമില്ലാതിരുന്ന ദ്രാവിഡിനെ ഗാംഗുലിയുടെ നിര്‍ബന്ധത്തിലാണ് സീനിയര്‍ ടീമിന്‍റെ പരിശീലകനാക്കിയത്. ജൂനിയര്‍ ടീമുകള്‍ക്കൊപ്പം ദ്രാവിഡ് സ്വന്തമാക്കിയ നേട്ടങ്ങളായിരുന്നു ഇതിന് കാരണം.

മുംബൈ: ക്യാപ്റ്റന്‍ വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും കീഴില്‍ ഇന്ത്യ പുറത്തെടുത്തിരുന്ന ആക്രമണോത്സുകത സമീപകാലത്ത് ഇന്ത്യന്‍ ടീമില്‍ കാണാത്തതിന് കാരണം ടീമിനെ പ്രചോദിപ്പിക്കാനാവാത്ത പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ തണുപ്പന്‍ സമീപനമാണെന്ന ആരോപണവുമായി ആരാധകര്‍. 2021ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായ ടീം ഇന്ത്യ വിരാട് കോലിയടക്കമുള്ള പ്രമുഖ താരങ്ങളാരും ഇല്ലാതിരുന്നിട്ടും രണ്ടാം നിര താരങ്ങളെവെച്ച് പരിശീലകന്‍ രവി ശാസ്ത്രിയുടെയും താല്‍ക്കാലിക ക്യാപ്റ്റായ അജിങ്ക്യാ രഹാനെയുടെയും പോരാട്ടവീര്യം ഒന്നുകൊണ്ട് മാത്രം 2-1ന് ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ചിട്ടുണ്ട്. എന്നാല്‍ ദ്രാവിഡ് പരിശീലകനായി എത്തിയതോടെ ഇന്ത്യയുടേത് മൊത്തത്തില്‍ നെഗറ്റീവ് സമീപനമാണെന്ന ആക്ഷേപം ശക്തമാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിര്‍ണായക ടോസ് നേടിയിട്ടും ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതും ലോക ഒന്നാം നമ്പര്‍ സ്പിന്നറായ അശ്വിനെ പുറത്തിരുത്തി നാലു പേസര്‍മാരുമായി ഇറങ്ങാനുള്ള ഇന്ത്യയുടെ തന്ത്രവുമെല്ലാം ഇതിന് തെളിവാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഓസീസ് ബാറ്റിംഗ് നിരയിലെ ആദ്യ എട്ടുപേരില്‍ അഞ്ചുപേരും ഇടം കൈയന്‍മാരായിരിക്കെയാണ് അശ്വിനെ പുറത്തിരുത്തിയത് എന്ന് ദ്രാവിഡിന്‍റെ സഹതാരമായിരുന്ന സച്ചിന്‍ പോലും ചൂണ്ടിക്കാട്ടുന്നു.

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് രവി ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡിനെ അന്നത്തെ ബിസിസിഐ പ്രസിഡന്‍റായിരുന്ന സൗരവ് ഗാംഗുലി പരിശീലകനായി തെരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ പരിശീലകനാവാന്‍ താല്‍പര്യമില്ലാതിരുന്ന ദ്രാവിഡിനെ ഗാംഗുലിയുടെ നിര്‍ബന്ധത്തിലാണ് സീനിയര്‍ ടീമിന്‍റെ പരിശീലകനാക്കിയത്. ജൂനിയര്‍ ടീമുകള്‍ക്കൊപ്പം ദ്രാവിഡ് സ്വന്തമാക്കിയ നേട്ടങ്ങളായിരുന്നു ഇതിന് കാരണം.

'എനിക്കിപ്പോഴും മനസിലാവുന്നില്ല' അശ്വിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സച്ചിന്‍

2021 നവംബറില്‍ ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റ ദ്രാവിഡിന് കീഴില്‍ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കി. പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പര 1-2ന് തോറ്റു. അതോടെ വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞു. ഇംഗ്ലണ്ടില്‍ ശാസ്ത്രിക്കും കോലിക്കും കീഴില്‍ 2-1ന് മുന്നിലായ പരമ്പരയിലെ അവസാന മത്സരം പൂര്‍ത്തിയാക്കാനായി ദ്രാവിഡിനും രോഹിത്തിനും കീഴില്‍ ഇന്ത്യ വീണ്ടും പോയി.  രോഹിത്തിന് പരിക്കേറ്റതിനാല്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിച്ച ടെസ്റ്റിലും ഇന്ത്യ ദയനീയമായി തോറ്റു. ഇതിന് ശേഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 2-0ന് ജയിച്ചെങ്കിലും രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ തോല്‍വി മുഖത്തു നിന്ന് അശ്വിന്‍റെയും ശ്രേയസിന്‍റെയും പോരാട്ടത്തില്‍ ഇന്ത്യ രക്ഷപ്പെടുകയായിരുന്നു.

പിന്നീട് നാട്ടില്‍ ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ 2-0 ലീഡെടുത്തശേഷം 2-2 സമനില വഴങ്ങി. ഇതിനിടെ ഏഷ്യാ കപ്പില്‍ ഫൈനലിലെത്താതെ പുറത്തായ ടീം ഇന്ത്യ ടി20 ലോകകപ്പില്‍ സെമിയില്‍ ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റിന് ദയനീയമായി തോറ്റു. സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പും അതിന് മുന്നോടിയായുള്ള വെസ്റ്റ് ഇന്‍ഡീസ് പരമ്പരയുമാണ് ദ്രാവിഡിന് മുന്നിലുള്ള അടുത്ത വെല്ലുവിളികള്‍. അതുകഴിഞ്ഞാല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് ദ്രാവിഡിന്‍റെ പരിശീലക കാലാവധി. ജൂനിയര്‍ തലത്തില്‍ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയ ദ്രാവിഡിന് സീനിയര്‍ തലത്തില്‍ ഒന്നും ചെയ്യാനാവാത്തത് ദ്രാവിഡ് ആരാധകരെയും നിരാശപ്പെടുത്തുന്നതാണ്.

തോല്‍വിക്ക് പിന്നാലെ കോലിയുടെ ദുരൂഹ ഇന്‍സ്റ്റ സ്റ്റോറി! കിളി പാറും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ മിനിലേലം: ധോണിയില്‍ തുടങ്ങുന്ന പട്ടിക, ചരിത്രത്തിലെ മൂല്യമേറിയ താരങ്ങള്‍
ഗില്ലിന് എ പ്ലസ്, സഞ്ജുവിന് പ്രമോഷൻ, രോ-കോയെ തരംതാഴ്ത്തും, കളിക്കാരുടെ വാര്‍ഷിക കരാര്‍ പുതുക്കാൻ ബിസിസിഐ